
തേർഡ് ഐ ബ്യൂറോ
കോട്ടയം: സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കു വിൽക്കാൻ എത്തിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. ആർപ്പൂക്കര വില്ലൂന്നി ചിറയ്ക്കൽ താഴെ കൊല്ലമാത്തറവീട്ടിൽ സാബുവിന്റെ മകൻ കെൻസ് സാബു(26)വിനെയാണ് കടുത്തുരുത്തി എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും കാൽകിലോ കഞ്ചാവും, 25 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 10.30 നായിരുന്നു കേസിനാസ്പദമായ സംഭവം. മുട്ടുചിറ മേരീമാതാ ഐ.ടി.സിയ്ക്കു സമീപം വിദ്യാർത്ഥികൾക്കു കഞ്ചാവും ഹാഷിഷ് ഓയിലും അടക്കം വിൽക്കുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച രാവിലെ ബാഗിൽ ഹാഷിഷ് ഓയിലും, കഞ്ചാവുമായി കെൻസ് ഐടിസിയ്ക്കു സമീപം എത്തിയതായി പൊലീസ് സംഘത്തിനു വിവരം ലഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു, എസ്.ഐ ടി.എസ് റെനീഷിന്റെയും , എ.എസ്.ഐ പ്രമോദ് , ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ ലഹരി വിരുദ്ധ സേനാംഗങ്ങളായ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, രാകേഷ് എന്നിവരുടെയും നേതൃത്വത്തിൽ കെൻസിനെ പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ച കെൻസിനെ സാഹസികമായാണ് പിടികൂടിയത്. ഇയാളുടെ ബാഗിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലും ക്ഞ്ചാവും കണ്ടെത്തിയത്.
ഓഎൽഎക്‌സിൽ നിന്നും കാറുകൾ വാടകയ്ക്കു എടുത്ത ശേഷം കഞ്ചാവ് കടത്തുന്നതാണ് പ്രതിയുടെ രീതി. സുഹൃത്തുക്കളുടെയോ, മറ്റു യുവാക്കളുടെയോ പേരിലാണ് ഓഎൽഎക്‌സിൽ നിന്നും കാറുകൾ വാടകയ്ക്ക് എടുക്കുന്നത്. തുടർന്ന് തമിഴ്‌നാട്ടിലും കമ്പത്തും എത്തി കഞ്ചാവും ഹാഷിഷ് ഓയിലും കേരളത്തിലേയ്ക്കു കടത്തും. ഇത്തരത്തിൽ കഞ്ചാവും ഹാഷിഷ് ഓയിലും കടത്തുന്നതിനിടെ പൊലീസോ, എക്‌സൈസോ പരിശോധിക്കാൻ എത്തിയാൽ കാർ ഉപേക്ഷിച്ച് ഓടിരക്ഷപെടും.
കാറിന്റെ വാടക ചോദിച്ച് ഉടമ എത്തിയാൽ, ഭീഷണി മുഴക്കിയും ഗുണ്ടായിസത്തിലൂടെയും ഇവരെ വിരട്ടി ഓടിക്കും. മാസങ്ങൾക്കു മുൻപ് ആർപ്പൂക്കര – നീണ്ടൂർ റോഡിൽ കുട്ടോമ്പുറം ഷാപ്പിനു സമീപത്തു നിന്നും കഞ്ചാവുമായി പിടികൂടിയ എക്കോസ്‌പോട്ട് കാറും, കുടമാളൂരിൽ പെട്രോൾ പമ്പിലേയ്ക്കു ഇടിച്ചു കയറ്റിയ ബെലോനോ കാറും വാടകയ്ക്കു എടുത്തത് പ്രതിയാണെന്നും പൊലീസിനു സൂചനയുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.