കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: ജാമ്യത്തിനായി എൻഐഎ കോടതിയിൽ ഹർജി നൽകി; സിസ്റ്റർമാരുടെ ആരോഗ്യനില ഉൾപ്പെടെ കോടതിയെ ബോധ്യപ്പെടുത്തും

Spread the love

ദില്ലി: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എന്‍ഐഎ കോടതിയിൽ ജാമ്യ ഹർജി നൽകി. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയില്‍ ഹാജരാവുക. വളരെ നീണ്ടുനിന്ന കൂടിയാലോചനകൾക്ക് ശേഷമാണ് ബിലാസ്പൂരിലെ എന്‍ഐഎ കോടതിയില്‍ തന്നെ ജാമ്യാപേക്ഷ നല്‍കാം എന്ന് സഭാനേതൃത്വം തീരുമാനിച്ചത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ കാലതാമസം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് നടപടി. സിസ്റ്റര്‍മാരുടെ ആരോഗ്യനിലയുൾപ്പെടെ കോടതിയെ ബോധ്യപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളോ നേതാക്കളോ കോടതിയിലേക്ക് പോകേണ്ട, അഭിഭാഷകന്‍ മാത്രം പോയാല്‍ മതി എന്നാണ് നിലവില്‍ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളികളായ രണ്ട് കന്യാസത്രീകൾ എട്ട് ദിവസമായി ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുകയാണ്. ഇവര്‍ക്ക് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിക്കന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. നൂറു ശതമാനം ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷ എന്ന് സിസ്റ്റർ പ്രീതിയുടെ സഹോദരൻ ബൈജു പറഞ്ഞു. ഇരുവരും ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. തൊട്ടടുത്ത ദിവസം ഇറങ്ങാം എന്നാണ് അവർ കരുതിയത്. സിസ്റ്റര്‍മാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. അമിത് ഷായുടെ ഉറപ്പ് വിശ്വസിക്കാം എന്നാണ് കുടുംബം പറയുന്നത്.