‘‘രാജേട്ടാ ഞാൻ മന്ത്രിയാവുകയാണ് സത്യപ്രതിജ്ഞ കാണണേ…; ജോർജ് കുര്യന്റെ ആദ്യ ഫോൺകോൾ ഒ. രാജഗോപാലിന് ; ജോർജ് മിടുക്കനായ നേതാവെന്ന് രാജഗോപാൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിന്റെ പ്രതിനിധിയായി ജോർജ് കുര്യൻ എത്തുമ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നത് താനെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഒ.രാജഗോപാൽ. രണ്ടര പതിറ്റാണ്ട് മുൻപ് ഒ.രാജഗോപാൽ കേന്ദ്രമന്ത്രി ആയിരുന്നപ്പോൾ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായിരുന്നു ജോർജ് കുര്യൻ. കേന്ദ്രമന്ത്രി പദവി ലഭിക്കുമെന്ന് ഉറപ്പായതോടെ ജോർജ് കുര്യൻ ആദ്യം വിളിച്ചതും രാജഗോപാലിനെ തന്നെ.
ചായ സൽക്കാരത്തിന് ക്ഷണിച്ചപ്പോഴും അതിനുശേഷവുമായി രണ്ടു തവണ ജോർജ് കുര്യൻ തന്റെ സ്വന്തം രാജേട്ടനെ വിളിച്ച് സംസാരിച്ചു. ‘‘രാജേട്ടാ ഞാൻ മന്ത്രിയാവുകയാണ്. 7.15നാണ് സത്യപ്രതിജ്ഞ. എല്ലാ അനുഗ്രഹവും വേണം. സത്യപ്രതിജ്ഞ രാജേട്ടൻ ടിവിയിൽ കാണണം.’’– ജോർജ് കുര്യൻ ഫോണിൽ പറഞ്ഞു. തന്റെ കുട്ടി മന്ത്രിയാവുന്നതിൽ ഒരുപാട് സന്തോഷമെന്നായിരുന്നു രാജഗോപാലിന്റെ മറുപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘‘ജോർജ് മിടുക്കനായിരുന്നു. എന്റെ ഏറ്റവും വലിയ സഹായി ആയിരുന്നു. ആത്മാർഥതയോടെയാണ് പ്രവർത്തിച്ചത്. ജോർജ് ജീവിച്ച ചുറ്റുപാടിൽ നിന്നും വളരെ വിഭിന്നമായിരുന്നു ബിജെപിയുടെ ആശയമെങ്കിലും ആദ്യകാലം മുതൽ പാർട്ടിയിൽ ഉറച്ചുനിന്നു. സന്തോഷമുണ്ട്. സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. അന്നേ ഭാഷയൊക്കെ നല്ല വശമായിരുന്നു. നല്ല ഭാവിയുണ്ടായിരുന്നു.’’ – ജവഹർ നഗറിലെ ഫ്ലാറ്റിൽ വിശ്രമജീവിതം നയിക്കുന്ന രാജഗോപാൽ പറഞ്ഞു.
ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയിരുന്ന സമയത്ത് പ്രത്യേക പരിശീലനത്തിനായി ജോർജ് കുര്യനെ അമേരിക്കയിലേക്ക് താൻ വിട്ടിട്ടുണ്ടെന്നും രാജഗോപാൽ പറഞ്ഞു. പലരുടെയും പേരുകൾ വെട്ടിയാണ് അന്ന് ജോർജിനെ അയച്ചതെന്നും രാജഗോപാൽ പറഞ്ഞു. സന്തോഷ വാർത്തയുമായി ജോർജ് കുര്യൻ വിളിച്ചപ്പോൾ അമേരിക്കയിലേക്ക് താൻ വിട്ടത് ഓർമയുണ്ടോയെന്നു ചോദിക്കാൻ രാജഗോപാൽ മറന്നില്ല. പൊട്ടിച്ചിരോടെ ഓർമയുണ്ട് രാജേട്ടാ എന്നായിരുന്നു നിയുക്ത കേന്ദ്രമന്ത്രിയുടെ മറുപടി.