ഒടിയനെതിരെ നടക്കുന്ന നെഗറ്റിവ് പബ്ലിസിറ്റിക്ക് പിന്നിൽ ദിലീപോ?
സ്വന്തം ലേഖകൻ
ഒടിയൻ സിനിമക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന നെഗറ്റിവ് പബ്ലിസിറ്റിക്ക് പിന്നിൽ ദിലീപ് പക്ഷമാണോ എന്ന് പറയാൻ തന്റെ കയ്യിൽ തെളിവുകളൊന്നും ഇല്ലെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. ‘ഒരു ആസൂത്രിതമായ ആക്രമണം എന്റെ സിനിമക്ക് നേരെ നടക്കുന്നുണ്ട്. ഇവിടെ നേരത്തെ സൂചിപ്പിച്ച സിനിമ രംഗത്തെ തന്നെ ചില കേസുകളുമായി ബന്ധപ്പെട്ട് എന്റെ പേര് കടന്നു വന്നിരുന്നു. അതിന്റെ തുടർച്ചയാണോ ഇതെന്നും ഉറപ്പിച്ചു പറയാൻ കഴിയില്ല. എന്റെ കയ്യിൽ അത് പ്രൂവ് ചെയ്യാൻ തെളിവുകളൊന്നനും ഇല്ല.’ ഒടിയൻ സിനിമക്ക് നേരെ നടക്കുന്ന നെഗറ്റിവ് പബ്ലിസിറ്റിക്ക് പിന്നിൽ ദിലീപ് പക്ഷം ആണോ എന്ന ചോദ്യത്തിന് മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസ് ശ്രീകുമാർ മേനോനെയും ചോദ്യം ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് അന്വേഷണം സംഘം ശ്രീകുമാർ മേനോനെ ചോദ്യം ചെയ്തത്. ദിലീപും മഞ്ജു വാര്യരും പിരിഞ്ഞ ശേഷം ശ്രീകുമാർ മേനോൻ ചെയ്ത പരസ്യത്തിലായിരുന്നു മഞ്ജു വാര്യർ രണ്ടാം വരവിൽ കാമറയ്ക്ക് മുന്നിലെത്തിയത്. അതെ സമയം തനിക്കെതിരെ ആക്രമണം നടത്തുന്നവർ മുഴുവൻ മോഹൻലാൽ ഫാൻസ് ആണെന്ന് താൻ കരുതുന്നില്ലെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. വളരെ പ്ലാൻഡ് ആയിട്ടുള്ള ആക്രമണമാണ് അവ. ഇത് മലയാള സിനിമയിൽ കാണുന്ന ഒരു പുതിയ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ തോൽപിച്ചു കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അവർ അനുഭവിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ഇത് കൂവിത്തോൽപ്പിക്കലായിരുന്നു. എന്നാൽ ഇപ്പോൾ കുറെക്കൂടി എളുപ്പമുള്ള സോഷ്യൽ മീഡിയ കമന്റുകളാണ് ആയുധം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമയുടെ ആദ്യപ്രദർശനം തുടങ്ങി ടൈറ്റിൽ പ്രത്യക്ഷപ്പെടുമ്പോൾ മുതൽ ക്ലൈമാക്‌സ് മോശമാണെന്ന് കമന്റുകൾ വരാൻ തുടങ്ങിയിരുന്നെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ ഒരു താരത്തെയോ സംവിധായകനെയോ മാത്രമല്ല ഇൻഡസ്ട്രിയെ മൊത്തം ബാധിക്കുന്നുണ്ടെന്ന് ഒടിയനെ ആക്രമിക്കുന്നവർ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ പടം വരുമ്പോൾ മറ്റേയാൾ തോൽപ്പിക്കുകയും മറ്റേയാളുടെ പടം വരുമ്പോൾ ഇയാൾ തോൽപ്പിക്കുകയും ചെയ്യുന്നത് ഇൻഡസ്ട്രിയെ തോൽപ്പിക്കലാണ്. പണ്ട് കൂവാൻ ആളുകളെ കൂലിക്ക് എടുക്കുന്ന പ്രവണത നിലനിന്നിരുന്നു. ഇപ്പോൾ സൈബർ ആക്രമണങ്ങൾക്കു വേണ്ടിയാണ് കൂലിക്കെടുക്കുന്നത്. പലരും വ്യാജ പ്രൊഫൈലുകളാണ് പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കുന്നത്. കുടുംബ പ്രേക്ഷകർക്കു കൂടി ആസ്വദിക്കാവുന്ന സിനിമയാണിത്. ഈ പ്രേക്ഷകർ ആദ്യദിനങ്ങളിൽ തിയറ്ററിലെത്തണമെന്നില്ലെന്നും ശ്രീകുമാർ മേനോൻ ചൂണ്ടിക്കാട്ടി.