play-sharp-fill
കുടുംബത്തിലെ സ്വകാര്യ ചടങ്ങിന്റെ ചിത്രങ്ങൾ കടത്തിയതിനു പിന്നിൽ ഐ.ജിയും പിസി ജോർജ്ജുമെന്ന് കന്യാസ്ത്രീയുടെ കുടുംബം; പിസി ജോർജ്ജ് ചിത്രങ്ങൾ ദുരുപയോഗം ചെയ്യുമെന്ന് ഭയം; ചിത്രങ്ങൾ അടങ്ങിയ സിഡിയുമായി ബിഷപ്പിന്റെ അഭിഭാഷകൻ ഹൈകോടതിയിൽ

കുടുംബത്തിലെ സ്വകാര്യ ചടങ്ങിന്റെ ചിത്രങ്ങൾ കടത്തിയതിനു പിന്നിൽ ഐ.ജിയും പിസി ജോർജ്ജുമെന്ന് കന്യാസ്ത്രീയുടെ കുടുംബം; പിസി ജോർജ്ജ് ചിത്രങ്ങൾ ദുരുപയോഗം ചെയ്യുമെന്ന് ഭയം; ചിത്രങ്ങൾ അടങ്ങിയ സിഡിയുമായി ബിഷപ്പിന്റെ അഭിഭാഷകൻ ഹൈകോടതിയിൽ

സ്വന്തം ലേഖകൻ

എറണാകുളം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നൽകിയ കന്യാസ്ത്രീയുടെ കുടുംബത്തിലെ സ്വകാര്യ ചടങ്ങിന്റെ ചിത്രങ്ങൾ സ്റ്റുഡിയോയിൽ നിന്ന് കടത്തിയതിനു പിന്നിൽ എറണാകുളം റേഞ്ച് ഐ.ജിയുടെ ഇടപെടൽ ഉണ്ടെന്ന് കുടുംബത്തിന്റെ ആരോപണം. ഐ.ജി വിളിച്ച് പറഞ്ഞതിനെ തുടർന്നാണ് ഈ ദൃശ്യങ്ങൾ അടങ്ങിയ സി.ഡിയും പെൻഡ്രൈവും ഐ.ജിക്ക് എത്തിച്ചുനൽകിയതെന്ന് സ്റ്റുഡിയോ ഉടമ വ്യക്തമാക്കി. ഈ ദൃശ്യങ്ങൾ പി.സി ജോർജ് എം.എൽ.എയുടെ പക്കൽ എത്തിയിട്ടുണ്ടെന്നും ജോർജ്ജ് ചിത്രങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും കന്യാസ്ത്രീയുടെ കുടുംബം ഹൈക്കോടതിയിൽ ആരോപിച്ചു.

കന്യാസ്ത്രീ ആദ്യം പീഡനത്തിന് ഇരയായി എന്നു പറയുന്ന 2014 മേയ് അഞ്ചിന് പിറ്റേന്ന് കാലടിയിലുള്ള ഇവരുടെ സഹോദരിയുടെ വസതിയിൽ നടന്ന ചടങ്ങിൽ ബിഷപ്പിനൊപ്പം കന്യാസ്ത്രീ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് സ്റ്റുഡിയോയിൽ നിന്നും ഐ.ജിയുടെ നിർദേശപ്രകാരം അദ്ദേഹത്തിന് എത്തിച്ചുനൽകിയതെന്ന് സ്റ്റുഡിയോ ഉടമ പറയുന്നു. ഈ ദൃശ്യങ്ങൾ കോടതിയിൽ പ്രധാന ആയുധമാക്കിയാണ് ബിഷപ്പിന്റെ ജാമ്യാപേക്ഷയിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ ഉയർത്തിക്കാട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടന്നുവെന്ന് പറയുന്നതിന്റെ പിറ്റേന്ന് യാതൊരു ഭാവമാറ്റവുമില്ലാതെയാണ് ബിഷപ്പിനൊപ്പം കന്യാസ്ത്രീ ചടങ്ങിൽ പങ്കെടുത്തതെന്ന് അഭിഭാഷകൻ ഉന്നയിച്ചു. കന്യാസ്ത്രീ സമൂഹത്തിൽ ഉന്നത സ്ഥാനത്തിരുന്ന വ്യക്തിയായിരുന്നു അവരെന്നും അഭിഭാഷകൻ പറയുന്നു. അതേസമയം, ബിഷപ്പിന് ജാമ്യം നൽകരുതെന്നും ഉന്നത പദവിയിൽ ഇരിക്കുന്ന ആളായതിനാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടി. കന്യാസ്ത്രീ മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ 120 പേജുള്ള രഹസ്യമൊഴിയിൽ പീഡനം സംബന്ധിച്ച് എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും പോലീസ് അറിയിച്ചു. സാക്ഷികളായ കന്യാസ്ത്രീകളുടെ മൊഴി കൂടി മജിസ്ട്രേറ്റിനു മുമ്ബാകെ ഹാജരാകാനുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ ഇടപെട്ടത് ഉൾപ്പെടെ രണ്ട് കേസുകൾ കൂടി പരിഗണനയിലുണ്ട്. അതുകൊണ്ട് ഈ ഘട്ടത്തിൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ബിഷപ്പ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ആദ്യഘട്ടത്തിൽ പരാതി നൽകാതിരുന്നതെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

അതേസമയം, ദൃശ്യങ്ങൾ സ്റ്റുഡിയോയിൽ നിന്നും കൈമാറിയ സംഭവത്തിൽ കന്യാസ്ത്രീയുടെ സഹോദരി പരാതി നൽകി. കാലടി സ്റ്റേഷനിലാണ് പരാതി നൽകിയത്. സ്റ്റുഡിയോ ഉടമയ്ക്ക് ഐ.ജിയുടെ ഓഫീസിൽ നിന്നും വിളി എത്തിയിട്ടാണ് അവിടെ പെൻഡ്രൈവ്, സിഡി, ഫോട്ടോ എന്നിവ എത്തിച്ചുനൽകിയതെന്ന് സ്റ്റുഡിയോ ഉടമ പോലീസ് സ്റ്റേഷനിൽ മൊഴി നൽകി. 94979 98992 ഈ നമ്ബറിൽ നിന്നാണ് സ്റ്റുഡിയോ ഉടമയ്ക്ക് വിളി വന്നത്. പോലീസിന്റെ അന്വേഷണത്തിലാണ് ഈ ഐ.ജിയുടെ നമ്ബർ ആണെന്ന് വ്യക്തമായത്. ഇതുഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഒക്ടോബർ മൂന്നിലേക്ക് മാറ്റി. ഇപ്പോൾ ജാമ്യാപേക്ഷ പരിഗണിച്ചാൽ അത് നേരത്തെയായി പോകുമെന്നും കോടതി നിരീക്ഷിച്ചു.