
കോട്ടയം: ജില്ലാതല ഓണാഘോഷ പരിപാടി ചിങ്ങനിലാവ് 2025ന് നാളെ തിരുനക്കര മൈതാനത്ത് തുടക്കമാകും. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കോട്ടയം നഗരസഭ എന്നിവ സംയുക്തമായി നടത്തുന്ന പരിപാടികൾ സെപ്റ്റംബർ 8 വരെയാണ് സംഘടിപ്പിക്കുന്നത്.
നാളെ വൈകുന്നേരം ആറിന് മന്ത്രി വിഎൻ വാസവന്‍ ഉദ്‌ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎൽഎ അധ്യക്ഷത വഹിക്കും. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഓണസന്ദേശം നല്‍കും. ഉദ്‌ഘാടന പരിപാടിക്കുശേഷം ജാസി ഗിഫ്‌റ്റിന്റെ സംഗീതപരിപാടി നടക്കും.
നാളെ രാവിലെ ഒന്‍പതു മുതല്‍ കോട്ടയം വൈഎംസിഎ ഹാളില്‍ അത്തപ്പൂക്കള മത്സവും പത്തു മുതല്‍ സിഎംഎസ് കോളജ് മൈതാനിയില്‍ സൗഹൃദ ക്രിക്കറ്റ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
സെപ്‌റ്റംബര്‍ നാലു മുതല്‍ ഏഴു വരെ ദിവസങ്ങളില്‍ വൈകുന്നേരം യഥാക്രമം വൈക്കം മാളവികയുടെ നാടകം ജീവിതത്തിന് ഒരു ആമുഖം, കോട്ടയം മഴവില്‍ മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേള, ഇടുക്കി കനല്‍ നാടന്‍ കലാസംഘം അവതരിപ്പിക്കുന്ന നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും, പ്രോജക്‌ട് ജി എസ് ബാന്‍ഡിന്റെ സംഗീതപരിപാടി എന്നിവ അരങ്ങേറും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും വിവിധ ദിവസങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
സെപ്‌റ്റംബര്‍ എട്ടിന് സമാപനച്ചടങ്ങിനു മുന്നോടിയായി വൈകിട്ട് നാലിന് പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നു തിരുനക്കര മൈതാനത്തേക്കു സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും. 5.30ന് തിരുനക്കര മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വിഎൻ വാസവന്‍ ഉദ്‌ഘാടനം ചെയ്യും. ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവ് നടന്‍ വിജയരാഘവനെ ചടങ്ങില്‍ ആദരിക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎൽഎ. അധ്യക്ഷത വഹിക്കും. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തും.
അത്തപ്പൂക്കള മത്സരം
ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള അത്തപ്പൂക്കള മത്സരം നാളെ രാവിലെ ഒന്‍പതു മുതല്‍ 12 വരെ വൈഎംസിഎ ഹാളില്‍ നടക്കും.
കോട്ടയം വൈഎംസിഎ ഗാന്ധിനഗര്‍ റോട്ടറി ക്ലബുമായി ചേര്‍ന്നു വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്‌ഥാപനങ്ങള്‍ക്കും ക്ലബ്ബുകള്‍ക്കുമായാണ് മത്സരം നടത്തുന്നത്. ആദ്യ മൂന്നു സ്‌ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 10,000 രൂപ, 7500 രൂപ, 5000 രൂപ എന്നിങ്ങനെ സമ്മാനത്തുക നല്‍കും. മുന്‍കൂട്ടി രജിസ്‌റ്റര്‍ ചെയ്യുന്ന 20 ടീമുകള്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
വിവരങ്ങള്‍ക്ക് 9447124222, 9400509367