play-sharp-fill
ഒടിയന് അടിയായി ഹർത്താൽ: റിലീസ് ദിനത്തിലെ ഹർത്താൽ തകർത്തത് ചരിത്രമാകാനിരുന്ന പ്രതീക്ഷകളെ; ഒടിയൻ ജൂനിയർ മാൻഡ്രേക്ക് തന്നെ; റിലീസ് മാറ്റി വച്ചേയ്ക്കും

ഒടിയന് അടിയായി ഹർത്താൽ: റിലീസ് ദിനത്തിലെ ഹർത്താൽ തകർത്തത് ചരിത്രമാകാനിരുന്ന പ്രതീക്ഷകളെ; ഒടിയൻ ജൂനിയർ മാൻഡ്രേക്ക് തന്നെ; റിലീസ് മാറ്റി വച്ചേയ്ക്കും

തിരുവനന്തപുരം: തുടർച്ചയായുണ്ടായ തിരിച്ചടികൾക്കു പിന്നാലെ റിലീസ് ദിനത്തിലെ ഹർത്താലിലൂടെ ഒടിയൻ വമ്പൻ തിരിച്ചടി. സംവിധായകൻ ശ്രീകുമാർ മേനോനും, നായിക മഞ്ജു വാര്യർക്കും പരിക്കേറ്റതിനു പിന്നാലെ റിലീസ് തീയതിയിൽ എത്തിയ ഹർത്താൽ കൂടിയായതോടെ ഒടിയൻ യഥാർത്ഥത്തിൽ ജൂനിയർ മാൻഡ്രേക്ക് ആണെന്ന രീതിയിലാണ് വാർത്തകൾ ഇപ്പോൾ പുറത്ത് വരുന്നത്. ഒടിയന്റെ ആദ്യ ദിവസത്തെ ഷോകളുടെയെല്ലാം ടിക്കറ്റ് പൂർണ്ണമായും ബുക്ക് ചെയ്തിരിക്കുന്നതിനിടെയാണ് ഇപ്പോൾ ഇത്തരത്തിൽ റിലീസ് തീയതിയിൽ തന്നെ ഹർത്താൽ എത്തിയിരിക്കുന്നത്. ഇത് വൻ തിരിച്ചടിയാണ് നിർമ്മാതാക്കൾക്ക് അടക്കം നൽകിയിരിക്കുന്നത്. ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഒടിയന്റെ റിലീസ് വീണ്ടും നീട്ടി വച്ചേയ്ക്കുമെന്ന് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.
ഡിസംബർ 14 വെള്ളിയാഴ്ചയാണ് മോഹൻലാലിന്റെ ഒടിയൻ റിലീസ് തീരുമാനിച്ചിരുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകൾ സംസ്ഥാനത്ത് എമ്പാടും ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ചേർന്ന് പൂർത്തിയാക്കിയിരുന്നു. സിനിമയെ സ്വീകരിക്കുന്നതിനായി വേണ്ട ഒരുക്കങ്ങളെല്ലാം അണിയറയിൽ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത്. ഇത് കടുത്ത നിരാശയാണ് അണിയറ പ്രവർത്തകർക്കും, മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകർക്കും, സിനിമാ പ്രേമികൾക്കും ഉണ്ടാക്കിയിരിക്കുന്നത്. ഇതേ തുടർന്ന് വിവിധ വാട്‌സ്അപ്പ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ശക്തമായ പ്രതിഷേധം ഇവർ ഉയർത്തിക്കഴിഞ്ഞിട്ടുണ്ട്.
ഇതിനിടെ മായ വിദ്യകൾ അറിയുന്ന ഒടിയന്റെ കഥ പറയുന്നത് സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും വൻ തിരിച്ചടിയാകുന്നു എന്ന പ്രചാരണവും ശക്തമായിട്ടുണ്ട്. സംവിധായകൻ ശ്രീകുമാർ മേനോനാണ് ആദ്യം ഇതിന്റെ കെടുതി അനുഭവിക്കേണ്ടി വന്നത്. എസ്‌ക്കലേറ്ററിൽ നിന്ന് വീണ് പരിക്കേറ്റ മേനോൻ ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇതിനിടെ ഷൂട്ടിംഗ് സൈറ്റിൽ വച്ച് വീണ് സിനിമയിലെ നായിക മഞ്ജു വാരിയർക്കും പരിക്കേറ്റിരുന്നു. ഇതിനെല്ലാം പുറമേയാണ് സിനിമയുടെ റിലീസ് ദിവസം തന്നെ എത്തിയ ഹർത്താൽ എല്ലാം തകിടം മറിച്ചിരിക്കുന്നത്.
നേരത്തെ രണ്ടു തവണ റിലീസ് തീയതി മാറ്റി വച്ച ശേഷമാണ് ഒടിയൻ പുറത്തിറങ്ങാൻ അന്തിമ തീരുമാനം എടുത്തത്. എന്നാൽ, ഈ ദിവസവും മാറ്റേണ്ടി വന്നിരിക്കുകയാണ്. സിനിമയുടെ ആദ്യ ദിനത്തിലെ ടിക്കറ്റുകൾ ഏതാണ്ട് പൂർണമായും ബുക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ റിലീസ് എങ്ങിനെ നടത്തുമെന്ന ആശങ്കയിലാണ് തീയറ്റർ ഉടമകൾ. വൈകാരികമായ വിഷയത്തിൽ ബിജെപി നടത്തുന്ന ഹർത്താലിൽ വ്യാപകമായി അക്രമമുണ്ടാകുമെന്നാണ് തീയറ്റർ ഉടമകൾ ഭയക്കുന്നത്. അതുകൊണ്ടു തന്നെ സിനിമ റിലീസ് ചെയ്താൽ തങ്ങളുടെ സ്ഥാപനങ്ങൾക്ക് വൻ നഷ്ടമുണ്ടാകുമെന്നാണ് ഇവർ കരുതുന്നത്. ഈ സാഹചര്യത്തിൽ റിലീസ് മാറ്റി വച്ചേക്കുമെന്നാണ് കരുതുന്നത്.

സിനിമാ ഡെസ്‌ക്