സ്വന്തം ലേഖകൻ
കൊച്ചി: ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ പുണ്യാളനായി മാറികഴിഞ്ഞു. കല്ലറയിലേക്കുള്ള ജനങ്ങളുടെ പ്രവാഹം തുടരുമ്പോൾ ‘വിശുദ്ധ’ ചർച്ചകളും സജീവം. . പ്രതിപക്ഷ നേതാവും വിവിധ സഭാ നേതൃത്വങ്ങളും വിശുദ്ധപദവിയിൽ നിലപാട് പറയുന്നു. ദൈവവിശ്വാസത്തിൽ അടിയുറച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഉമ്മൻ ചാണ്ടി കേരളത്തിന്റെ ജനമനസ്സിൽ വിശുദ്ധനാക്കപ്പെട്ടുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കണമെന്ന അഭിപ്രായം പലരും പറയുന്നു. എന്നാൽ ഇതിന്റെ നടപടിക്രമങ്ങൾ തനിക്കറിയില്ല. ഇക്കാര്യത്തിൽ സഭാ നേതൃത്വമാണു തീരുമാനമെടുക്കേണ്ടതെന്നും സതീശൻ പറഞ്ഞു.
ഓർത്തഡോക്‌സ് സഭാംഗമായിരുന്ന ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കുന്നതു സംബന്ധിച്ചുള്ള തീരുമാനമുണ്ടാകേണ്ടത് ഓർത്തഡോക്‌സ് സഭാനേതൃത്വത്തിൽ നിന്നാണെന്നായിരുന്നു പിന്നീടു സംസാരിച്ച മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ വാക്കുകൾ. എന്നാൽ, ഓർത്തഡോക്‌സ് സഭ അൽമായരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ സംഭവങ്ങൾ തനിക്കറിയില്ലെന്നും കർദിനാൾ വിശദീകരിച്ചു. ഇതിന്റെ സാധ്യതകൾ കുറവാണെന്ന വിലയിരുത്തലാണ് കർദിനാൾ പങ്കുവച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌നേഹത്തിന്റെ കൈവിളക്കായി നടന്ന മനുഷ്യനെ പരിശുദ്ധനായി പ്രഖ്യാപിക്കാൻ കാത്തിരിക്കേണ്ടതില്ലെന്നായിരുന്നു ഓർത്തഡോക്‌സ് സഭ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസിന്റെ വാക്കുകൾ. കാരണം കാരുണ്യത്തിന്റെ ഉറവ വറ്റാത്ത അദ്ദേഹം ഒരു പരിശുദ്ധനായിരുന്നു. എല്ലാം ദൈവം തീരുമാനിക്കട്ടെ. കേരളത്തിൽ അൽമായരെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റു പലയിടത്തും അതു സംഭവിച്ചിട്ടുണ്ടെന്നും കർദിനാൾ ആലഞ്ചേരിയുടെ പരാമർശത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. അതായത് ഉമ്മൻ ചാണ്ടിയെ പരിശുദ്ധനാക്കാനുള്ള സാധ്യതയാണ് ഓർത്തഡോക്‌സ് സഭാ ഭദ്രാസനാധിപൻ വിശദീകരിക്കുന്നത്.
53 വർഷം തുടർച്ചയായി നിയമസഭാ സാമാജികനാകുകയെന്നത് അപൂർവമാണെന്നും ഇനിയൊരു ഉമ്മൻ ചാണ്ടി ഇതുപോലെ ഉണ്ടാവില്ലെന്നും സ്പീക്കർ എ.എൻ.ഷംസീറും പ്രതികരിച്ചു.. പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷമായിരുന്നു ഈ അഭിപ്രായ പ്രകടനം. അരനൂറ്റാണ്ടിനു ശേഷം ഉമ്മൻ ചാണ്ടിയില്ലാത്ത നിയമസഭാ സമ്മേളനമാണ് ഇന്നു തുടങ്ങാൻ പോകുന്നതെന്നും അതിലേക്ക് ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെ നേരിട്ടു ക്ഷണിക്കാൻ എത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. സംസ്‌കാരത്തിന് ശേഷവും പ്രിയനേതാവിന്റെ കല്ലറയിലെത്തി മെഴുകുതിരികൾ തെളിയിക്കാനും പൂക്കൾ അർപ്പിക്കാനും നിരവധി പേരാണ് പുതുപ്പള്ളി പള്ളിയിലേക്ക് എത്തുന്നത്. ഇതോടെയാണ് ഉമ്മൻ ചാണ്ടിയെ ഓർത്തഡോക്‌സ് സഭ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ചിലർ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം ആരംഭിച്ചത്.
വളരെ വിശുദ്ധരായ സഭയുടെ പിതാക്കന്മാരെ തന്നെ അവർ കാലം ചെയ്ത ശേഷം പത്തുനാൽപ്പത് വർഷങ്ങൾക്ക് ശേഷമാണ് അവരെ വിശുദ്ധ പദവിയിലേക്ക് പരിഗണിക്കുന്ന പ്രക്രിയ തന്നെ ആരംഭിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇത് പെട്ടെന്ന് ചെയ്യാനാകുന്ന ഒരു കാര്യമല്ല. അതേസമയം വിശ്വാസികളുടെ മനസിൽ ഇപ്പോൾ നടക്കുന്നത് പോലെ പുതിയ തരംഗങ്ങൾ ഉണ്ടായി അവരുടെ മനസിൽ ഇതുപോലുള്ള ചിന്തകൾ ഉണ്ടാകുകയും ചെയ്യുന്നതിനെ അവരുടെ തലത്തിൽ ആദരവോടെ കൈകാര്യം ചെയ്യുന്ന പതിവുണ്ട്. അതിനെ ആരും നിഷേധിക്കാറില്ല. പക്ഷെ ഔദ്യോഗികമായ ഒരു അംഗീകാരം നൽകുന്ന നീണ്ട പ്രൊസസിന് ശേഷമാണ്.
വിശുദ്ധ പദവിയിലേക്ക് പരിഗണിക്കുന്നയാളിന്റെ ജീവിതത്തിലെ പോസിറ്റീവും നെഗറ്റീവുമായിട്ടുള്ള കാര്യങ്ങളെ കുറിച്ചുള്ള വിശദമായ പഠനം വേണം. അവരുടെ ജീവതത്തിലുണ്ടായ നൈർമല്യത്തെ കുറിച്ച് ഉൾക്കൊള്ളാൻ സാധിക്കണം. ചില അത്ഭുതങ്ങൾ നടന്നതായിട്ട് തെളിവുകൾ വേണം. പൊതുസമൂഹത്തിലെ ജനവികാരം യഥാർഥമാണോ എന്നറിയണം. പരോക്ഷമായി അദ്ദേഹത്തിന്റെ നന്മയിൽ നിന്ന് വ്യത്യസ്തമായി തിന്മകളും പരാജയങ്ങളും പോരായ്മകളും പാപങ്ങളും ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ കുറിച്ച് ഒരു പഠനം നടത്തി ശരിയായി മനസിലാക്കിയ ശേഷമാണ് വിശുദ്ധനായി ഉയർത്തുന്ന പ്രോസസിലേക്ക് കടക്കുക.
അതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ച് ശേഖരിക്കുന്ന തെളിവുകൾക്ക് പിന്നിലെ വാസ്തവം പരിശോധിക്കും. വികാരപരമായോ വ്യക്തിപരമായോ രാഷ്ട്രീയപരമോ ആയ താൽപര്യങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യമല്ല വിശുദ്ധ പദവി. ഇന്ത്യയിലെ ഓർത്തഡോക്‌സ് സഭയിൽ ഇതുവരെ അത്തരമൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ മറ്റ് സ്ഥലങ്ങളിലെ ഓർത്തഡോക്‌സ് സഭകളിൽ അൽമായരെയും വിശുദ്ധ പദവിയിലേക്ക് ഉയർത്തിയിട്ടുണ്ട്.