ആദ്യം മനുഷ്യക്കടത്ത്, ഇപ്പോൾ നിർബന്ധിത മതപരിവർത്തനവും; കന്യാസ്ത്രീകളുടെ മേൽ ചുമത്തിയിരിക്കുന്നത് ​ഗുരുതര കുറ്റങ്ങളെന്ന് സിബിസിഐ

Spread the love

ദില്ലി: ഛത്തീസ്ഗഢിലെ ദുർഗിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ചുമത്തിയത് ​ഗുരുതര കുറ്റങ്ങളെന്ന് സിബിസിഐ നേതൃത്വം. ആദ്യം മനുഷ്യക്കടത്തിന് മാത്രമാണ് കുറ്റം ചുമത്തിയിരുന്നത്. എന്നാൽ, പിന്നീട് നിർബന്ധിത മതപരിവർത്തനം കൂടി ചുമത്തുകയായിരുന്നുവെന്ന് ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, സിബിസിഐ സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ, വക്താവ് റോബിൻസൺ റോഡ്രിഗസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

പെൺകുട്ടികൾക്ക് പതിനെട്ട് വയസ്സിന് മുകളിലുണ്ടായിരുന്നു. കൂടാതെ, മാതാപിതാക്കളുടെ അനുമതിയും ഉണ്ടായിരുന്നു. എന്നിട്ടും കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. മാതാപിതാക്കൾക്ക് പെൺകുട്ടികളെ കാണാൻ അനുമതി നൽകിയില്ല. കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്നവരെയും കൈയേറ്റം ചെയ്യുന്ന സ്ഥിതിയായിരുന്നു. ദുർഗിൽ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ് ഉണ്ടായതെന്ന് ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ജാമ്യാപേക്ഷ നാളെയോ മറ്റന്നാളോ സമർപ്പിക്കും. ജാമ്യാപേക്ഷ നൽകുന്നതിന് അനുകൂലമായ അന്തരീക്ഷമല്ല ഇപ്പോൾ ഉള്ളത്. കേന്ദ്ര സർക്കാരുമായും ഛത്തീസ്​ഗഢ് ​ഗവൺമെന്റുമായും ബന്ധപ്പെടുന്നുണ്ട്. കേന്ദ്രസർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പിന്തുണയുണ്ട്. ആദ്യം ചുമത്തിയിരുന്നത് മനുഷ്യക്കടത്തിന്റെ കുറ്റമാണ്. നിർബന്ധിത മത പരിവർത്തനം ചുമത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ നിർബന്ധിത മതപരിവർത്തനം ഉൾപ്പടെ ​ഗുരുതരമായ കുറ്റങ്ങളാണ് കന്യാസ്ത്രീകൾക്കുമേൽ ചുമത്തിയിരിക്കുന്നതെന്നും സിബിസിഐ നേതൃത്വം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group