ഓപ്പറേഷൻ ലൈഫ്;7 ജില്ലകളിലായി 4513 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി; പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ മന്ത്രി

Spread the love

തിരുവനന്തപുരം: വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വീണ്ടും മിന്നല്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

7 ജില്ലകളില്‍ നിന്നായി ആകെ 4513 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. ഒന്നര ആഴ്ച മുമ്പ് നടത്തിയ പരിശോധനകളില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയിരുന്നു. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഓണക്കാല പരിശോധനകള്‍ക്ക് പുറമേ പ്രത്യേക പരിശോധനകള്‍ കൂടി നടത്തിയത്. പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. പത്തനംതിട്ട 300 ലിറ്റര്‍, ഇടുക്കി 107 ലിറ്റര്‍, തൃശൂര്‍ 630 ലിറ്റര്‍, പാലക്കാട് 988 ലിറ്റര്‍, മലപ്പുറം 1943 ലിറ്റര്‍, കാസര്‍ഗോഡ് 545 ലിറ്റര്‍ എന്നിങ്ങനെയാണ് സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം ചെറുമുക്കിലെ റൈസ് & ഓയില്‍ മില്ലില്‍ നിന്നും സമീപത്തുള്ള ഗോഡൗണില്‍ നിന്നുമായി 735 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തു. വയനാട് നിന്നും 2 സ്റ്റാറ്റിയൂട്ടറി സാമ്പിള്‍ ശേഖരിച്ചെങ്കിലും സംശയാസ്പദമായ വെളിച്ചെണ്ണ കണ്ടെത്താനായില്ല. ആകെ 20 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു.

മായം ചേർകത്ത് ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്നവർക്കെതിരെ ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യക്തമാക്കി. ഭക്ഷണ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. പൊതുജനങ്ങള്‍ക്ക് വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 1125 ലേക്ക് അറിയിക്കാം.