play-sharp-fill
തൃക്കാക്കര പണക്കിഴി വിവാദം; നഗരസഭാ ചെയ‌ർപേഴ്സൺ അജിതാ തങ്കപ്പന്റെ ഓഫീസ് സീൽ ചെയ്തു; നടപടി വിജിലൻസ് നിർദ്ദേശപ്രകാരം

തൃക്കാക്കര പണക്കിഴി വിവാദം; നഗരസഭാ ചെയ‌ർപേഴ്സൺ അജിതാ തങ്കപ്പന്റെ ഓഫീസ് സീൽ ചെയ്തു; നടപടി വിജിലൻസ് നിർദ്ദേശപ്രകാരം

സ്വന്തം ലേഖകൻ

കൊച്ചി: തൃക്കാക്കര പണക്കിഴി വിവാദത്തിൽ നഗരസഭാ ചെയ‌ർപേഴ്സൺ അജിതാ തങ്കപ്പന്റെ ഓഫീസ് വിജിലൻസിന്റെ ആവശ്യപ്രകാരം സീൽ ചെയ്തു. നഗരസഭാ സെക്രട്ടറിയാണ് ഓഫീസ് സീൽ ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വീഡിയോ ദൃശ്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച നഗരസഭാ അദ്ധ്യക്ഷ അജിതാ തങ്കപ്പന്റെ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തുകയും പണക്കിഴി അടങ്ങുന്ന ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭാ കൗൺസിലര്‍മാര്‍ കവറുമായി പോകുന്നത് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വെള്ളിയാഴ്ച വീണ്ടും പരിശോധനയ്ക്കായി വിജിലൻസ് സംഘം എത്തിയെങ്കിലും പരിശോധനയുമായി സഹകരിക്കാൻ നഗരസഭാ അദ്ധ്യക്ഷ കൂട്ടാക്കിയില്ല.

പരിശോധനയ്ക്കായി വിജിലൻസ് സംഘം എത്തുന്നതിനു മുമ്പ് അജിതാ തങ്കപ്പൻ ഓഫീസ് പൂട്ടി പുറത്തേക്ക് പോയി. ഒരുപാട് തവണ ഫോണിൽ ബന്ധപ്പെട്ടിട്ടും ഓഫീസിൽ വരാൻ അജിതാ തങ്കപ്പൻ കൂട്ടാക്കിയില്ല.

തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയ നഗരസഭാധ്യക്ഷയുടെ നടപടിയാണ് വിവാദമായത്. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് അജിത തങ്കപ്പൻ സമ്മാനിച്ചത്. കൗൺസിലർമാരിൽ ചിലർ കവർ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തായത്.