രണ്ടു പതിറ്റാണ്ട് ഒപ്പം നടന്ന ഓമനച്ചേട്ടന്റെ ചലനമറ്റ ശരീരം കണ്ട് വിങ്ങിപ്പൊട്ടി പല്ലാട്ട് ബ്രഹ്മദത്തൻ: ശാന്തനായ പല്ലാട്ട് ബ്രഹ്മദത്തന്റെ പാപ്പാൻ ഓമനച്ചേട്ടനെന്ന ദാമോദരൻനായർ നിര്യാതനായി; ആനയുടെ കണ്ണീർക്കാഴ്ചയുടെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ശാന്തസ്വഭാവിയായ കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തന്റെ പാപ്പാൻ ഓമനച്ചേട്ടൻ എന്ന ദാമോദരൻ നായർ നിര്യാതനായി. ആറു പതിറ്റാണ്ടോളമായി വിവിധ ആനകളുടെ പ്ാപ്പാനായിരുന്നു കൂരോപ്പട ളാക്കാട്ടൂർ കുന്നക്കാട്ട് ദാമോദരൻ നായർ എന്ന ഓമനച്ചേട്ടൻ (74 ). കഴിഞ്ഞ 22 വർഷമായി ബ്രഹ്മദത്തന്റെ പാപ്പാനായിരുന്നു. അൻപത് വർഷത്തിലേറെയായി വിവിധ ആനകളുടെ പാപ്പാനായും ജോലി ചെയ്തിട്ടുണ്ട്.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നു കുറച്ചു ദിവസമായി അവശതന അനുഭവപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ആനകളെ വഴി നടത്തുന്നവരിൽ കേരളത്തിലെ കാരണവന്മാരിൽ ഒരാളിയിരുന്നു ഓമനച്ചേട്ടൻ. 22 വർഷമായി കൊമ്പൻ ബ്രഹ്മദത്തനെ കൈപിടിച്ച് കൂടെ നടത്തിയ കരുതലും കരുത്തുമാണ് വ്യാഴാഴ്ച വിടപറഞ്ഞത്. കുറുമ്പും വമ്പും കാട്ടാതെ കൊച്ചു കുട്ടികൾക്കു പോലും അടുത്തു ചെല്ലാവുന്ന ശാന്തനാക്കി ബ്രഹ്മദത്തനെ മാറ്റിയ ശേഷമാണ് ഇദ്ദേഹം മടങ്ങുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓമനച്ചേട്ടന്റെ മൃതദേഹം ഇദ്ദേഹത്തിന്റെ കൂരോപ്പട ളാക്കാട്ടൂരിലെ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ അവസാനമായി ഒരു നോക്കു കാണാൻ കൊമ്പൻ ബ്രഹ്മദത്തനെ ഇവിടെ എത്തിച്ചിരുന്നു. ഇവിടെ എത്തിയ ആന കൈകൾ ഉയർത്തി കരയുന്ന കാഴ്ച ഇവിടെ കൂടി നിന്ന ആളുകളെ പോലും കണ്ണീരിലാഴ്ത്തി.
ആനകളെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ആനകൾ സ്‌നേഹിക്കുകയും ചെയ്തിരുന്ന അപൂർവ്വം പാപ്പാന്മാരിൽ ഒരാളായിരുന്നു ഓമന ചേട്ടനെന്ന് നാട്ടുകാർ ഓർമ്മിക്കുന്നു. ആറ് പതിറ്റാണ്ട് കാലത്തോളം ആനകളുമായി ഇണങ്ങിക്കഴിഞ്ഞിരുന്ന ഓമനചേട്ടൻ ആനപ്രേമികളുടെയും പ്രിയങ്കരനായിരുന്നു. മൃതദേഹം സംസ്‌കരിച്ചു.
എരമല്ലൂർ മലയിൽ കുടുംബാംഗം പരേതയായ വിജയമ്മയാണ് ഭാര്യ. മക്കൾ: പ്രദീപ് (രാജേഷ് ) പ്രീത, പ്രിയ. മരുമക്കൾ: അനിൽകുമാർ (മാലം), രാജേഷ് (ചെങ്ങളം, കല്യാൺ സിൽക്‌സ്), സിനി പ്രദീപ് (പുതുപ്പള്ളി).