play-sharp-fill
ഓച്ചിറ തട്ടിക്കൊണ്ടു പോകൽ: പീഡനം ഒഴിവാക്കാൻ പെൺകുട്ടിയെ പുരുഷവേഷം കെട്ടിക്കാൻ നിർദേശിച്ച് പൊലീസ്; പ്രതികൾ ബംഗളൂരുവിലേയ്ക്ക് കടന്നെന്ന് പൊലീസ്; മൂന്നു ദിവസം കഴിഞ്ഞിട്ടും പെൺകുട്ടിയെ കണ്ടെത്താനായില്ല; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പെൺകുട്ടിയുടെ വീട് സന്ദർശിച്ചു; മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ

ഓച്ചിറ തട്ടിക്കൊണ്ടു പോകൽ: പീഡനം ഒഴിവാക്കാൻ പെൺകുട്ടിയെ പുരുഷവേഷം കെട്ടിക്കാൻ നിർദേശിച്ച് പൊലീസ്; പ്രതികൾ ബംഗളൂരുവിലേയ്ക്ക് കടന്നെന്ന് പൊലീസ്; മൂന്നു ദിവസം കഴിഞ്ഞിട്ടും പെൺകുട്ടിയെ കണ്ടെത്താനായില്ല; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പെൺകുട്ടിയുടെ വീട് സന്ദർശിച്ചു; മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ

സ്വന്തം ലേഖകൻ
കൊല്ലം: ഓച്ചിറയിൽ രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ പൊലീസിന്റെ അനാസ്ഥ കൂടുതൽ വെളിവായി. നേരത്തെ പെൺകുട്ടിയെ യുവാവ് പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതിപ്പെട്ടപ്പോൾ, കുട്ടിയെ പുരുഷ വേഷം കെട്ടിച്ച് നടത്താനായിരുന്നു പൊലീസ് നിർദേശിച്ചത്. ഇത് അടക്കം പൊലീസിന്റെ വീഴ്ചകൾ ഓരോന്നായി പുറത്തു വരികയാണ്. ഇതിനിടെ പോക്‌സോ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തെങ്കിലും സിപിഐ നേതാവിന്റെ മകൻ പ്രതിയായ കേസ് ഒതുക്കാനാണ് ശ്രമമെന്നും ആരോപണം ഉയരുന്നുണ്ട്. ഇതിനിടെയാണ് വെള്ളിയാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പെൺകുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചത്. അന്വേഷണം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ കേസിലെ മൂന്നു പ്രതികളെ ബംഗളൂരുവിൽ നിന്നും പൊലീസ് പിടികൂടി. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി ഓച്ചിറ പായിക്കുഴി മോഴൂർതറയിൽ പ്യാരി (19), പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ ഓടിച്ച പായിക്കുഴി കുറ്റിത്തറയിൽ അനന്തു (20), ചങ്ങൻകുളങ്ങര തണ്ടാശ്ശേരിൽ തെക്കതിൽ വിപിൻ (18) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കരുനാഗപ്പള്ളി കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കാർ വാടകയ്ക്ക് എടുത്തു നൽകിയ ഇവരുടെ സുഹൃത്തിനെയും ബന്ധുവായ കാർ ഉടമയെയും കസ്റ്റഡിയിൽ എടുത്തെങ്കിലും നേരിട്ട് പങ്കില്ലാത്തതിനാൽ വിട്ടയച്ചു. പ്യാരിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ ചെയ്തു.
അതേസമയം, ബംഗളൂരുവിലേക്ക് കടന്നെന്നു കരുതുന്ന മുഖ്യപ്രതി റോഷനെയും പെൺകുട്ടിയെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഓച്ചിറ എസ്.ഐ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
ഒരു വർഷം മുൻപ് തന്റെ പെൺമക്കൾക്ക് നേരെ പീഡനശ്രമം നടന്നിരുന്നതായി തട്ടിക്കൊണ്ടു പോകലിനു ഇരയായ രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയുടെ പിതാവ് പറയുന്നു. സ്‌ക്കൂളിലേക്ക് പോകും വഴി ശല്യം ചെയ്യുകയും കടന്നു പിടിക്കുകയുമായിരുന്നു. അന്ന് ഓച്ചിറ പൊലീസ് സ്റ്റേഷനിൽ പരാതിപെട്ടപ്പോൾ പൊലീസുദ്യോഗസ്ഥർ പറഞ്ഞത് പെൺമക്കളെ ആൺകുട്ടികളായി തോന്നുന്ന വിധത്തിൽ വളർത്തിയാൽ മതിയെന്നായിരുന്നു.
അതിനായുള്ള മാർഗവും പൊലീസ് പറഞ്ഞു കൊടുത്തു. മുടി പറ്റെ വെട്ടി, ആൺകുട്ടികളുടെ വേഷം ധരിപ്പിച്ചാൽ മതി എന്നായിരുന്നു. ഇതിൻ പ്രകാരം കുട്ടികളുടെ മുടി വെട്ടി ആൺകുട്ടികളുടെ വേഷം ധരിപ്പിച്ചായിരുന്നു പുറത്ത് വിട്ടിരുന്നത്. ഇയാൾക്ക് ഏഴ് കുട്ടികളാണ്. അഞ്ച് പെൺ കുട്ടികളും രണ്ട് ആൺകുട്ടികളും. ഇതര സംസ്ഥാനക്കാരൻ ആയതിനാൽ പൊലീസ് ഇപ്പോഴും കുട്ടിയെ കണ്ടെത്തുന്ന കാര്യത്തിൽ അലംഭാവം കാട്ടുന്നു എന്ന ആക്ഷേപം ശക്തമാകുന്നു. സോഷ്യൽമീഡിയയിലുൾപ്പെടെ വിഷയം വലിയ ചർച്ചയായിട്ടുണ്ട്.
പെൺകുട്ടിയുമായി തട്ടിക്കൊണ്ടുപോയ സംഘം ബാംഗ്ലൂരിൽ ഉണ്ട് എന്നാണ് പൊലീസിന് ലഭിച്ച വിവരം. പൊലീസ് ഇവരെ പിൻതുടരുകയാണ്. മേമന സിപിഐ ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകൻ റോഷൻ, റോഷന്റെ സുഹൃത്തുക്കളായ പ്യാരി, വിപിൻ, അനന്തു എന്നിവരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. കഞ്ചാവ് മാഫിയയുടെ കണ്ണികളാണ് പ്രതികളെന്നും സൂചനകൾ വന്നിട്ടുണ്ട്.
പ്യാരി എന്നയാൾക്കെതിരെ കഴിഞ്ഞ ആഴ്ച സമാന സംഭവത്തിൽ ഓച്ചിറ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. അയൽവാസിയായ പതിനേഴുകാരിയെ വീട്ടിൽ കയറി കടന്നുപിടിച്ചു എന്നതാണ് കേസ്. ഈ കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചു വരികയായിരുന്നുവെന്നാണ് ആക്ഷേപം. ഇതിനിടെയാണ് ഇയാൾ കൂടി ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.
18 ന് രാത്രിയിൽ പത്ത് മണിയോടെയായിരുന്നു സംഭവം. റോഷന്റെ നേതൃത്വത്തിലെത്തിയ സംഘം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോകുകയുമായിരുന്നു. ഈ സമയം പെൺകുട്ടിയെ രക്ഷിക്കാനെത്തിയ പിതാവിനെ റോഷൻ ആക്രമിക്കുകയും കൈ കടിച്ചു മുറിക്കുകയും ചെയ്തു. ശേഷം പെൺകുട്ടിയെ ബലമായി പിടിച്ചു വലിച്ച് സമീപത്തുള്ള പരബ്രഹ്മാ ആശുപത്രിയുടെ മുന്നിലെത്തിക്കുകയും അവിടെ പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ കയറ്റി കൊണ്ടു പോകുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും പെൺകുട്ടിയുമായി സംഘം കടന്നു.
രാത്രിയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം വിശ്രമിക്കുമ്പോഴാണ് റോഷനും സംഘവും ഇവിടെയെത്തിയതെന്ന് പിതാവ് പറയുന്നു. എത്തിയ പാടെ മകളെ പിടിച്ചു വലിച്ചു കൊണ്ടു പോകുകയായിരുന്നു. തടയാൻ ശ്രമിച്ച എന്നെയും ഭാര്യയെയും മറ്റു മക്കളെയും സംഘം മർദ്ദിച്ചു. ഈ സമയം പപ്പാ എന്നെ രക്ഷിക്കണെ എന്ന് പറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു. മർദ്ദനമേറ്റ് താഴെ വീണിടത്തു നിന്നും ഇവരുടെ പുറകെ ഓടി ചെന്നെങ്കിലും അവർ കാറിൽ കയറ്റി മകളെ കൊണ്ടുപോയെന്ന് അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു.
റോഷൻ ഒരു മാസം മുൻപും ഈ രീതിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു. പൊലീസ് ഇവരെ കണ്ടെത്തിയെങ്കിലും ഇയാളുടെ പിതാവ് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായതിനാൽ സ്ഥലം എംഎൽഎ ആർ.രാമചന്ദ്രൻ ഇടപെട്ട് കേസ് ഒതുക്കി തീർത്തുവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കൂടാതെ റോഷൻ ഇവരുടെ വീട്ടിൽ കയറി 25000 രൂപ മോഷ്ടിച്ചു എന്ന പരാതിയുമുണ്ട്. ഏതായാലും കേസ് ഒതുക്കാൻ നോക്കിയെങ്കിലും ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഇപ്പോൾ പ്രതികൾക്ക് എതിരെ പോക്‌സോ കേസ് എടുത്തിട്ടുണ്ട്.