
ആതുര സേവനത്തിനായി പ്രാണൻ പകുത്തു നൽകി ലിനി മടങ്ങിയിട്ട് ഒരു വർഷം ; വിങ്ങുന്ന ഓർമകളിൽ ഭർത്താവും മക്കളും
സ്വന്തംലേഖകൻ
കോട്ടയം : കോഴിക്കോട് ചെമ്പനോട കുറത്തിപ്പാറയിലെ വീട്ടിൽ റിതുലിനും സിദ്ധാര്‍ഥിനും അമ്മ ലിനി ഇന്നും മരിക്കാത്ത ഓര്‍മയാണ്. ലിനിയില്ലാത്ത ഒരു വര്‍ഷം വേദനയുടേതെങ്കിലും അമ്മയുടെ വേർപാടിന്റെ നൊമ്പരം മക്കളെ അറിയിക്കാത ഭർത്താവ് സജീഷ് അതിനെയെല്ലാം അതിജീവിക്കുകയാണ്. കാരണം ആതുരസേവനത്തിനായി പ്രാണൻ പകുത്തു നൽകിയ പ്രതിസന്ധികളില്‍പോലും പുഞ്ചിരിക്കുന്ന ലിനിയുടെ മുഖമാണ് സജീഷിന്റെ മനസുനിറയെ.
പറക്കമുറ്റാത്ത രണ്ടുകുരുന്നുകളെയും ജീവനോളം സ്നേഹിച്ച ഭര്‍ത്താവിനെയും അവസാനനിമിഷം ഒരുനോക്കുപോലും കാണാനാകാതെയായിരുന്നു ലിനി മടങ്ങിയത്.
പേരാമ്പ്ര സൂപ്പിക്കടയിലെ സാബിത്തിനെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്ക് നിപ്പ ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം. ലിനിയുടെ അഞ്ചും രണ്ടും വയസ്സുള്ള മക്കൾ റിഥുലും സിദ്ധാർത്ഥും പിന്നെ കേരളത്തിന്റെ തീരാനോവായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിക്കിടക്കയിൽ നിന്ന് ലിനി ഭർത്താവ് സജീഷിനെഴുതിയ കത്ത് മലയാളിയുടെ കരളലിയിച്ചിരുന്നു. ലിനിയുടെ ജീവിതം പകർന്ന വെളിച്ചമാണ് ചെമ്പനോട കുറത്തിപ്പാറയിലെ വീടിന്റെ ഇപ്പോഴത്തെ കരുത്ത് .
മൂത്തവൻ കുഞ്ഞു (റിഥുൽ) ഇത്തവണ ഒന്നാം ക്ലസിലേക്കാണ്. ലിനിയുടെ മരണത്തെ തുടർന്ന് സർക്കാർ സജീഷിന് കൂത്താളി പിഎച്ച്സിയിലെ ക്ലാർക്ക് ജോലി നൽകിയിരുന്നു. മരണം ഉറപ്പായെന്നും കുഞ്ഞുങ്ങളെ നോക്കിക്കൊള്ളണമെന്നും പറഞ്ഞു ആശുപത്രിക്കിടക്കയിൽ വച്ച് സജീഷിന് ലിനി എഴുതിയ കത്ത് അവളുടെ ഫോട്ടോയ്ക്കൊപ്പം ഫ്രെയിം ചെയ്ത് വീടിന്റെ ഉമ്മറത്ത് തൂക്കിയിട്ടുണ്ട്.
കോഴിക്കോടിനു പുറത്തും സുമനസുകളിൽ ഇപ്പോഴും ജീവിക്കുകയാണ് ലിനി. ദൂര ദേശങ്ങളിൽ നിന്നു വരെ കുട്ടികളെ കാണാൻ സമ്മാനങ്ങളുമായി കുറത്തിപ്പാറയിലെ വീട്ടിൽ ആൾക്കാരെത്തുന്നു. കത്തിൽ ലിനി പറഞ്ഞ വലിയൊരാഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സജീഷ്. അച്ഛൻ ജോലി ചെയ്യുന്ന ഗൾഫിൽ പോണമെന്ന് മകൻ കുഞ്ഞു എപ്പോഴും പറയാറുണ്ടെന്നും അതു സാധിച്ചു കൊടുക്കണമെന്നും ലിനി എഴുതിയിരുന്നു.
ലിനിയുടെ ജീവിതത്തെ ആസ്പദമാക്കി ആഷിക്ക് അബു ഒരുക്കുന്ന ‘വൈറസ്’ സിനിമയുടെ ട്രെയിലർ പ്രകാശനത്തിനായി അടുത്തിടെ ഖത്തറിൽ പോയപ്പോൾ കുഞ്ഞുവിനെയും കൂടെ കൊണ്ടുപോയി.