
ഓണം വരെ ഇനി ഓൺലൈനിൽ പഠിക്കാം..! കേരളത്തിലെ സ്‌കൂളുകൾ തുറക്കുക ഓഗസ്റ്റിൽ മാത്രമെന്നു സൂചന; കോവിഡ് നിയന്ത്രണങ്ങൾ ഏറ്റവും കുടുതൽ സ്‌കൂളുകളിൽ
തേർഡ് ഐ ബ്യൂറോ
കൊച്ചി: പ്രളയത്തിനു ശേഷം മറ്റൊരു ഓണക്കാലം കൂടി കേരളത്തിനു നഷ്ടമാകുമെന്ന സൂചന നൽകി കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. കൊവിഡ് ശക്തമായി തുടരുന്നതിനാൽ , ഓഗസ്റ്റിനു ശേഷം മാത്രം സ്‌കൂളുകൾ തുറന്നാൽ മതിയെന്ന നിർദേശമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്.
ചുരുങ്ങിയത് രണ്ട് മാസത്തേക്ക് സ്‌കൂൾ തുറക്കുന്നത് വൈകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിഗമനം. ഓഗസ്റ്റ് മാസം 15ന് ശേഷം മാത്രമേ സ്‌കൂളുകൾ തുറക്കാൻ സാധ്യതയുള്ളുവെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പോക്രിയാൽ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമെ സ്‌കൂൾ തുറക്കാൻ അനുവദിക്കൂയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 16 മുതൽ അടച്ചിട്ട സ്‌കൂളുകൾ ജൂലായ് മുതൽ തുറക്കുമെന്നായിരുന്നു മെയ് അവസാനത്തെ റിപ്പോർട്ടുകൾ. ഇതോടെ കേരളത്തിൽ അടക്കം തുടങ്ങിയ ഓൺലൈൻ വിദ്യാഭ്യാസം തുടർന്നു കൊണ്ടുപോകേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഗ്രീൻ, ഓറഞ്ച് സോണുകളിലായിരിക്കും ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുക. തുടക്കത്തിൽ ഒമ്പതു മുതൽ 12 വരെയുള്ള ക്ലാസുകളായിരിക്കും തുടങ്ങുക. മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ മുതിർന്ന കുട്ടികൾ കൂടുതൽ ജാഗ്രത കാണിക്കുമെന്ന അനുമാനത്തിലാണിത്. സ്‌കൂൾ പൂർണമായും പ്രവർത്തനസജ്ജമാകുന്നതുവരെ ഒന്നുമുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ തുടങ്ങില്ല.
രണ്ടു വിദ്യാർത്ഥികൾ തമ്മിൽ ആറടി അകലം പാലിക്കേണ്ടതിനാൽ മുഴുവൻ കുട്ടികളെയും ഒരേ സമയം ക്ലാസിൽ ഇരുത്താനാകില്ല. അതിനാൽ ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ 15- 20 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പിനും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ് നടക്കുക.
ശേഷിക്കുന്ന സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷകൾ ജൂലൈ 1 മുതൽ 13 വരെ നടക്കും. രാവിലെ 10.30 മുതൽ 1.30 വരെയാണു പരീക്ഷ. 10ന് ഉത്തരക്കടലാസ് നൽകും. വിദ്യാർത്ഥികൾ മാസ്‌കും സുതാര്യമായ കുപ്പിയിൽ സാനിറ്റൈസറും കൊണ്ടുവരണം.സാമൂഹിക അകലം ഉറപ്പാക്കും. പൗരത്വ നിയമത്തിനെതിരായ സമരങ്ങളെ തുടർന്നു വടക്കുകിഴക്കൻ ഡൽഹിയിൽ മാറ്റിവച്ച 10, 12 ക്ലാസ് പരീക്ഷകളും ഇതോടൊപ്പം നടക്കും.
അതേസമയം കേരളത്തിൽ സ്‌കൂൾ പ്രവേശനം തുടങ്ങിക്കഴിഞ്ഞു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ സ്‌കൂൾ പ്രവേശനത്തിന് ഇനി ഓൺലൈനായി അപേക്ഷ നൽകാൻ അവസരം. കുട്ടികളുടെ ടി.സി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) വാങ്ങുന്നതിനും ഓൺലൈനായി അപേക്ഷിക്കാം. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പ്രവേശനവും ടിസിയുമാണ് സർക്കാർ ഓൺലൈനാക്കിയിരിക്കുന്നത്.