play-sharp-fill
ജനാധിപത്യ പാത തെറ്റിക്കാനുള്ള മോദിയുടെ ശ്രമത്തെ ചെറുത്ത് തോൽപ്പിക്കണം: ഉമ്മൻചാണ്ടി

ജനാധിപത്യ പാത തെറ്റിക്കാനുള്ള മോദിയുടെ ശ്രമത്തെ ചെറുത്ത് തോൽപ്പിക്കണം: ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ

കോട്ടയം : രാജ്യത്തെ ജനാധിപത്യ പാത തകർക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാനുള്ള നിർണ്ണായക ആവസരമാണ് ഈ തിരഞ്ഞെടുപ്പ് എന്ന് എ.ഐ.സി. സി ജനറൽ സെക്രട്ടറി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എംഎൽഎ ആവശ്യപ്പെട്ടു. യുഡിഎഫ് യുവജന വിഭാഗം പാർലമെന്റ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി. മോദി ഒരു തവണ കൂടി അധികാരത്തിൽ എത്തിയാൽ രാജ്യത്ത് തിരഞ്ഞെടുപ്പ് തന്നെ ഇല്ലാതാകും. വർഷങ്ങൾ കൊണ്ട് രാജ്യം നേടിയെടുത്ത നേട്ടങ്ങളെല്ലാം മോദി തകർക്കുകയാണ്. രാജ്യത്തെ ജുഡീഷ്യറിയെ തകർത്തു, സിബിഐയെ തകർത്തു, രാജ്യത്തെ എല്ലാ മേഖലയെയും തകർക്കുകയാണ്. മറ്റുള്ളവരെ കേൾക്കാനും , തെറ്റ് തിരുത്താനും , മാധ്യമങ്ങളെ അഭിമുഖീകരിക്കാനും , ചോദ്യം നേരിടാനും മോദി തയ്യാറാകുന്നില്ല. സ്വന്തം മന്ത്രിസഭാ അംഗങ്ങളെ പോലും കേൾക്കാൻ മോദി തയ്യാറാകുന്നില്ല. ദേശീയ തലത്തിലും കേരളത്തിലും കോൺഗ്രസിന് അനുകൂല സാഹചര്യമാണ്. കേരളത്തിൽ ഇരുപത് സീറ്റലും വിജയിക്കാനുള്ള അവസരമുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥികൾ നിരന്നപ്പോൾ മാർക്‌സിസ്റ്റ് പാർട്ടിക്ക് വിറളി പിടിച്ചു . ഇതാണ് ഒരാളും വിശ്വസിക്കാത്ത കോ ലീ ബി ആരോപണവുമായി രംഗത്ത് എത്തിയതെന്നും അദേഹം പറഞ്ഞു.
ഇന്ത്യയിലെ ഒരു കോടി ജനങ്ങൾക്ക് ജോലി നൽകുമെന്നായിരുന്നു മോദി സർക്കാരിന്റെ വാഗ്ദാനമെന്ന് കോട്ടയം പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. എന്നാൽ ഒരാൾക്ക് പോലും തൊഴിൽ നൽകാൻ ആയില്ല. പിണറായി സർക്കാർ അല്ലായിരുന്നെങ്കിൽ ഡിവൈഎഫ്‌ഐക്കാരിൽ പലരും ജയിലിലായേനെ. അമ്മമാർക്കും സഹോദരിമാർക്കും പുറത്തിറക്കാനാവാത്ത ഭരണമാണ്. അക്രമികളും ഗുണ്ടകളും വിലസി നടക്കുകയാണ് കേരളത്തിലെന്നും അദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോബി അഗസ്റ്റിൻ അധ്യക്ഷൻ. , കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ മാണി എംപി , മോൻസ് ജോസഫ് എംഎൽ എ , ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് , കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം , യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ ,  യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്‌ളാക്കൽ,  കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് , ജോബോയ് ജോർജ് , ജനതാദൾ യുണൈറ്റഡ് സംസ്ഥാന പ്രസിഡന്റ് ജോമി ചെറിയാൻ , റൂബി ചാക്കോ , സജി സിറിയക് , ഫ്രാൻസിസ് ജെയിംസ് , എന്നിവർ പ്രസംഗിച്ചു. 25 ന് പാലാ , 27 വൈക്കം , പുതുപ്പള്ളി ,കടുത്തുരുത്തി , പിറവം 29 ഏറ്റുമാനൂർ എന്നീ മണ്ഡലങ്ങളിൽ യുവജന കൺവൻഷൻ നടക്കും