ഒടുവിൽ ആശ്വാസം; ഒമ്പത് ദിവസത്തെ ജയിൽവാസത്തിന് ശേഷം കന്യാസ്ത്രീകൾ പുറത്തേക്ക്

Spread the love

ദില്ലി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായിരുന്ന കന്യാസ്ത്രീകൾ പുറത്തിറങ്ങി. ഒമ്പത് ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് മോചനം. എന്‍ഐഎ കോടതിയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം നല്‍കിയത്. കടുത്ത ഉപാതികളില്ലാതെയായിരുന്നു ജാമ്യം ലഭിച്ചത്. നിലവില്‍ കന്യാസ്ത്രീകൾ മദര്‍ സുപ്പീരിയറിനോടൊപ്പം മഠത്തിലേക്ക് പോവുകയാണ്.

മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങൾക്ക് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് കോടതി ജാമ്യം നൽകിയത്. സാധാരണ ഗതിയിൽ കോടതി മുന്നോട്ടുവയ്ക്കുന്ന 3 ഉപാധികളോടെയാണ് ബിലാസ്പുർ എൻ ഐ എ കോടതി ജാമ്യം നൽകിയത്. അമ്പതിനായിരം രൂപയുടെ 2 ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകാനുള്ള വിധി പുറപ്പെടുവിച്ചത്. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി കോടതിയിൽ വലിയ പ്രതീക്ഷയാണുള്ളതെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷകൻ പ്രതികരിച്ചിരുന്നു.