മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്ത വി.ആർ. ലക്ഷ്മിനാരായണ് അന്തരിച്ചു
സ്വന്തംലേഖകൻ
കൊച്ചി: ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ സഹോദരനും തമിഴ്നാട് മുൻ ഡിജിപിയുമായിരുന്ന വി.ആർ. ലക്ഷ്മി നാരായണ്‍(91) അന്തരിച്ചു. ചെന്നൈ അണ്ണാശാലൈ ശ്രീകൃഷ്ണ അപ്പാർട്ട്മെന്റിലെ വസതിയിൽ ഞായറാഴ്ച്ച പുലർച്ചെ മൂന്നിനായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്കാരം നാളെ രാവിലെ ചെന്നൈയിൽ.അടിയന്തരാവസ്ഥയ്ക്കു ശേഷം അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്തതു സിബിഐ മുൻ ജോയിന്റ് ഡയറക്ടറായിരുന്ന ലക്ഷ്മി നാരായണനാണ്. 1945ൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്നു ബിരുദം നേടി. തമിഴ്നാട്ടിൽനിന്നുള്ള 1951 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ലക്ഷ്മി നാരായണ്‍ മധുര പോലീസിൽ അസിസ്റ്റന്റ് സൂപ്രണ്ടായി ജോലിയിൽ പ്രവേശിച്ചു. അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാതെ നിലപാടിലൂടെ ശ്രദ്ധേയനായ അദ്ദേഹം “അപ്പോയ്മെന്റ് ആൻഡ് ഡിസ്അപ്പോയ്മെന്റ്: മൈ ലൈഫ് ഇൻ പോലീസ് സർവീസ്’ എന്ന പുസ്തകം രചിച്ചു. മുഖ്യധാരാ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും നിരവധി ലേഖനങ്ങളുമെഴുതി.