രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ്; മറ്റന്നാള്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും; മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ഉള്‍പ്പെടെ ആറ് പ്രതികളെയും മോചിപ്പിക്കാന്‍ ഉത്തരവായത് കഴിഞ്ഞദിവസം
സ്വന്തം ലേഖകന്‍
ദില്ലി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ്. പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ മറ്റന്നാള്‍ സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് പുനഃപരിശോധന ഹര്‍ജി നല്‍കും. കുറ്റവാളികളെ മോചിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. മോചിപ്പിക്കാനുള്ള ഉത്തരവ് വിശദമായി വാദം കേള്‍ക്കാതെയാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
കുറ്റവാളികളായ നളിനിയേയും മറ്റ് അഞ്ച് പേരെയും നവംബര്‍ 11 നാണ് സുപ്രീംകോടതി മോചിപ്പിക്കാന്‍ നിര്‍ദേശിച്ചത്. മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ ഉള്‍പ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാനാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാന്‍ കഴിഞ്ഞ മേയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പേരറിവാളന്റെ ഉത്തരവ് മറ്റ് പ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടിയതോടെയാണ് നളിനി ഉള്‍പ്പെടെയുള്ളവരെ മോചിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിലെ ആറ് പ്രതികളില്‍ രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, മുരുകന്‍ എന്നിവര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്.1991 മെയ് 21 – ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്.