പതിനൊന്ന് മാസത്തിനിടെ കാമുകനൊപ്പം ഒളിച്ചോടിയത് 2,869 ഭാര്യമാർ; വില്ലൻ മൊബൈൽ ഫോൺ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കഴിഞ്ഞ 11 മാസത്തിനിടെ കേരളത്തിൽ നിന്നും കാണാതായ വീട്ടമ്മമാരുടെ എണ്ണം 2,868. ഇതിൽ 2500ഓളം പേരെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെകുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. പരാതി നൽകുവാനോ കേസ് എടുക്കാനോ വീട്ടുകാർ തയ്യാറാകാറില്ല. കുടുംബത്തിന്റെ പേരും മഹിമയും പോകുമെന്നതിനാൽ ഒന്നും മിണ്ടാതെ പ്രശ്‌നം ഒതുക്കുകയാണ് പതിവ്. അന്വേഷണം നടത്തി കണ്ടെത്തിയവരിൽ വിരലിലെണ്ണാവുന്നവരൊഴിച്ച് മറ്റുള്ളവരെല്ലാം മിസ്ഡ് കോളിലും ചാറ്റിംഗിലുമൊക്കെയായി കാമുകന്മാർക്കൊപ്പം ഒളിച്ചോടിയവരാണ്. ഭർത്താവുമായി വഴക്കുണ്ടായതുമൂലം ബന്ധം ഉപേക്ഷിച്ച അപൂർവ്വം കേസുകളേയുള്ളൂ. ചേർത്തലയിൽനിന്ന് 15 വയസ്സുള്ള വിദ്യാർത്ഥിയുമായി ഗുരുനാഥ ഒളിച്ചോടിയതും പിതൃസഹോദരന്റെ ഭാര്യയുമായി വിദ്യാർത്ഥി ഒളിച്ചോടിയതും ഏതാനും ആഴ്ച മുമ്പായിരുന്നു. ഫെയ്‌സ്ബുക്കും വാട്ട്‌സ്അപ്പുമാണ് വില്ലനാകുന്നത്. ഭർത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടുന്ന യുവതികൾ കൈയ്യിലുള്ള പണം തീരുന്നതോടെ കാമുകനുമായി വഴക്കുണ്ടാകുകയും വഴിയാധാരമായി വീട്ടിലേക്ക് തിരികെ പോരുകയുമാണ് പതിവ്. ഫെയ്‌സ്ബുക്ക് വഴിയും വാട്ട്‌സ്അപ്പ് വഴിയും ചാറ്റിംഗിൽ ഏർപ്പെടുമ്പോൾ വലിയ സാമ്പത്തിക ശേഷിയും ഉയർന്ന ഉദ്യോഗവും ഉണ്ടെന്ന് കാമുകന്മാർ പറഞ്ഞ് യുവതികളെ പറ്റിക്കും. ഇതെല്ലാം വിശ്വസിച്ച് ഇറങ്ങി പുറപ്പെടുന്ന യുവതികൾ ചതി മനസ്സിലാവുന്നതോടെയാണ് തങ്ങൾക്ക് പറ്റിയ അബദ്ധം തിരിച്ചറിയുന്നത്. പലരേയും പിന്നീട് ഭർത്താവും മക്കളും ഏറ്റെടുക്കാൻ തയ്യാറാവുന്നില്ല. അമിതമദ്യപാനവും ലോട്ടറിയുമാണ് കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നതിന്റെ കാരണമായി വീട്ടമ്മമാർ പറയുന്നത്.