play-sharp-fill
മുതിർന്ന കോൺഗ്രസ് നേതാവ് റോസമ്മ ചാക്കോ നിര്യാതയായി

മുതിർന്ന കോൺഗ്രസ് നേതാവ് റോസമ്മ ചാക്കോ നിര്യാതയായി

മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻഎംഎൽഎയുമായിരുന്ന റോസമ്മ ചാക്കോ (93) അന്തരിച്ചു.വ്യാഴാഴ്ച രാവിലെ ആറു മണിക്കായിരുന്നു അന്ത്യം.
സി.ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി 1927 മാർച്ച് 17നാണ് ജനനം. ഇടുക്കി ചാലക്കുടി മണലൂർ എന്നീ മൂന്ന് വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്നു തവണ നിയമസഭയിൽ എത്തിയിരുന്നു.

1982ൽ ഇടുക്കിയിൽ നിന്നാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. പിന്നീട് 1987ൽ ചാലക്കുടിയിൽ നിന്നും പത്താം നിയമസഭ തിരഞ്ഞെടുപ്പിൽ മണലൂരിൽ നിന്നും ജയിച്ചു.
സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന് തോട്ടയ്ക്കാട് സെന്റ്: ജോർജ് പള്ളി സെമിത്തേരിയിൽ.
ഇടുക്കി, ചാലക്കുടി, മണലൂർ എന്നീ മണ്ഡലങ്ങളിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റോസമ്മ ചാക്കോ കെ.പി.സി.സി വൈസ് പ്രസിഡന്റ്, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.ലീഡർ കെ.കരുണാകരന്റെ ഏറ്റവും അടുത്ത സഹപ്രവർത്തകയായിരുന്നു.
വനിതാ സംവരണത്തിന്റെയോ നേതാക്കളുടെ കാരുണ്യത്തിന്റെയോ പിൻബലമില്ലാതെ പൊതുരംഗത്ത് ശക്തമായ സാന്നിധ്യമറിയിച്ച സംശുദ്ധവ്യക്തിത്വമായിരുന്നു റോസമ്മ ചാക്കോ. അവിവാഹിതയായിരുന്നു.