സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തി ടിബി റോഡിലെ മെട്രോ ലോഡ്ജിനു മുകളിൽ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരം സ്വദേശി സത്യൻ മരിച്ചു.
പ്രശസ്തനായ ആർട്ടിസ്റ്റ് തിരുവാർപ്പ് കാഞ്ഞിരം കലാഭവനിൽ സത്യൻ (50) ആണ് മരിച്ചത്. ശനിയാഴ്ച് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ടിബി റോഡിൽ മെട്രോ ലോഡ്ജിനു മുകളിൽ നിന്ന് റോഡിൽ തലയിടിച്ച് വീണാണ് സത്യൻ മരിച്ചത്.
ടിബി റോഡിലെ മെട്രോ ലോഡ്ജിനു മുകളിൽ പരസ്യബോർഡ് സ്ഥാപിക്കുന്നതിനായി അളവെടുക്കുന്നതിനായാണ് സത്യൻ കയറിയത്.
ബോർഡിന്റെ ഒരു വശത്ത് അളവെടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് സത്യൻ റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. മൂന്നു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും ഗുരുതരമായി തലയിടിച്ചാണ് സത്യൻ വീണത്.
ഇത് കനത്ത ആഘാതമാണ് തലയ്ക്കുണ്ടാക്കിയത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സത്യൻ അഞ്ചു മിനിറ്റോളം റോഡിൽ വീണു കിടന്നു. ഷോക്കേറ്റ് വീണതിനാൽ, ഒപ്പം വൈദ്യുതി കമ്പി പൊട്ടി വീണതായി ഭയന്നാണ് പലരും അടുത്തേയ്ക്കു വരാൻ തയ്യാറാകാതിരുന്നതാണ് അപകടത്തിനിടയാക്കിയത്.
വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘമാണ്, കൺട്രോൾ റൂം വാഹനത്തിൽ സത്യനെ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരതരമാണെന്ന് കണ്ടതോടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വൈകിട്ട് ഏഴുമണിയോടെ മരണം സംഭവിച്ചു.
ഭാര്യ – അജിത , മക്കൾ – അനന്തകൃഷ്ണൻ (വീഡിയോഗ്രാഫർ)
അപർണ സത്യൻ (വിദ്യാർത്ഥി.)
സംസ്‌കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.