
കൊവിഡ് കാലത്ത് ബോറടിമാറ്റാൻ ചൂണ്ടയിടാൻ വള്ളത്തിൽ വേമ്പനാട്ട് കായലിൽ എത്തി: വള്ളം മുങ്ങിയ നാലംഗ സംഘത്തിൽ ഒരാളെ കാണാതായി; മൂന്നു പേരെ നാട്ടുകാർ രക്ഷിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കൊവിഡ് കാലത്ത് ബോറഡി മാറ്റാൻ വള്ളവും ചൂണ്ടയുമായി വെള്ളത്തിലിറങ്ങി അപകടം സംഭവിക്കുന്നത് കുമരകത്ത് വർദ്ധിക്കുന്നു. കുമരകത്ത് വേമ്പനാട്ട് കായലിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്ന് അപകടങ്ങളാണ് ഇത്തരത്തിൽ ഉണ്ടായിരിക്കുന്നത്. ഏറ്റവും ഒടുവിൽ തിങ്കളാഴ്ച ഉണ്ടായ അപകടത്തിൽ യുവാവിനെ കായലിൽ വീണു കാണാതാകുകയായിരുന്നു. രാത്രി വൈകിയും അഗ്നിരക്ഷാ സേനയും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.
കുമരകത്ത് വേമ്പനാട്ടുകായലിൽ ആലപ്പുഴയിൽ നിന്നും വള്ളത്തിൽ ചൂണ്ടയിടാൻ നാലംഗ സംഘത്തിനൊപ്പമെത്തിയ യുവാവിനെയാണ് വള്ളം മുങ്ങി കാണാതായത്. ഇയാൾക്കൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരെ നാട്ടുകാർ വെള്ളത്തിൽ നിന്നും സാഹസികമായി രക്ഷപെടുത്തുകയും ചെയ്തു. കണ്ണങ്കര തകടി വെളിയിൽ സുജിത്ത് (25)നെയാണ് കാണാതായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്കൊപ്പമുണ്ടായിരുന്ന അരുൺ പ്രസാദ്, ബിബിൻ, ഷാജു, എന്നിവരെ നാ്ട്ടുകാർ രക്ഷപെടുത്തി. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ ചീപ്പുങ്കലിന് പടിഞ്ഞാറ് പുത്തൻകായൽ ജെട്ടിക്കു സമീപത്തു വച്ചാണ് ഇവർ സഞ്ചരിച്ച വള്ളം മുങ്ങിയത്.
ആലപ്പുഴ കണ്ണങ്കരയിൽ നിന്നും ചൂണ്ടയിടുന്നതിനായാണ് നാലംഗ സംഘം വള്ളത്തിൽ എത്തിയത്. ചൂണ്ട ഇട്ടശേഷം തിരികെ മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച വള്ളം കാറ്റിലും കോളിലും പെട്ട് മുങ്ങുകയായിരുന്നു.
അപകടമുണ്ടായ ഉടൻ കാറ്റും കോളും വകവെക്കാതെ വള്ളത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ പുത്തൻകായൽ നിവാസികളായ ഷാജിയും മകൻ പ്രജിത്തും ,അനിയും ചേർന്ന്.അപകടമറിഞ്ഞെത്തിയ കുമരകം പൊലിസും ഫയർഫോഴ്‌സും നാട്ടുകാരും രാത്രി വൈകിയുംതിരച്ചിൽ നടത്തിവരുകയാണ്.
കഴിഞ്ഞ രണ്ടാഴ്ച മുൻപ് ഇത്തരത്തിൽ മീൻ പിടിക്കാൻ ചൂണ്ടയുമായി എത്തിയ നാലംഗ സംഘത്തെ ആലപ്പുഴയ്ക്കു പോകുകയായിരുന്ന ബോട്ട് ജീവനക്കാരാണ് രക്ഷപെടുത്തയത്. രണ്ടു ദിവസങ്ങൾക്കു ശേഷം സമാന രീതിയിൽ അപകടത്തിൽപ്പെട്ടവരെയും ബോട്ട് ജീവനക്കാർ രക്ഷപെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അപകടം ഉണ്ടായിരിക്കുന്നത്.