
കോട്ടയം: എസ്.എസ്. എസ്- എസ്.എൻ.ഡി.പി ഒരിക്കല്‍ കൂടി തകർന്നു പോകുന്ന കാഴ്ച കണ്ടിട്ട് മണിക്കൂറുകള്‍ മാത്രമേ ആയിട്ടുള്ളൂ.
നായർ ഈഴവ വോട്ടുകള്‍ തങ്ങള്‍ക്ക് പഴയ പോലെ ലഭിക്കുന്നില്ലെന്ന് സിപിഎമ്മിനുണ്ട്. മൂന്നാം ഭരണ തുടർച്ച ലക്ഷ്യമിടുന്ന എല്‍.ഡി.എഫിനു രണ്ടു സംഘടനകളുടെയും പിന്തുണ അനിവാര്യമാണ്.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് വരെ മുസ്ലിം ന്യൂനപക്ഷ പ്രീണനം പിന്തുടർന്ന എല്‍.ഡി.എഫിന് കനത്ത പ്രഹരമാണ് ലഭിച്ചത്.
പ്രതീക്ഷിച്ച മുസ്ലീം വോട്ടുകള്‍ ലഭിച്ചില്ലെന്നു മാത്രമല്ല ഹൈന്ദവ-ക്രൈസ്തവ വോട്ടുകള്‍ ബിജെപിക്കും കോണ്‍ഗ്രസിനുമായി പോവുകയായിരുന്നു എന്നു മനസിലാക്കിയതോടെ ഭൂരിപക്ഷ പ്രീണനവുമായി സി.പി.എം അടവുനയം മാറ്റി.
തുടർന്നാണ് എസ്.എൻ.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി സി.പി.എം കൂടുതല്‍ അടുക്കുന്നത്. പിന്നാലെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എല്‍ഡിഎഫുമായി ഉടക്കി നിന്ന എൻ.എസ്. എസിനെ കൂടെ കൂട്ടാൻ ശ്രമിച്ചു തുടങ്ങി.
മന്ത്രി വി.എൻ വാസവൻ ഭൂതനായി. സർക്കാരിൻ്റെ അയ്യപ്പ സംഗമത്തില്‍ എൻ.എസ്.എസിൻ്റെ പ്രതിനിധിയെ പങ്കെടുപ്പിക്കാനും എൻ. എസ്.എസിനെ അനുനയിപ്പിക്കാനും സർക്കാരിനു സാധിച്ചു. തുടർന്നാണ് പൊടുന്നനെ ഐക്യ പ്രഖ്യാപനം വരുന്നത്.
ജനുവരി 18നാണ് എൻ.എസ്.എസുമായി ഐക്യം രൂപീകരിക്കേണ്ട ആവശ്യകതയെ കുറിച്ച് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐക്യത്തോട് വളരെ പെട്ടെന്നാണ് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രതികരിച്ചതും. കൂടാതെ, ഐക്യ ചർച്ചക്ക് ദൂതനായി തുഷാറിനെ അയക്കുമെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിക്കുകയും തുഷാറിനെ മകനെ പോലെ സ്വീകരിക്കുമെന്ന് സുകുമാരൻ നായരും മാധ്യങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
തുഷാറുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് ചേരുമെന്നും ഐക്യം സംബന്ധിച്ച അന്തിമ നിലപാട് എടുക്കുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
എന്നാല്‍, ഐക്യത്തിന്റെ പിന്നില്‍ രാഷ്ട്രീയമാണെന്ന തിരിച്ചറിവാണ് എൻ.ഡി.എ കണ്‍വീനറായ തുഷാറുമായുള്ള കൂടിക്കാഴ്ച നടക്കും മുമ്പ് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് വിളിച്ചു ചേർത്ത് ഐക്യനീക്കത്തില്‍ നിന്ന് പിന്മാറുന്നതായി സുകുമാരൻ നായർ പ്രഖ്യാപിച്ചു.
ബി.ജെ.പിയുടെ ഹൈജാക്കിങ്ങ് ഭയന്നാണ് എൻഎസ്.എസ് ഇത്തരമൊരു നിലപാട് ഡയക്ടർ ബോർഡ് സ്വീകരിച്ചത്.
ഇപ്പോഴുള്ള ഐക്യത്തിന് മധ്യസ്ഥത വഹിക്കുന്നത് സി.പി.എമ്മാണെങ്കിലും നേട്ടം പോകുന്നത് ബി.ജെ.പിക്കാണെന്നു എൻ.എസ്‌എസ് ഭയക്കുന്നു. ഐക്യത്തിൻ്റെ നിയന്ത്രണം വെള്ളാപ്പള്ളിയുടെ കൈയ്യില്‍ എത്തിയാലും അപകടകരമാണെന്നു ഡയറക്ടർ ബോർഡ് അംഗങ്ങള്‍ക്ക് അഭിപ്രായമുണ്ട്.
എൻ.എസ്.എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാനും ആവില്ല. അതിനാല്‍ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല.
പ്രത്യേകിച്ച് എൻ.എസ്.എസിന് എല്ലാ രാഷ്ടീയ പാർട്ടികളോടും സമദൂര നിലപാട് ഉള്ളതിനാല്‍. മറ്റെല്ലാ സമുദായങ്ങളോടും എന്ന വണ്ണം എസ്.എൻ.ഡി.പിയോടും സൗഹാർദ്ദത്തില്‍ വർത്തിക്കാനാണ് എൻ.എസ്.എസ് ആഗ്രഹിക്കുന്നത്.
എൻ.എസ്.എസ് -എസ്.എൻ.ഡി.പി ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് എൻ.എസ്.എസ് തീരുമാനം.
ഇതു നാലാം തവണയാണ് എൻ.എസ്.എസ് -എസ്.എൻ.ഡി.പി. ഐക്യം പൊളിയുന്നത്. 1976ലും 2005ലും 2012ലുമായിരുന്നു മുമ്പ് ഐക്യശ്രമങ്ങള്‍ ഉണ്ടായത്.
ഉമ്മൻചാണ്ടി നേതൃത്വം നല്‍കുന്ന യു.ഡി.എഫ് സർക്കാരില്‍ ന്യൂനപക്ഷം പിടിമുറുക്കുന്നുവെന്ന ആരോപണം ഉന്നയിച്ചായിരുന്നു 2012ലെ ഐക്യ നീക്കം. രണ്ട് വർഷത്തിനുള്ളില്‍ ഈ ഐക്യം തകർന്നു.
ദേവസ്വം നിയമനം, സാമ്പത്തിക സംവരണം, മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനം എന്നിവയാണ് എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും ഇടയില്‍ അഭിപ്രായ ഭിന്നത ഉടലെടുക്കാനും ഐക്യം തകരാനും വഴിവെച്ച വിഷയങ്ങള്‍.
അതേസമയം, വെള്ളാപ്പള്ളിയുടെ ഐക്യ പ്രഖ്യാപനത്തെ കൂടിയാലോചനകള്‍ ഇല്ലാതെ സ്വാഗതം ചെയ്ത ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ എൻ.എസ്.എസില്‍ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്.
വരും ദിവസങ്ങളില്‍ ഇതു കൂടുതല്‍ പൊട്ടിത്തെറികളിലേക്കു വഴിവെക്കുമെന്നു നേതൃത്വത്തിന് ആശങ്കയുണ്ട്.



