
സ്വന്തം ലേഖകൻ
ലക്നൗ: ഉത്തരാഖണ്ഡിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ് പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ ധർമേന്ദ്രയെ രാജസ്ഥാനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 30നു കാണാതായ യുവതിയുടെ മൃതദേഹം ഉത്തർപ്രദേശിലെ ദിബ്ദിബ ഗ്രാമത്തിൽനിന്ന് ഈ മാസം എട്ടിനാണ് കണ്ടെടുത്തത്. ഉത്തരാഖണ്ഡിലെ രുദ്രാപുരിലുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന യുവതി, ഉത്തർപ്രദേശ് അതിർത്തിയിലുള്ള ബിലാസ്പുർ കാശിപുർ റോഡിൽ വാടകയ്ക്കു താമസിക്കുകയാണ്. ഇവിടെനിന്ന് ഏകദേശം ഒന്നരകിലോമീറ്റർ അകലെനിന്നാണ് മൃതദേഹം കണ്ടെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയെ കാണാനില്ലെന്ന് സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിക്ക് 11 വയസ്സുള്ള മകളുമുണ്ട്. കഴിഞ്ഞ മാസം 30ന് വൈകിട്ട്, ജോലിക്കുശേഷം ഇന്ദ്ര ചൗക്കിൽനിന്നു യുവതി ഇ–റിക്ഷയിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഇതിനുശേഷം യുവതിയെ കാണാതാവുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.
യുവതി ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പുറപ്പെട്ടതു മുതൽ ധർമേന്ദ്ര പിന്തുടർന്നിരുന്നെന്നും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കുകയും ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മദ്യലഹരിയിലായിരുന്ന ഇയാൾ യുവതിയുടെ മൊബൈൽ ഫോണും പഴ്സിൽനിന്ന് 3,000 രൂപയും മോഷ്ടിച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. കൊൽക്കത്തയിൽ ആർ.ജി.കാർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ സംഭവവും.