video
play-sharp-fill

മൂവാറ്റുപുഴയാറ്റിൽ കുളിക്കാനിറങ്ങി മുങ്ങിമരിച്ച ഇരട്ട സഹോദരൻമാരുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ; വെള്ളിയാഴ്ച പോസ്റ്റ്മാർട്ടം

മൂവാറ്റുപുഴയാറ്റിൽ കുളിക്കാനിറങ്ങി മുങ്ങിമരിച്ച ഇരട്ട സഹോദരൻമാരുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ; വെള്ളിയാഴ്ച പോസ്റ്റ്മാർട്ടം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മൂവാറ്റുപുഴയാറ്റിൽ മുങ്ങിമരിച്ച ഇരട്ടസഹോദരന്മാരുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇരുവരുടെയും മൃതദേഹത്തിന്റെ പോസ്റ്റ്മാർട്ടം ഇന്ന് മെഡിക്കൽ കോളേജിൽ നടക്കും. വെട്ടിക്കാട്ടുമുക്ക് തടി ഡിപ്പോയ്ക്കു സമീപം നന്ദനത്തിൽ അനിൽകുമാറിന്റെയും തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിലെ ലൈബ്രറി അസിസ്റ്റന്റ് റീനയുടയും മക്കളായ പൂത്തോട്ട കെ.പി.എം.എച്ച്.എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി സൗരവ് (16), തലയോലപ്പറമ്പ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി സന്ദീപ് (16) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വെട്ടിക്കാട്ടുമുക്ക് പാലത്തിനു താഴെ തൈക്കാവ് കടവിൽ കുളിക്കാനിറങ്ങിയ കുട്ടികളെയാണ് കാണാതായത്. അയൽവാസിയായ കൊടിയനേഴത്ത് നിയാസിന്റെ മകൻ അൽ അമീൻ, ബന്ധു പത്തനാപുരം സ്വദേശി ഷൈജു എന്നിവർക്കൊപ്പമാണ് സൗരവും, സന്ദീപും ആറ്റിൽ കുളിക്കാനിറങ്ങിയത്. ആഴത്തിലേക്കു പോയ സൗരവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ സഹോദരൻ സന്ദീപും വെള്ളത്തിൽ മുങ്ങി. സന്ദീപിന്റെ കയ്യിൽ പിടിച്ച് കരയിലേക്കു കയറ്റാൻ അമീൻ ശ്രമിച്ചെങ്കിലും കൈവിട്ടു പോയി. ഷൈജുവിന്റെ കയ്യിൽ പിടുത്തം കിട്ടിയതിനാലാണ് താൻ രക്ഷപെട്ടതെന്ന് അമീൻ പറഞ്ഞു. ഉടൻ തൊട്ടടുത്ത തടിമില്ലിൽ ഓടിയെത്തി വിവരം പറയുകയായിരുന്നു. മില്ലിലെ ജീവനക്കാരും നാട്ടുകാരും കടുത്തുരുത്തിയിൽ നിന്നും എത്തിയ ഫയർ ഫോഴ്സും ചേർന്നു നടത്തിയ തിരച്ചിലിൽ വൈകുന്നേരം നാലോടെ കടവിനു സമീപത്തു നിന്നും സൗരവിന്റെ മൃതദേഹം കണ്ടെടുത്തു. കോട്ടയത്തു നിന്നും എത്തിയ സ്‌കൂബ ടീം മുങ്ങി തപ്പി സന്ദീപിന്റെ മൃതദേഹവും കരയിൽ എത്തിച്ചു.