play-sharp-fill
സ്‌പെഷ്യൽ ഒളിംപിക്‌സ് താരത്തിന് തണലൊരുക്കാൻ യൂത്ത് കോൺഗ്രസ്; സഹായവുമായി മോഹൻലാൽ ഫാൻസ്

സ്‌പെഷ്യൽ ഒളിംപിക്‌സ് താരത്തിന് തണലൊരുക്കാൻ യൂത്ത് കോൺഗ്രസ്; സഹായവുമായി മോഹൻലാൽ ഫാൻസ്

സ്വന്തം ലേഖകൻ

കുറവിലങ്ങാട്: ദേശീയ സ്‌പെഷ്യൽ സ്കൂൾ മീറ്റുകളിൽ തിളങ്ങുന്ന പ്രകടനം കാഴ്ചവച്ച ജോജോ ജോസിന് തണലൊരുക്കാൻ യൂത്ത് കോൺഗ്രസ്.

സംസ്ഥാനത്താകെ നടപ്പാക്കുന്ന യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായാണ് മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഓലിക്കാട് വലിയ നിരപ്പേൽ ജോജോ ജോസിന്റെ വീടിന്റെ പുനരുദ്ധാരണം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ഏറ്റെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശക്തമായ കാറ്റും മഴയും ആരംഭിച്ചതോടെ ജീർണ്ണാവസ്ഥയിലായ വീട്ടിൽ ജീവൻ കയ്യിൽ പിടിച്ചാണ് ഈ കുടുംബം കഴിയുന്നത്. മഴപെയ്താൽ മേൽക്കൂര ചോർന്നൊലിക്കും. ജോജോയുടെ ദുരവസ്ഥ നേരിൽ കണ്ട യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അരുൺ കൊച്ചുതറപ്പിൽ സഹായം വാഗ്ദാനം ചെയ്തു.

ഡൽഹിയിലും ആസ്സാമിലും ഉൾപ്പെടെ ദേശീയ സ്‌പെഷ്യൽ സ്കൂൾ ഒളിംപിക്‌സുകളിൽ ജോജോ കേരളത്തിനുവേണ്ടി മാറ്റുരച്ചിട്ടുണ്ട്. സ്പ്രിന്റ്, വോളിബോൾ, ഫുട്‌ബോൾ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുമുണ്ട്.

പരേതനായ ജോസ് ആന്റണിയുടെ മകനായ ജോജോ അമ്മ റീത്താമ്മയ്ക്കും, നഴ്സിങ് വിദ്യാർഥിനിയായ സഹോദരി റിൻസിക്കുമൊപ്പമാണ് താമസിക്കുന്നത്. മാതൃസഹോദരിയും ഒപ്പമുണ്ട്. റീത്താമ്മയുടെ തൊഴിലുറപ്പ് വേതനത്തിന്റെ തുച്ഛമായ വരുമാനത്തിലാണ് കുടുംബം പുലരുന്നത്. സ്കൂൾ ബസിൽ ക്ലീനറായി ജോലിക്കു പോകുന്ന ജോജോയുടെ ചെറിയ വരുമാനവും ലോക്ക്ഡൗണിൽ നിലച്ചു. സുമനസ്സുകളുടെ സഹായത്തോടെ ഓണത്തിന് മുമ്പായി വീട് തമാസയോഗ്യമാക്കാനാണ് യൂത്ത് കോൺഗ്രസ് പദ്ധതിയിടുന്നത്.

മെഗാസ്റ്റാർ മോഹൻലാലിന്റെ അറുപതാം ജന്മദിനത്തിൽ മോഹൻലാൽ ഫാൻസ് അസോസിയേഷൻ പാലാ ഏരിയ കമ്മിറ്റി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി ജോജോയ്ക്ക് പതിനായിരം രൂപ സഹായധനം കൈമാറി. യൂത്ത് കെയറിനെക്കുറിച്ചറിഞ്ഞ പ്രദീപ് പി നമ്പൂതിരിയാണ് സഹായിക്കാനുള്ള താല്പര്യം പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ ആർ ശശിധരൻ നായരെ അറിയിച്ചത്.

ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ അഖിൽ സി നന്ദൻ, പ്രദീപ് നമ്പൂതിരി, രഞ്ജിത്ത്, വിഷ്ണു എന്നിവർ ചേർന്ന് ജോജോയുടെ വീട്ടിലെത്തി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അരുൺ കൊച്ചുതറപ്പിൽ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, കോൺഗ്രസ് നേതാക്കളായ മണ്ഡലം പ്രസിഡന്റ് കെ എസ് അജികുമാർ, കെ വി മാത്യു, വിജികുമാർ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോയ്, മണ്ഡലം പ്രസിഡന്റ് സൈജു ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് സഹായം കൈമാറിയത്.