
ആലപ്പുഴ: തോട്ടപ്പള്ളിക്ക് സമീപം ഒറ്റപ്പനയില്‍ 57 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്.
ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ചെമ്പകപ്പള്ളി റംലത്തിനെ ഇന്നലെ വൈകിട്ട് ആണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റംലത്തിനെ പുറത്ത് കാണാത്തതിനെ തുടർന്ന് അയല്‍ക്കാരും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടത്.
അടുക്കള വാതില്‍ തുറന്ന നിലയിലായിരുന്നു. കാല്‍ നിലത്തും ശരീരം കട്ടിലിലുമായാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ ഷാള്‍ കുടുക്കിയ നിലയിലും കണ്ടെത്തി. വീട്ടിനുള്ളില്‍ മുളക് പൊടി വിതറിയിട്ടുണ്ട്. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലാണെന്നും കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്പലപ്പുഴ പൊലീസും ഫൊറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടുമായി ബന്ധമുള്ളതോ പരിചയമുള്ളവരില്‍ ആരെങ്കിലോ ആയിരിക്കാം റംലത്തിനെ അപായപ്പെടുത്തിയതെന്നാണ് സംശയം.
ഇന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റംലത്തിന്‍റെ പോസ്റ്റ് മോർട്ടം നടക്കും. ഇതിനുശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചുള്ള പരിശോധനയിലാണ് പൊലീസ്. റംലത്തിന്‍റെ ആഭരണങ്ങളോ, പണമോ നഷ്ടമായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
വർഷങ്ങളായി റംലത്ത് ഇവിടെ ഒറ്റയ്ക്കാണ് കഴിയുന്നത്. ബന്ധുക്കള്‍ സമീപ പ്രദേശങ്ങളില്‍ തന്നെ കഴിയുന്നവരുണ്ട്. ഇവരില്‍ നിന്നുള്‍പ്പടെ പൊലീസ് വിവരങ്ങള്‍ ശേഖരിക്കും.