
തിരുവനന്തപുരം: ഓണക്കാലത്ത് യാത്രക്കാരെ പിഴിയാൻ കണ്ണുംനട്ട് ദീർഘദൂര സ്വകാര്യ ബസ്സുകള്‍.
ഓണത്തിന് നാട്ടിലെത്താൻ സ്പെഷ്യല്‍ ട്രെയിനുകളടക്കം നിറഞ്ഞതോടെ ടിക്കറ്റുകള്‍ കിട്ടാതായ യാത്രക്കാരാണ് സ്വകാര്യ ബസ്സുകളുടെ കൊള്ളയ്ക്ക് ഇരയാകുന്നത്.
സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് 1,000 രൂപയാണെങ്കില്‍ ഉത്രാടദിവസമായ സെപ്റ്റംബർ നാലിന് ഇതേ ടിക്കറ്റിന് ഈടാക്കുന്നത് 2,350 രൂപയാണ്.
അതായത്, മൂന്ന് ദിവസത്തെ ഇടവേളയില്‍ നിരക്കുയർത്തിയത് 135 ശതമാനത്തോളം.
കെ.എസ്.ആർ.ടി.സിയുടെ ഗരുഡ പ്രീമിയം സർവീസുകള്‍ പോലും ഈ റൂട്ടില്‍ 742 രൂപ ഈടാക്കുമ്പോഴാണ് പരിധിയില്ലാത്ത ഈ വർധന. കെ.എസ്.ആർ.ടി.സിയുടെ നോണ്‍ എ.സി ബസുകള്‍ക്ക് 466 രൂപയാണ് ഇതേ റൂട്ടിലെ നിരക്ക്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെപ്റ്റംബർ ഒന്നിന് സ്വകാര്യ ബസുകളില്‍ തിരുവനന്തപുരം-കോഴിക്കോട് യാത്രക്ക് 800 മുതല്‍ 1,400 രൂപ വരെയാണ് നിരക്കെങ്കില്‍ രണ്ടിന് 800 മുതല്‍ 1,700 വരെയും മൂന്നിന് 1,000 മുതല്‍ 2,250 വരെയും നാലിന് 1,100 മുതല്‍ 2,350 വരെയുമാണ്. സ്വന്തം നിലയില്‍ നിരക്ക് നിശ്ചയിച്ച് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലാത്തതാണ് ഇവർക്ക് അനുകൂലമാകുന്നത്. അമിത ടിക്കറ്റ് നിരക്കിനെതിരെ മുൻ വർഷങ്ങളില്‍ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നെങ്കിലും ഇക്കുറി അധികൃതരും നിശ്ശബ്ദരാണ്.



