play-sharp-fill
ഒ.എൽ.എക്‌സിൽ വായ്പയുടെ പേരിൽ വൻ തട്ടിപ്പ്:  ക്രഡിറ്റ് സ്കോർ ശരിയാക്കാൻ വാങ്ങിയ ചെക്ക് വഴി തട്ടിയത് 60000 രൂപ : പുതുപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

ഒ.എൽ.എക്‌സിൽ വായ്പയുടെ പേരിൽ വൻ തട്ടിപ്പ്: ക്രഡിറ്റ് സ്കോർ ശരിയാക്കാൻ വാങ്ങിയ ചെക്ക് വഴി തട്ടിയത് 60000 രൂപ : പുതുപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

എ.കെ ശ്രീകുമാർ

കോട്ടയം: ഒഎൽഎക്‌സിൽ ഇരുചക്ര വാഹന വായ്പയ്ക്കായി അന്വേഷിച്ച യുവാവിനെ കബളിപ്പിച്ച് അരലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. പുതുപ്പള്ളി പരിയാരം പാലക്കുളത്ത് വീട്ടിൽ ഐജു മാത്യു (28)വിനെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്. ആലപ്പുഴ നെടുമുടി ചമ്പക്കുളം പുതിയ മഠത്തിൽ ടോം ജോർജിനെ കബളിപ്പിച്ച് 60,000 രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.


2019 ഡിസംബർ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുചക്ര വാഹനം വാങ്ങുന്നതിനായി വായ്പ ആവശ്യമുണ്ടെന്നു കാട്ടി ടോം ജോർജ് ഓഎൽഎക്‌സിൽ പരസ്യം നൽകിയിരുന്നു. ഇത് കണ്ടാണ് ഐജു മാത്യു ടോം ജോർജിനെ ഫോണിൽ ബന്ധപ്പെട്ടത്. ഐജു അറിയിച്ചത് അനുസരിച്ച് ടോം ജോർജ് വാട്‌സ്അപ്പിൽ വായ്പയ്ക്കു ആവശ്യമായ രേഖകൾ അയച്ചു നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു പരിശോധിച്ച ശേഷം, വായ്പ അനുവദിക്കുന്നിനു ആവശ്യമായ സിബിൽ സ്‌കോർ കുറവാണെന്നും, ഇത് കൂട്ടുന്നതിനായി 70,000 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ഐജു ടോമിനെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിപ്പിച്ച ടോം അക്കൗണ്ടിൽ 70,000 രൂപ നിക്ഷേപിച്ചു.
തുടർന്ന് ഫോണിൽ ബന്ധപ്പെട്ട ഐജു, ടോമിനോട് മാൾ ഓഫ് ജോയിയുടെ മുന്നിലെത്താൻ നിർദേശിച്ചു.

ഇത് അനുസരിച്ച് മാൾ ഓഫ് ജോയിയുടെ മുന്നിലെത്തി ഐജുവിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ, കുടയംപടി ഭാഗത്ത് എത്താൻ നിർദേശിച്ചു. ക്രഡിറ്റ് സ്‌കോർ വർധിപ്പിക്കുന്നതിന് ആവശ്യമായ രേഖകളും മൂന്നു ചെക്കും കുടയംപടി ഭാഗത്ത് വച്ച് ഐജുവിന് ടോം കൈമാറി. ഇതിനു ശേഷം ടോം വീട്ടിലെത്തിയപ്പോൾ ഐജുവിന് നൽകിയ ചെക്ക് ഉപയോഗിച്ച് 60,000 രൂപ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി കണ്ടെത്തി.

ചിങ്ങവനത്തെ ഫെഡറൽ ബാങ്കിൽ നിന്നുമാണ് പണം പിൻവലിച്ചതെന്നാണ് കണ്ടെത്തിയത്. തുടർന്ന് ടോം ബാങ്ക് അധികൃതരെ ബന്ധപ്പെട്ട് രണ്ടു ചെക്കുകളും ബ്ലോക്ക് ചെയ്യാൻ നിർദേശം നൽകി. തുടർന്ന് ഐജുവിനെ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് വെസ്റ്റ് പൊലീസ് സ്്‌റ്റേഷനിൽ എത്തി ടോം പരാതി നൽകുകയായിരുന്നു.

പുതുപ്പള്ളിയിലെ വീട്ടിൽ നിന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത പ്രതി മറ്റൊരു സ്ഥലത്തേയ്ക്കു താമസം മാറ്റിയതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പ്രതി കൈപ്പുഴ ഭാഗത്ത് വാടക വീട്ടിൽ ഒളിച്ചു താമസിക്കുന്നതായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

തുടർന്നു ഡിവൈ.എസ്.പി ആർ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത്, എ.എസ്.ഐ പി.എൻ മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.ജെ സജീവ്, വിനീഷ് പി.രാജൻ, സിവിൽ പൊലീസ് ഓഫിസർ കെ.ആർ ബൈജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾ കൂടുതൽ തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നു പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.