
ഓണമെത്തിയാൽ സദ്യയാണ് താരം…! 26 കൂട്ടം വിഭവങ്ങള്‍ വിളമ്പി സദ്യ ഉണ്ണുന്നത് ഓണാഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകം; തൂശനിലയിട്ട് തിരുവോണ സദ്യ വിളമ്പിയാല്‍ കഴിക്കാനൊരു ക്രമമുണ്ട്; അറിയാം സദ്യ കഴിക്കേണ്ട രീതി….
സ്വന്തം ലേഖിക
കോട്ടയം: തിരുവോണ ദിനത്തിലെ പ്രധാന ഘടകമാണ് ഓണസദ്യ.
26 കൂട്ടം വിഭവങ്ങള്‍ വിളമ്പി സദ്യ ഉണ്ണുന്നത് ഓണാഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തതാണ്. ഈ 26 കൂട്ടവും വിളമ്പുന്നതിന് ഇലയില്‍ ഓരോ പ്രത്യേക സ്ഥാനവും ക്രമവും ഉണ്ട്. അതുപോലെ തന്നെ സദ്യ കഴിക്കുന്നതിനും ഒരു രീതിയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൂശനിലയുടെ തലഭാഗം കഴിക്കുന്നയാളുടെ ഇടത്ത് വശത്ത് വരുന്ന രീതിയിലാണ് ഇലയിടേണ്ടത്. സദ്യയിലെ ഓരോ വിഭവങ്ങള്‍ക്കും പ്രത്യേക സ്ഥാനമുണ്ട്. ആദ്യം ഉപ്പ് വിളമ്പണം. ഇതിന് പിന്നാലെ പപ്പടം, പഴം, ശര്‍ക്കര വരട്ടി, കായവറുത്തത് എന്നിവ വിളമ്പണം.
പുളി ഇഞ്ചി, അച്ചാര്‍, ഓലൻ, കാളൻ, എരിശേരി, പുളിശേരി, അവിയല്‍, കൂട്ടുകറി, തോരൻ, മെഴുക്കുപുരട്ടി, പച്ചടി, കിച്ചടി എന്നിങ്ങനെ പിന്നാലെ വിളമ്പണം. ഇലയുടെ നടുക്കായി ചോറ് വിളമ്പണം. ഇങ്ങനെയാണ് സദ്യ വിളമ്പേണ്ടതിന്റെ ക്രമം. ഇതിന് ശേഷം പരിപ്പും, നെയ്യും. അതിന് പിന്നാലെ സാമ്പാര്‍, മോരുകറി, ഉള്ളി തീയല്‍,രസം, സംഭാരം, ഒടുവില്‍ പായസവും.
ഓണസദ്യ കഴിക്കുന്നതിനും ഒരു രീതിയുണ്ട്. എല്ലാത്തരം പച്ചക്കറികളും ഉപയോഗിച്ചാണ് ഓണസദ്യ തയ്യാറാക്കുന്നത്. ഓണസദ്യയുടെ മുഴുവൻ സ്വാദും ആസ്വദിക്കണമെങ്കില്‍ സദ്യ കഴിക്കേണ്ട രീതിയില്‍ തന്നെ കഴിക്കണം.
മധുരം, പുളി, ഉപ്പ്, എരിവ്, കയപ്പ്, ചവര്‍പ്പ് എന്നിങ്ങനെ ആറ് രസങ്ങളാണ് ഉള്ളത്. ഇതേ ക്രമത്തില്‍ തന്നെയാണ് സദ്യ കഴിക്കേണ്ടതും. എല്ലാ വിഭവങ്ങളും വിളമ്പിത്തീരുമ്പോള്‍ ആദ്യം ശര്‍ക്കരവരട്ടിയും കായവറുത്തതുമാണ് കഴിക്കേണ്ടത്. അടുത്തതായി ചോറ് കഴിക്കാം. നെയ്യും പരിപ്പും കൂട്ടിയാണ് ചോറ് ആദ്യം കഴിക്കേണ്ടത്. ഇതിന് ശേഷം പുളിയിഞ്ചി കൂട്ടണം.
പുളിയിഞ്ചിക്ക് ശേഷം ആദ്യം മധുരമുള്ള കറികള്‍ കൂട്ടണം. പൈനാപ്പിള്‍ പച്ചടി ഉണ്ടെങ്കില്‍ അത് പിന്നീട് കൂട്ടുകറി അടുത്തത് മത്തൻ എരിശ്ശേരി അല്ലെങ്കില്‍ കാളനും അവിയലും പച്ചടിയും എരിശ്ശേരിയും എന്നിങ്ങനെ മാറി മാറി കഴിക്കാം.
ഏതു കറി കഴിച്ചാലും ഒരല്‍പം ഓലൻ കഴിച്ചിട്ട് അടുത്ത കറി കഴിക്കുന്നതാണ് നല്ലത്. കാരണം, ഓലൻ കഴിക്കുമ്പോള്‍ നാവ് വൃത്തിയാകും. അതിനാല്‍ ഓരോ കറിയുടെയും യഥാര്‍ത്ഥ രുചി ആസ്വദിച്ച് കഴിക്കാനാകും. മധുരവും പുളിയും ഉള്ള കറികള്‍ കഴിച്ച് കഴിഞ്ഞാല്‍ പിന്നീട് ഉപ്പും എരിവുമുള്ള വിഭവങ്ങളാണ് കഴിക്കേണ്ടത്. അച്ചാര്‍, പച്ചടി, തോരൻ എന്നിവ കഴിക്കാം. കയ്പ്പും ചവര്‍പ്പും ഉള്ള കറികള്‍ സദ്യയില്‍ പൊതുവേ കുറവാണ്.
ചോറും സാമ്പാറും കഴിച്ച് കഴിഞ്ഞാല്‍ ചോറും രസവും കഴിക്കാം. അവസാനം പായസം കഴിക്കാം. പായസം കഴിച്ചതിന് ശേഷം മോര് കൂട്ടി വീണ്ടും ചോറ് കഴിക്കണം. അവസാനം മോരുകൂട്ടി ചോറുണ്ണുന്നത് ദഹനം ശരിയായി നടക്കാനും മധുരത്തിന്റെ ആലസ്യം കുറയ്ക്കാനും സഹായിക്കും. അച്ചാറും തോരനും അല്‍പ്പം ബാക്കി വച്ചാല്‍ മോരിനൊപ്പം കഴിക്കാം. ഒടുവില്‍ ഒരു പഴം കൂടി കഴിച്ചാല്‍ ഇല മടക്കാം. സദ്യക്കിടയില്‍ വെള്ളം കുടിക്കുമ്പോള്‍ ചൂട് വെള്ളം കുടിക്കുന്നതാണ് നല്ലത്.