വിപണി കീഴടക്കി ഒടിയൻ നക്ഷത്രവും കൊച്ചുണ്ണി നക്ഷത്രവും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ക്രിസ്മസിന് വിപണി കീഴടക്കി ഒടിയൻനക്ഷത്രവും കൊച്ചുണ്ണി നക്ഷത്രവും. വിവിധ വലിപ്പത്തിലും വർണത്തിലും ആകൃതികളിലുമുള്ള നക്ഷത്രങ്ങളിൽ രൂപവൈവിദ്ധ്യവും സൗന്ദര്യവും കൊണ്ട് ‘ഒടിയൻ മാണിക്യ’നും ‘കായംകുളം കൊച്ചുണ്ണി’യുമാണ് വിപണിയിൽ മിന്നിത്തിളങ്ങുന്നത്. കാഴ്ചയിലെ ഭംഗിയും കൗതുകവുമാണ് ഒടിയൻ ‘മാണിക്യ’നെ ഹിറ്റാക്കിയത്. ഗോൾഡ്, വെള്ളി, പച്ച, വയലറ്റ് ചുവപ്പ് നിറങ്ങളിൽ ‘മാണിക്യ’നെ കിട്ടും.700 രൂപ മുതലാണ് വില. മോഹൻലാൽ അതിഥിതാരമായ ,സ്‌നേഹത്തിന്റെയും നൻമയുടെയും സന്ദേശം പകരുന്ന ‘കായംകുളം കൊച്ചുണ്ണി’യും ഫഹദ് ഫാസിലിന്റെ ‘വരുത്തനും’ കളം കൊഴുപ്പിക്കാൻ രംഗത്തുണ്ട്.
ഓഖി ദുരന്തത്തിൽ ശോകമൂകമായിപോയ കഴിഞ്ഞ ക്രിസ്മസ് വിപണിയിലും പുലിമുരുകനെന്ന സിനിമപ്പേരിലാണ് നക്ഷത്രങ്ങളുടെ കച്ചവടം സജീവമായത് . ജിമിക്കി കമ്മൽ വാൽ നക്ഷത്രം ഇത്തവണയും പുറത്താകാതെ വിപണിയിലുണ്ട്. ചൈനയിൽ നിന്നാണ് നിറയെ ഇല്യൂമിനേഷൻ ലൈറ്റുകൾ പതിച്ച ഇവയുടെ വരവ്. വിവിധ നിറത്തിലും തരത്തിലുമുള്ള പേപ്പർ നക്ഷത്രങ്ങളും വിപണിയിലുണ്ട്. 50 ഇതളുകളുള്ള വലിയ നക്ഷത്രങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. 100 രൂപ മുതൽ 7000 രൂപ വരെ വിലയിൽ നക്ഷത്രങ്ങൾ ലഭിക്കും. ഫൈബർ പ്ലാസ്റ്റിക് നാരുകളിൽ തീർത്ത വെള്ള ക്രിസ്മസ് ട്രീയാണ് വിപണിയിലെ മറ്റൊരുതാരം. പച്ച, സിൽവർ നിറങ്ങളിലുള്ള പൈൻമരങ്ങൾ, മഞ്ഞുതുള്ളികളുള്ള മിസ്റ്റ് ട്രീ, എൽ.ഇ.ഡി ലൈറ്റുകളോടു കൂടിയ ട്രീകൾ എന്നിവയും വിൽപ്പനയ്ക്കുണ്ട്. പത്തടി മുതൽ 70 അടി വരെയാണ് വലിപ്പമുള്ള ഇവയ്ക്ക് 70 മുതൽ 6,500 രൂപവരെയാണ് വില. വീടും പരസിരവും പലനിറങ്ങളിൽ തിളങ്ങുന്ന എൽ.ഇ.ഡി റൊട്ടേഷൻ ബൾബുകളാൽ അലങ്കരിക്കുന്നതാണ് ന്യൂജെൻ സ്റ്റൈൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group