
ഓ.എൽ.എക്‌സ് വഴി കോട്ടയത്ത് വൻ തട്ടിപ്പ്: തട്ടിപ്പിലൂടെ സംഘടിപ്പിച്ച തുക ക്രിക്കറ്റ് വാതുവയ്പ്പിന്; മലപ്പുറം സ്വദേശിയായ തട്ടിപ്പുകാരൻ പൊലീസിന്റെ പിടിയിൽ
ക്രൈം ഡെസ്‌ക്
കോട്ടയം: ഒഎൽഎക്‌സ് വഴി ഐഫോൺ വിൽപ്പനയ്ക്കു വച്ച് മൊബൈൽ ഫോൺ കട ഉടമയിൽ നിന്നും 76,000 രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം പൊന്നാനി മാറൻചേരി പുറങ്ങ്ഭാഗം പന്തായിൽ വീട്ടിൽ മനൂപ് പന്തായിലിനെ(28)യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്. ബേക്കർ ജംഗ്ഷനിലെ മൊബൈൽ ഫോൺ കടയുടമയായ റിഫാജാണ് തട്ടിപ്പിന് ഇരയായത്.
ഇത്തരത്തിൽ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം പ്രതി ക്രിക്കറ്റ് വാതുവയ്പ്പിനായാണ് ഉപയോഗിക്കുന്നതെന്നു പൊലീസ് കണ്ടെത്തി. ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരത്തിന്റെ വാതുവയ്പ്പിനും, വരാനിരിക്കുന്ന ഐപിഎൽ മത്സരത്തിന്റെ വാതുവയ്പ്പിനും പണം മുടക്കിയതായാണ് പ്രതി പൊലീസിനോടു വെളിപ്പെടുത്തിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ സമാന രീതിയിൽ ഇയാൾ തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. സെക്കൻഡ് ഹാൻഡ് മൊബൈലിന്റെ വിൽപ്പനയ്ക്കായി റിഫാജ് ഓഎൽഎക്‌സിൽ പരസ്യം നൽകിയിരുന്നു. ഇത് കണ്ട് കഴിഞ്ഞ ഡിസംബറിലാണ് പ്രതി മനൂപ് ആദ്യമായി റിഫാജിനെ ഫോണിൽ ബന്ധപ്പെടുന്നത്. തുടർന്ന് പല തവണ വിളിച്ച് റിഫാജിന്റെ സൗഹൃദം നേടിയെടുത്തു.
ജനുവരി 15 ന് റിഫാജിനെ ഫോണിൽ ബന്ധപ്പെട്ട മനൂപ്, ഐഫോൺ 11 പ്രോ തന്റെ പക്കലുണ്ടെന്ന് അറിയിച്ചു. റിഫാജിനോട് 86000 രൂപയാണ് സെക്കൻഡ്ഹാൻഡ് ഫോണിനായി വില പറഞ്ഞത്. എന്നാൽ, 76,000 രൂപയിൽ ധാരണയിൽ എത്തുകയും ചെയ്തു. ഇത് അനുസരിച്ച് റിഫാജ്, മനൂപിന് 76000 രൂപ ഇയാൾ നിർദേശിച്ച അക്കൗണ്ടിലേയ്ക്കു ഇട്ടു നൽകുകയും ചെയ്തു. പണം ഉടൻ തന്നെ പിൻവലിച്ച മനൂപ് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് തട്ടിപ്പിന് ഇരയായതായി റിഫാജിന് മനസിലായത്. തുടർന്ന് ഇയാൾ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ തിരുവനന്തപുരത്ത് ഉണ്ടെന്നു കണ്ടെത്തി. തിരുവനന്തപുരത്തെ ഫോൺ ഫോറിൽ നിന്നും കാർഡ് സൈ്വപ്പ് ചെയ്ത് പ്രതി 7500 രൂപയുടെ ഫോൺ വാങ്ങിയതായി കണ്ടെത്തി. തുടർന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ നിർദേശാനുസരണം ഡിവൈ.എസ്.പി ആർ.ശ്രീകുമാറും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്.
തുടർന്ന് വെസ്റ്റ്് പ്രിൻസിപ്പൽ എസ്.ഐ ടി.ശ്രീജിത്ത്, ഗ്രേഡ് എസ്.ഐ സുരേഷ്, എ.എസ്.ഐ പി.എൻ മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ടി അനസ്, സിവിൽ പൊലീസ് ഓഫിസർ കെ.ആർ ബൈജു, എം.ദീപു എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.