
സ്വന്തം ലേഖകൻ
പനജി: ഗോവയിൽ കോളേജ് അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ.
കോർലിം സ്വദേശിനിയും ഖണ്ടോല ഗവ. കോളേജിലെ പ്രൊഫസറുമായ ഗൗരി ആചാരി(35)യെ കൊലപ്പെടുത്തിയ കേസിലാണ് ജിംനേഷ്യം പരിശീലകനും മഹാരാഷ്ട്ര സ്വദേശിയുമായ ഗൗരവ് ബിദ്ര(36)യെ ഓൾഡ് ഗോവ പോലീസ് അറസ്റ്റ് ചെയ്തത്.
സൗഹൃദത്തിൽനിന്ന് പ്രൊഫസർ പിന്മാറിയതാണ് കൊലപാതകത്തിന് കാരണമായത്.കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഗോവയെ ഞെട്ടിച്ച അരുംകൊല നടന്നത്. രാവിലെ കോളേജിലേക്ക് പോയ മകൾ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞ് ഗൗരിയുടെ മാതാവ് പരാതി നൽകിയതോടെയാണ് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണം നടത്തിയ പോലീസ് സംഘം ഇവരുടെ നാനോ കാർ വഴിയരികിൽ കണ്ടെത്തി. ഇതിനിടെ, യുവതിയുടെ മൊബൈൽ ഫോൺ വിവരങ്ങളും പോലീസ് ശേഖരിച്ചു. തുടർന്നാണ് ഗൗരവ് ബിദ്രയുടെ നമ്പറിൽനിന്ന് യുവതിയുടെ ഫോണിലേക്ക് നിരന്തരം കോളുകളും സന്ദേശങ്ങളും വന്നതായി കണ്ടെത്തിയത്. ഇതോടെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.ജിംനേഷ്യം പരിശീലകനായ ഗൗരവിനെ 2021-ലാണ് ഗൗരി ആചാരി പരിചയപ്പെടുന്നത്. പേഴ്‌സണൽ ഫിറ്റ്‌നെസ് പരിശീലകനെ തേടിയിരുന്ന ഗൗരിക്ക് ഇന്റർനെറ്റിൽ നിന്നാണ് ഗൗരവിന്റെ വിലാസവും നമ്പറും ലഭിച്ചത്. തുടർന്ന് ഗൗരവിനെ ബന്ധപ്പെടുകയും ഇയാൾ യുവതിക്ക് പരിശീലനം നൽകുന്നത് ആരംഭിക്കുകയുമായിരുന്നു.
ഇതിനിടെ ഇരുവരും തമ്മിൽ സൗഹൃദത്തിലായി. എന്നാൽ കഴിഞ്ഞമാസം മുതൽ യുവതി ഗൗരവിൽ നിന്ന് അകലം പാലിച്ചു. ഗൗരവുമായുള്ള സൗഹൃദം തുടരാൻ താത്പര്യമില്ലെന്നും തുറന്നുപറഞ്ഞു. ഇതോടെയാണ് ഗൗരവിന് യുവതിയോട് പക ആരംഭിച്ചത്.സംഭവദിവസം വൈകിട്ട് പ്രതി യുവതിയുടെ വീടിന് സമീപമെത്തിയിരുന്നു. യുവതി എത്തിയിട്ടില്ലെന്ന് മനസിലാക്കിയ ഇയാൾ വീടിന് സമീപം കാത്തിരുന്നു.
വൈകിട്ട് 6.30-ഓടെയാണ് ഗൗരി ആചാരി വീടിന് സമീപമെത്തിയത്. റോഡരികിൽ കാർ പാർക്ക് ചെയ്യുന്നതിനിടെ പ്രതി യുവതിയുടെ അരികിലെത്തി. യുവതി കാറിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ ഇവരെ അകത്തേക്ക് തള്ളിയിട്ട് പ്രതി കാറിനുള്ളിൽ കയറി.
തുടർന്ന് ഗൗരിയുമായി സംസാരിക്കാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാൽ സംസാരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ച യുവതി, കാറിൽനിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചു. ഇതോടെ യുവതിയെ പിടിച്ചുവലിച്ച് വീണ്ടും കാറിനകത്തേക്ക് തള്ളിയിട്ട പ്രതി വാതിൽ പൂട്ടിയശേഷം യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഗൗരി മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹവുമായി ഇയാൾ കാറോടിച്ച് പോയി. തുടർന്ന് കോർലിമിലെ പാർക്കിന് സമീപം വാഹനം നിർത്തി മൃതദേഹം തന്റെ കാറിലേക്ക് മാറ്റി. പിന്നീട് ഓൾഡ് ഗോവയിലെ ബൈപ്പാസ് റോഡിന് സമീപത്തെ കാട്ടിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.പ്രതിയുടെ മൊഴിയനുസരിച്ച് ബൈപ്പാസ് റോഡിന് സമീപത്തെ കാട്ടിൽനിന്ന് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പിന്നീട് ബാംബോലിം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.