വയനാട് ആദിവാസി പെൺകുട്ടിയുടെ പീഡനകേസിൽ ഒ.എം ജോർജ്ജിന്റെ ഒളിവു ജീവിതം ഇങ്ങനെ
സ്വന്തം ലേഖകൻ
കൽപ്പറ്റ: ആദിവാസിപെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം റിമാൻഡിലായ സുൽത്താൻബത്തേരി പഞ്ചായത്ത് മുൻപ്രസിഡന്റും കോൺഗ്രസ് നേതാവുമായ ഒഎം ജോർജ് ഒളിവിൽ കഴിഞ്ഞത് കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ. ജനുവരി 29ന് പീഡനവിവരം പുറത്തറിഞ്ഞ ഉടൻ ജോർജ് ഒളിവിൽ പോയിരുന്നു. ബത്തേരിയിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ ഗുണ്ടൽപേട്ടയിലേക്ക് ആണ് ഇയാൾ രക്ഷപെട്ടത്. തുടർന്ന് ശ്രീരംഗപട്ടണം, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലും ഒളിച്ച് താമസിച്ചു.
ഗുണ്ടൽപേട്ടയിലെത്തിയ ജോർജ്് അവിടെ നിന്നും ശ്രീരംഗപട്ടണത്തേക്ക് പോയിരുന്നു. അവിടെ ഉൾപ്രദേശത്തെ ഒരു ലോഡ്ജിൽ രണ്ട് ദിവസം തങ്ങി. എന്നാൽ തിരിച്ചറിയൽ കാർഡ് എടുക്കാത്തതിനാൽ രേഖപ്രകാരമായിരുന്നില്ല താമസം. ഇതിനാൽ പ്രധാനപ്പെട്ട ലോഡ്ജുകളിൽ ഒന്നും മുറി കിട്ടാതെയാണ് അവസാനം ഉൾപ്രദേശത്തുള്ള ലോഡ്ജിൽ രേഖയില്ലാതെ താമസിച്ചത്. എന്നാൽ പോലീസ് കർണ്ണാടകയിൽ അന്വേഷിക്കുന്നുണ്ടെന്ന സംശയത്തെ തുർന്ന് രണ്ട് ദിവസം മാത്രമാണ് ഇയാൾ ശ്രീരംഗപട്ടണത്ത് തങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് ബാംഗ്ലൂരിലേക്ക് പോയി. ഇവിടെയും തിരിച്ചറിയൽ കാർഡ് ഇല്ലാത്തതിനാൽ ജോർജിന് പ്രധാന ലോഡ്ജുകളിലും ഹോട്ടലുകളിലും മുറി ലഭിച്ചില്ല. ഇതോടെ ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമാണ് കഴിഞ്ഞത്. തുടർന്ന് മൈസൂരിലെത്തി പലയിടത്തായി കഴിച്ചുകൂട്ടി. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് തിരികെ എത്തിയത്. മൈസൂരിൽ നിന്നും ഒരു ലോറിയിൽ കയറി സുൽത്താൻബത്തേരിയിൽ തിരിച്ചെത്തുകയായിരുന്നു. ബത്തേരിയിലെ ബന്ധുവീട്ടിലേക്കാണ് ഇയാൾ പോയത്. പിന്നീട് ബന്ധുക്കളോടൊപ്പമെത്തിയാണ് ഒ എം ജോർജ് മാനന്തവാടിയിലെ എസ്എംഎസ് ഡിവൈഎസ്പി കുബേരൻ നമ്ബൂതിരിക്ക് മുമ്ബാകെ കീഴടങ്ങിയത്.
കീഴടങ്ങിയ ശേഷം പ്രതി ജോർജ് തന്നെയാണ് എല്ലാ കാര്യങ്ങളും പോലീസിനോട് പറഞ്ഞതെന്ന് ഡിവൈഎസ്പി പറഞ്ഞു. പെൺകുട്ടിയുമായി ജോർജ് നടത്തിയ അശ്ലീലചുവയുള്ള ഫോൺസംഭാഷണം ശാസ്ത്രീയമായി പരിശോധിക്കും. പ്രതിയെ ഒളിവിൽ കഴിയാൻ ആരെങ്കിലും സഹായിച്ചതായി ഇപ്പോൾ വിവരമില്ലെന്നും കസ്റ്റഡിയിൽ വാങ്ങുന്ന മുറക്ക് വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. പ്രതിയെ സഹായിച്ചവരുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകും.