കോടികൾ പൊടിച്ചുള്ള കല്യാണം വേണ്ട: കുടുംബാംഗങ്ങൾക്ക് എൻ.എസ്.എസിന്റെ കർശന നിർദേശം; കല്യാണം ആഘോഷമാക്കേണ്ടെന്ന് സുകുമാരൻ നായർ

കോടികൾ പൊടിച്ചുള്ള കല്യാണം വേണ്ട: കുടുംബാംഗങ്ങൾക്ക് എൻ.എസ്.എസിന്റെ കർശന നിർദേശം; കല്യാണം ആഘോഷമാക്കേണ്ടെന്ന് സുകുമാരൻ നായർ

സ്വന്തം ലേഖകൻ

ചങ്ങനാശേരി: കോടികൾ മുടക്കിയുള്ള ആഡംബര വിവാഹങ്ങൾക്കെതിരെ കർശന നിർദേശവുമായി എൻ.എസ്.എസും ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത്. എൻഎസ്എസിന്റെ മുഖപത്രമായ സർവീസിൽ എഴുതിയ ലേഖനത്തിലാണ് ജനറൽ സെക്രട്ടറി തന്റെയും സംഘടനയുടെയും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം അനാവശ്യമായ ആർഭാടം ഒഴിവാക്കാൻ സ്വയം നിയന്ത്രിക്കേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണെന്ന് എൻ.എസ്.എസ് വ്യക്തമാക്കുന്നു. വിവാഹം, ഉത്സവം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയിൽ ഇപ്പോഴും ധൂർത്ത് തുടരുന്നു. ആർഭാടം ഒഴിവാക്കാൻ സ്വയം നിയന്ത്രിക്കേണ്ടതു സമൂഹ നന്മയ്ക്ക് ആവശ്യമാണ്. ഓരോ കുടുംബവും സ്വയംപര്യാപ്തമാകണമെങ്കിൽ അവർ എല്ലാ ധൂർത്തിനോടും വിടപറയണമെന്നും ലേഖനം ഓർമിപ്പിക്കുന്നു.

ഒട്ടേറെ കുടുംബങ്ങൾ കടക്കെണിയിലാവാനും സാമ്പത്തിക തകർച്ച നേരിടാനും ഈ ധൂർത്ത് കാരണമാണ്. ദുരഭിമാനമാണു കുടുംബങ്ങളെ വിവാഹ ധൂർത്തിലേക്കു നയിക്കുന്നത്. വധുവിന്റെ സ്വർണാഭരണങ്ങൾ, വസ്ത്രങ്ങൾ, വിവാഹ സദ്യ എന്നിവയുടെ കാര്യത്തിലാണു സാമ്പത്തികനില മറന്നുള്ള മത്സരം. കടം വാങ്ങിയും കിടപ്പാടം പണയപ്പെടുത്തിയും മറ്റുള്ളവർക്കൊപ്പം എത്താൻ ശ്രമിക്കുന്നവർക്ക് പിന്നീട് കടം കയറിയും കിടപ്പാടം നഷ്ടപ്പെട്ടും ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയുണ്ടാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷണക്കത്തുകളിൽ തുടങ്ങി വിവാഹ നിശ്ചയങ്ങൾ പോലും ആർഭാടമാക്കുകയാണ്. വിവാഹനിശ്ചയത്തോടൊപ്പം മോതിരം കൈമാറുന്ന ചടങ്ങ്, വിവാഹത്തിന്റെ തലേന്ന് വധുവിന്റെ വീട്ടിലെ വിരുന്ന് സൽക്കാരം, വിവാഹാനന്തരം വരന്റെ വീട്ടിലെ സായാഹ്ന വിരുന്ന് തുടങ്ങിയവയെല്ലാം അനാവശ്യ ചടങ്ങുകളാണ്. വിവാഹ നിശ്ചയ ചടങ്ങ് അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചു നടത്താനും അതു മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ശ്രമിക്കണമെന്നും ലേഖനത്തിൽ പറയുന്നു.

ലേഖനത്തിന്റെ പൂർണരൂപം

സമുദായാംഗങ്ങൾക്കിടയിലെ വിവാഹധൂർത്ത് ഒഴിവാക്കുന്നത് സംബന്ധിച്ച് സർവീസിലെ മുഖപ്രസംഗത്തിലൂടെയും ലേഖനങ്ങളിലൂടെയും മന്നം ജയന്തി സമ്മേളനം ഉൾപ്പെടെയുള്ള വിവിധ സമ്മേളനങ്ങളിലൂടെയും ഇതിനുമുമ്പ്് പല അവസരങ്ങളിലും എൻ.എസ്.എസ് ആഹ്വാനം ചെയ്തിരുന്നു. തന്മൂലം ആ രംഗത്ത് കുറെയേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ കൂടിയും, ഇന്നും വിവാഹം, ഉത്സവം, ഗൃഹപ്രവേശനം, മരണാനന്തരചടങ്ങുകൾ തുടങ്ങിയ കാര്യങ്ങളിൽ ധൂർത്ത് ഇപ്പോഴും തുടരുന്നതായിത്തന്നെ പറയേണ്ടിയിരിക്കുന്നു

അന്ധവിശ്വാസവും അനാചാരവും, ആഡംബരഭ്രമവും, അടിയന്തരബഹുലതയും, കാലത്തിനു പറ്റാത്ത മരുമക്കത്തായവും കൊണ്ട്, പ്രഭാവമുള്ള മിക്ക നായർ തറവാടുകളും നാഥനും നമ്പിയുമില്ലാതെ അധഃപതനത്തിന്റെ അടിത്തട്ടിലേക്ക് അതിവേഗം പ്രയാണംചെയ്യുന്നതു കണ്ട ശ്രീ. മന്നത്തു പത്മനാഭൻ, ഈ അവസ്ഥയിൽ നിന്നും സമുദായത്തെ സമുദ്ധരിക്കാൻ ജീവിതകാലം മുഴുവൻ അനുഷ്ഠിച്ച ത്യാഗപൂർണവും നിസ്വാർത്ഥവുമായ സേവനം എന്നും നാം ഓർക്കേണ്ടതുണ്ട്. മുമ്പുണ്ടായിരുന്ന കൂട്ടുകുടുംബ വ്യവസ്ഥിതി, അണുകുടുംബങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഓരോ കുടുംബവും സ്വയംപര്യാപ്തമാകണമെങ്കിൽ അവർ ഏതു ധൂർത്തിനോടും വിടപറയേണ്ടത് അനിവാര്യമാണ്.

അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആഡംബരഭ്രമത്തിലും അടിയന്തരബഹുലതയിലും അകപ്പെട്ട്, തകർന്നടിഞ്ഞു കൊണ്ടിരുന്ന സമൂഹത്തെ നായർ സർവീസ് സൊസൈറ്റി എന്ന മഹത്തായ സംഘടനയ്ക്കു രൂപം നല്കി, അതിലൂടെ കർമ്മനിരതമാക്കാൻ കഴിഞ്ഞെങ്കിലും, സമുദായം ഇന്ന് നേരിടുന്നതും പരിഹരിക്കപ്പെടേണ്ടതുമായ വെല്ലുവിളികളിൽ മാരകമായിട്ടുള്ളത് മംഗല്യധൂർത്താണ്. നിരവധി കുടുംബങ്ങൾ കടക്കെണിയിൽ വീഴാനും, സാമ്പത്തികത്തകർച്ചയ്ക്ക് ഇടയാകാനും ഇത്തരം ധൂർത്തുകൾ കാരണമാകുന്നു. ദുരഭിമാനമാണ് ഇതിനെല്ലാം കാരണം. പെൺമക്കളെ ഒരു കുറവും കൂടാതെ, വിവാഹം നടത്തി അയയ്ക്കണമെന്ന ആഗ്രഹം എല്ലാ മാതാപിതാക്കൾക്കും ഉണ്ടാകാം. എന്നാൽ തങ്ങളുടെ സാമ്പത്തികസ്ഥിതി അറിഞ്ഞ് അതു നിർവഹിക്കാനുള്ള ഇച്ഛാശക്തി, മാതാവിനും പിതാവിനും ഒരുപോലെ ഉണ്ടാകേണ്ടതാണ്. വിവാഹനിശ്ചയം മുതൽ അത് ശ്രദ്ധിക്കേണ്ടതാണ്.

വിവാഹവേദിയിൽ വധുവിനെ അണിയിച്ചൊരുക്കുന്ന സ്വർണാഭരണങ്ങളുടെയും വേഷവിധാനങ്ങളുടെയും കാര്യത്തിലാണ് സാമ്പത്തികനില മറന്നുള്ള മത്സരം നടന്നുവരുന്നത്. വിവാഹസദ്യയുടെ കാര്യം പിന്നെ ചോദിക്കാനുമില്ല. ഇക്കാര്യത്തിൽ മറ്റുള്ളവരോടൊപ്പം എത്താൻ, കടമായും, സ്വന്തം കിടപ്പാടം പണയപ്പെടുത്തിയും തത്കാലകാര്യം കാണുന്നവർ, കടംകയറിയും കിടപ്പാടം നഷ്ടപ്പെട്ടും ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന എത്രയോ സംഭവങ്ങളാണ് കണ്ടുവരുന്നത്.

ക്ഷണക്കത്തുകൾ മുതൽ തുടങ്ങുന്നു ദുർവ്യയങ്ങൾ. വിവാഹനിശ്ചയങ്ങൾ പോലും വിവാഹം പോലെ ആർഭാടമാക്കുന്ന പതിവ്, വിവാഹനിശ്ചയത്തോടൊപ്പം മോതിരം കൈമാറുന്ന ചടങ്ങ്, വിവാഹത്തിന്റെ തലേന്നാൾ വധുവിന്റെ വീട്ടിലെ വിരുന്നുസത്കാരം, വിവാഹാനന്തരം വരന്റെ വീട്ടിലെ സായാഹ്നവിരുന്ന് ഇങ്ങനെ പോകുന്നു അനാവശ്യച്ചടങ്ങുകൾ. അനുകരണഭ്രമത്താലും, ദുരഭിമാനഭീതിയാലും സാധാരണക്കാർ പലപ്പോഴും ഇത്തരം ചടങ്ങുകൾക്ക് നിർബന്ധിതരാവുന്നു എന്നതാണ് വസ്തുത. അതോടെ അത്തരം കുടുംബങ്ങൾ നാശോന്മുഖമാകുന്നു. ഇത്തരം അനാവശ്യമായ ആർഭാടം ഒഴിവാക്കാൻ സ്വയം നിയന്ത്രിക്കേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണ്.

വിവാഹനിശ്ചയച്ചടങ്ങ് അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് നടത്താനും, അത് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനും ശ്രമിക്കുക, വിവാഹത്തിനാണെങ്കിലും ക്ഷണം ആവശ്യാനുസരണം പരിമിതപ്പെടുത്തുക, വിവാഹവേദി ആഡംബരരഹിതമാക്കുക, വിവാഹസമയം വധുവിനെ കുടുംബത്തിന്റെ കഴിവിനനുസൃതമായി സ്വർണാഭരണങ്ങൾ അണിയിക്കുക, വേഷവിധാനങ്ങൾ ക്രമപ്പെടുത്തുക, കഴിവതും വിവാഹാനന്തരം പാരമ്ബര്യവിധിപ്രകാരമുള്ള വിഭവസമൃദ്ധമായ സസ്യഭോജനം ഒരുക്കുക, മറ്റ് അനാവശ്യച്ചടങ്ങുകൾ നിർബന്ധമായും ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകളാണ് വിവാഹധൂർത്ത് ഒഴിവാക്കാൻ സ്വീകരിക്കേണ്ടത്. സമൂഹത്തിൽ കൂടുതൽ സമ്പത്തുള്ളവരാണ് ഇക്കാര്യത്തിൽ മറ്റുള്ളവർക്ക് മാതൃകയാകേണ്ടത്.

അവരുടെ സ്വാർത്ഥതയും മത്സരവുമാണ് സാധാരണക്കാരെ ഇത്തരം ധൂർത്തിലേക്ക് പ്രേരിപ്പിക്കുന്നത്. അവരെ ഓർത്തെങ്കിലും, കഴിവതും ആർഭാടവും അനാവശ്യച്ചടങ്ങുകളും ഒഴിവാക്കി, സമ്പത്തുള്ളവർ ഇക്കാര്യത്തിൽ മിതവ്യയം പാലിച്ച് സമൂഹത്തിന് മാതൃകയാകുന്നത് നന്നായിരിക്കും. അധിക സ്വർണാഭരണങ്ങൾ ഉണ്ടെങ്കിൽ, ആവശ്യത്തിനുമാത്രം വിവാഹവേദിയിൽ പ്രദർശിപ്പിക്കുകയും, ബാക്കിയുള്ളത് സ്വത്തായി നൽകുകയും ചെയ്താൽ, വിവാഹകാര്യത്തിൽ സമൂഹത്തിലെ സാധാരണക്കാർ നേരിടുന്ന വെല്ലുവിളിക്ക് ഒരളവു വരെ പരിഹാരം ആകുമായിരുന്നു. സമുദായത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്ക് ഇത് മാതൃക ആയേനെ.(നായർ സർവീസ് സൊസൈറ്റിയുടെ മുഖപത്രമായ സർവീസിന്റെ മുഖപ്രസംഗത്തിൽ നിന്ന്).