ഒന്നരക്കോടിയുടെ നിരോധിത നോട്ടുകളുമായി അഞ്ച് പേർ പിടിയിൽ
സ്വന്തം ലേഖകൻ
കാസർകോട് : 1.5 കോടി രൂപയുടെ നിരോധിത നോട്ടുകളുമായി 5 കാസർകോട് സ്വദേശികൾ ഗോവയിൽ അറസ്റ്റിലായി. ആലംപാടി അകരപ്പള്ളം വീട്ടിൽ അബ്ദുൽ ഖാദർ (44), അണങ്കൂർ ടിവി സ്റ്റേഷൻ റോഡ് ബാരിക്കാട് ഹൗസിൽ ബി.സലീം (33), ചെങ്കള സിറ്റിസൻ നഗറിൽ റസാഖ് (45), മുട്ടത്തൊട്ടി ആലംപാടി ഏർമാളം ഹൗസിൽ അബൂബക്കർ സിദ്ദീഖ് (24), അണങ്കൂർ ടിവി സ്റ്റേഷൻ റോഡ് ബാരിക്കാട് വീട്ടിൽ ബി.യൂസഫ് (32) എന്നിവരാണു നിരോധിച്ച 1000 രൂപാ നോട്ടുകളുമായി പിടിയിലായത്.
കാസർകോട് റജിസ്‌ട്രേഷനിലുള്ള കാറും പൊലീസ് പിടിച്ചെടുത്തു.ഗോവ-കർണാടക അതിർത്തിയായ പൊള്ളം ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. കാറിനകത്ത് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറിലുണ്ടായിരുന്ന 5 പേരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നോർത്ത് ഗോവയിലെ മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ സംഘത്തിനു പണം കൈമാറുകയായിരുന്നു കാസർകോട് നിന്നുള്ളവരുടെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു. 5 ലക്ഷം രൂപ കമ്മിഷനു വേണ്ടിയാണ് നിരോധിത കറൻസി കടത്തിയതെന്ന് പിടിയിലായവർ പൊലീസിനോടു പറഞ്ഞു.
പഴയ നോട്ടുകൾ കയ്യിലുണ്ടെന്നറിഞ്ഞാൽ, 30 ശതമാനം കമ്മിഷൻ ഇനത്തിൽ നോട്ടുകൾ മാറ്റി നൽകാമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പു സംഘം സമീപിക്കും. കമ്മിഷൻ തുക മുൻകൂറായി നൽകണമെന്നും ആവശ്യപ്പെടും. കമ്മിഷൻ തുക വാങ്ങിയ ശേഷം, പഴയ നോട്ടുകളുമായി നേരത്തേ പറഞ്ഞുറപ്പിച്ച സ്ഥലത്ത് എത്താൻ നിർദേശിക്കും.
പഴയ നോട്ടുകളുമായി വാഹനത്തിൽ ആളുകൾ വരുന്നുണ്ടെന്ന വിവരം തട്ടിപ്പുകാർ തന്നെ പൊലീസിനെ അറിയിക്കും. പഴയ നോട്ടുകൾ പൊലീസ് പിടിച്ചതിനാൽ നേരത്തേ നൽകിയ കമ്മിഷൻ തുക തിരികെ നൽകാനാവില്ലെന്നു പറഞ്ഞ് ആ പണം തട്ടിപ്പുകാർ സ്വന്തമാക്കുകയും ചെയ്യും.