
കാളികാവ്: കിഴക്കൻ മലയില്‍ നിന്നും ഇനി ഭക്ഷ്യഎണ്ണയായ പാമോയിലിന്റെ വിളവെടുപ്പും സാധ്യമാകും. റബർ മരങ്ങൾ വെട്ടി മാറ്റി പതിനഞ്ച് ഏക്കറിൽ എണ്ണപ്പന കൃഷി നടത്തിയ നിലമ്പൂർ സ്വദേശിയായ പൊട്ടംകുളം തോമസ് കെ. ജോർജിന്റെ പരിശ്രമം ഫലവത്താകുകയാണ്.
കാളികാവ് അടക്കാക്കുണ്ട് മാഞ്ചോല പ്രദേശത്താണ് ഇപ്പോൾ വിളവെടുപ്പിന് പാകമായി നിൽക്കുന്ന എണ്ണപ്പനകൾ ഉള്ളത്. റബറിന് പകരം വ്യാപാരസാധ്യതയുള്ള എണ്ണപ്പന കൃഷി നടത്തിയതോടെ പ്രദേശത്തെ മറ്റ് കർഷകർക്കും പുതിയ സാധ്യതകൾ തുറന്നിട്ടിരിക്കുകയാണ്.
മൂന്നു വർഷം മുൻപ് നട്ട തൈ വേഗത്തില്‍ വലുതായി. ഈ വർഷം എല്ലാ തൈകളിലും കുലകളായി. ഈ വർഷം ഒക്ടോബർ അവസാനത്തോടെ വിളവെടുക്കും. എണ്ണൂറോളം പനകളാണ് വിളവെടുപ്പിനായി ഒരുങ്ങി നില്‍ക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കിഴക്കൻ മേഖലയില്‍ ആദ്യമായാണ് എണ്ണപ്പന കൃഷി ചെയ്യുന്നത്. കൊല്ലത്ത് സർക്കാരിനു കീഴിലുള്ള ഒരു ഫാമില്‍ നിന്നാണ് തൈകള്‍ കൊണ്ടു വന്ന് നട്ടത്. ശാസ്ത്രീയമായ രീതിയില്‍ ചെയ്ത കൃഷി നിരാശപ്പെടുത്തിയില്ല. മൂന്നു വർഷം കഴിഞ്ഞ പനകളില്‍ എല്ലാം നിറയെ കുലകള്‍ വിരിഞ്ഞു.
മേഖലയില്‍ എണ്ണപ്പന കൃഷി വ്യാപകമാകുന്നതുവരെ വിളവെടുത്ത ഉത്‌പന്നങ്ങള്‍ കൊല്ലത്ത് ഫാമില്‍ എത്തിച്ചു കൊടുക്കാനാണ് പരിപാടി.
വലിയ വരുമാന സാധ്യത
വിളവെടുപ്പ് ആരംഭിച്ചാൽ എണ്ണപ്പന നൂറ് വർഷത്തിലധികം വിളവ് നൽകുമെന്ന് കർഷകൻ പറയുന്നു.
പനകൾ വളരുന്നതിനൊപ്പം ഇടവിടങ്ങളിൽ മറ്റ് വിളകളും കൃഷി ചെയ്യാനാകും.
റബർ കൃഷിയുമായി താരതമ്യം ചെയ്യുമ്പോൾ അധികം കൂലി ചെലവോ വളപ്രയോഗമോ വേണ്ടാത്തതിനാൽ എണ്ണപ്പന കൂടുതൽ ലാഭകരമാണെന്നും കർഷകൻ പറയുന്നു.
മലേഷ്യ, സിംഗപ്പൂർ, ഇൻഡോനേഷ്യ എന്നിവയാണ് ലോകത്ത് എണ്ണപ്പന കൃഷി ഏറ്റവും വ്യാപകമായ രാജ്യങ്ങൾ.