
തിരുവനന്തപുരം: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വെള്ളാപ്പള്ളി ആവശ്യപ്പെടുകയാണെങ്കിൽ എൻ എസ് എസ് നേതൃത്വം ചർച്ച ചെയ്ത് ഐക്യത്തിനുള്ള തീരുമാനമെടുക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പ്രായത്തെ ബഹുമാനിക്കണമെന്നും അദ്ദേഹത്തെ വിമർശിക്കുമ്പോൾ രാഷ്ട്രീയക്കാർ ജാഗ്രത പാലിക്കണമെന്നും പറഞ്ഞ സുകുമാരൻ നായർ, എന്നാൽ അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകളോടും യോജിപ്പില്ലെന്നും കൂട്ടിച്ചേർത്തു.
എൻ എസ് എസ് – എസ് എൻ ഡി പി ഐക്യം തകർത്തത് യു ഡി എഫ് ആണെന്ന വെള്ളാപ്പള്ളിയുടെ നിലപാടിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ എസ് എസ് ‘സമദൂരം’ തുടരുമെന്നും വർഗീയതയ്ക്ക് എതിരായ നിലപാടിൽ സംഘടന ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ് എൻ ഡി പിയെ തകർക്കാൻ ചില ‘കുലംകുത്തികൾ’ ശ്രമിക്കുന്നുണ്ടെന്നടക്കം വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. കേരളം പോലെ മതസൗഹാർദ്ദം ഉള്ള മറ്റൊരു സംസ്ഥാനമില്ല. കേരളത്തിലെ ആ മതസൗഹാർദ്ദം തകർക്കാൻ പല ശക്തികളും രംഗത്തുണ്ടെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
എൻ എസ് എസിനെയും എസ് എൻ ഡി പിയെയും തമ്മിലടിപ്പിച്ചത് യു ഡി എഫ് ആണെന്നും എന്നാൽ ഇനി എൻ എസ് എസുമായി കലഹത്തിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മറിച്ച് എൻ എസ് എസുമായി സമരസപ്പെട്ട് മുന്നോട്ട് പോകുമെന്നും എസ് എൻ ഡി പി ജനറൽ സെക്രട്ടറി വ്യക്തമാക്കി.
ഈ മാസം 21 ന് ആലപ്പുഴയിൽ ചേരുന്ന എസ് എൻ ഡി പി സമ്മേളനം ഭാവിപരിപാടികൾ തീരുമാനിക്കുമെന്നും ജനറൽ സെക്രട്ടറി വിവരിച്ചു. എസ് എൻ ഡി പി യോഗം കണയന്നൂർ യൂണിയൻ വനിതാ സംഘത്തിന്‍റെ മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്തുകൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതിനെച്ചൊല്ലിയുള്ള വിവാദങ്ങളെ ജി സുകുമാരൻ നായർ പരിഹസിച്ചു. ‘വെള്ളാപ്പള്ളി നടേശന്‍ കാര്‍ കാണാത്ത ആളാണോ?’ എന്ന് ചോദിച്ച അദ്ദേഹം, ഇത്തരം കാര്യങ്ങള്‍ വിവാദമാക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് വ്യക്തമാക്കി. വെള്ളാപ്പള്ളിയെ വിമര്‍ശിക്കുന്നവര്‍ അദ്ദേഹം കണ്ടത്ര കാറുകള്‍ കണ്ടിട്ടുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



