വെളിച്ചെണ്ണ വില തിളയ്ക്കുന്നു; വില സർവകാല റെക്കോർഡിലേക്ക്; അവശ്യസാധനങ്ങളുടെ വില തൊട്ടാൽ പൊള്ളും

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില കുതിക്കുന്നു. മിക്ക സാധനങ്ങൾക്കും അഞ്ചു രൂപ മുതൽ പത്തു രൂപ വരെ കൂടിയിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്തുപോലും ഇത്രയും വില കയറിയിട്ടില്ലെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു.

വെളിച്ചെണ്ണ വിലയാണ് സഹിക്കാനാകാത്ത നിലയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നത്. മൊത്ത വിപണിയിൽ വെളിച്ചെണ്ണ വില കിലോഗ്രാമിന് ഇപ്പോൾ 350രൂപയാണ് വില. അധികം വൈകാതെ ഇത് 500 രൂപയിലേക്ക് എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്.

പച്ചത്തേങ്ങയുടെയും കൊപ്രയുടെയും വിലയിലുണ്ടായ റെക്കാഡ് വർദ്ധനവാണ് ഇതിന് കാരണം. ഒരുക്വിന്റൽ കൊപ്രയ്‌ക്ക് 21,000 രൂപയാണ് ഇപ്പോഴത്തെ വില. ഒരുകിലോ ഉണക്കത്തേങ്ങയ്‌ക്ക് 80 രൂപയാണ് ഇപ്പോൾ ചെറുകിട കച്ചവടക്കാർ വാങ്ങുന്നത്. പച്ചത്തേങ്ങ, കൊപ്ര, ഉണ്ടക്കൊപ്ര, രാജാപ്പുർ കൊപ്ര, കൊട്ടത്തേങ്ങ എന്നീ നാളികേര ഇനങ്ങളുടെയെല്ലാം വില റെക്കാഡിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ സെപ്റ്റംബർമുതൽ തേങ്ങവില കൂടിയത് കർഷകർക്ക് ഗുണകരമാണെങ്കിലും കൂടിയ വിലയും ആവശ്യത്തിന് തേങ്ങ കിട്ടാത്തതും നാളികേരാധിഷ്ഠിത വ്യവസായമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. തേങ്ങ ഉൽപ്പാദനത്തിൽ മുൻപന്തിയിലുള്ള രാജ്യങ്ങൾ ആഭ്യന്തര വ്യവസായ മേഖലയെ ശക്തിപ്പെടുത്താൻ പച്ചത്തേങ്ങയുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണിത്.

ലോകത്തെ പ്രമുഖ നാളീകേര ഉൽപ്പാദക രാജ്യമായ ഇൻഡോനേഷ്യ ആറുമാസത്തേക്കാണ് പച്ചത്തേങ്ങ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. തേങ്ങ അധിഷ്ഠിത വ്യവസായങ്ങൾക്കായി ചൈന ലോകത്ത് കിട്ടാവുന്നിടത്തുനിന്നൊക്കെ തേങ്ങ വാരിക്കൂട്ടുന്നതും വില ഉയർത്തിയിട്ടുണ്ട്.

മീൻ, ചിക്കൻ വിലയ്‌ക്കൊപ്പം പച്ചക്കറി വിലയും കയറിത്തുടങ്ങിയിട്ടുണ്ട്. സാമ്പാർ മുളകിന് (തൊണ്ടൻ മുളക്) കിലോയ്‌ക്ക് ഇപ്പോൾ എണ്ണൂറ് രൂപയാണ് വില. കഴിഞ്ഞ ഓണക്കാലത്തുപോലും ഇത്രയും വില കയറിയിട്ടില്ല.

പച്ചക്കറി വാങ്ങുമ്പോൾ സൗജന്യമായി നൽകിയിരുന്ന കാരി മുളകിന് കിലോയ്‌ക്ക് ഇപ്പോൾ 60 രൂപയാണ് വില. വെട്ടുപച്ചക്കറിക്കൊപ്പം കാരിമുളക് സൗജന്യമായി നൽകുന്നത് കച്ചവടക്കാർ നിറുത്തി.