മലയാളികൾക്ക് ഇന്ന് തിരുവോണം; ഓണക്കോടിയും പൂക്കളവും സദ്യവട്ടങ്ങളും ഒരുക്കി ആഘോഷ തിമിർപ്പിൽ

Spread the love

ഇന്ന് പൊന്നിൻചിങ്ങമാസത്തിലെ തിരുവോണം.ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ തിരുവോണ ലഹരിയിലാണ് നാടും നഗരവും.

ഓണക്കോടിയും പൂക്കളവും സദ്യവട്ടങ്ങളുമായി എല്ലാ വർഷങ്ങളിലേയും പോലെ വർണാഭമാണ് ഇക്കുറിയും തിരുവോണം. ഒത്തൊരുമയുടേയും സമത്വത്തിന്റെയും ഉത്സവമായ പൊന്നോണം മലയാളികൾക്ക് ഗൃഹാതുര സ്മരണകളുയർത്തുന്ന ഒന്നാണ്. വറുതിയുടെ കർക്കിടകം കടന്നാണ് സമൃദ്ധിയുടെ തിരുവോണം വന്നെത്തുന്നത്.

വിളവെടുപ്പിന് ശേഷമുള്ള പുത്തരിയും പുത്തനുടുപ്പുകളും പുഞ്ചിരിയുമായി നമ്മുടെ പൂർവികർ നടത്തിയിരുന്ന കൊയ്ത്തുത്സവത്തിന്, ആഘോഷത്തിന് തിരുവോണമെന്ന നാമകരണം എങ്ങനെ കൈവന്നുവെന്നത് ചരിത്രം പരിശോധിക്കുമ്പോൾ വെളിപ്പെടുന്നു. മറ്റ് ആഘോഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഓണത്തിനുള്ള സവിശേഷത ഇത് ആബാലവൃദ്ധം ജനങ്ങളെ ആകർഷിക്കുന്നതോടൊപ്പം സമൂഹത്തിലെ ചേരിതിരിവുകൾ മതത്തിന്റെയും ജാതിയുടേയും അതിർവരുമ്പുകൾ ഉല്ലംഘിക്കുന്നു എന്നുള്ളതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണം എല്ലാവരും ആഘോഷിക്കുന്നതിന്റെ പ്രധാന കാരണം നല്ല ആഹാരവും സദ്യയും തന്നെ. അത് ആർക്കും ആകാമല്ലോ. അതിന് ഒരു തടസ്സവുമില്ല. എന്നാൽ ഇതിനോടനുബന്ധിച്ചുണ്ടായിരുന്ന ചില അനുഷ്ഠാനങ്ങൾക്കെങ്കിലും കാലാകാലങ്ങളിൽ മാറ്റം വരികയോ അവ അപ്രത്യക്ഷമാകുകയോ ചെയ്തതായി കാണാം. അതിലൊന്നാണ് പൂവിളിയും പൂക്കളമൊരുക്കലും തുയിലുണർത്തലുമെല്ലാം. പോയകാലത്ത് ഗ്രാമങ്ങളിൽ ഓണക്കാലം പൂവിളികളാൽ മുഖരിതമായിരുന്നു. ”പൂവേ പോല പൂവേ പൂവേ” എന്ന പൂവിളി സന്ധ്യ കഴിഞ്ഞാൽ ഓരോ വീട്ടിൽ നിന്നും കുട്ടികൾ, പ്രത്യേകിച്ച് ആൺതരികൾ മുഴക്കുന്നു.

ഒരാൾ തുടങ്ങിയാൽ അയൽക്കാരനത് ഏറ്റെടുത്തു വിളിക്കുകയായി. കൂടുതൽ സ്ഫുടതയോടെ ഉച്ചത്തിൽ ആര് വിളിക്കുമെന്നതാണ് മത്സരം. അതുപോലെ ഒന്നാം ഓണം മുതൽ തൃക്കാരപ്പനെ (തൃക്കാക്കര അപ്പൻ ലോപിച്ചതാവാം) പൂജിക്കുന്നതും സജീവമായിരുന്നു.

അരനൂറ്റാണ്ട് പുറകിലെ ഓണക്കാലവും പൂവിളികളും ഇന്നും മനസ്സിലുണ്ട്. അടുത്ത ദിവസം വിരിയേണ്ട പൂക്കളെ വിളിച്ചുണർത്താനാണ് ഈ വാശിയോടെയുള്ള പൂവിളി. അന്ന് അറുത്തെടുത്തതിനേക്കാൾ സമൃദ്ധമായി പിറ്റേന്നും മുക്കുറ്റിയും തുമ്പയും മറ്റ് പേരുള്ളതും ഇല്ലാത്തതുമായ പൂക്കളും വിരിഞ്ഞുവിലസുന്നത് വിസ്മയത്തോടെ കണ്ടിരുന്ന ബാല്യകൗമാരങ്ങൾ.

അമ്പലപ്പറമ്പുകളിലും ഇല്ലപ്പറമ്പുകളിലും തറവാട്ടുതൊടിയിലുമെല്ലാം പലതരം പൂക്കളുടെ വർണ്ണപ്പൊലിമ തന്നെയായിരുന്നു. എന്നാൽ തുമ്പയും മുക്കുറ്റിയും തന്നെയാണ് ഓണപ്പൂക്കൾ. അവകൊണ്ട് ഒരുക്കുന്ന പൂക്കളത്തിന് പ്രത്യേക ചാരുതയുണ്ട്.