കേരളത്തിൽ കലാപന്തിന്റെ അന്തരീക്ഷം; എൻഎസ്എസ് കരയോഗ മന്ദിരങ്ങൾക്ക് നേരെ വ്യാപക ആക്രമണം: ചെങ്ങന്നൂരിൽ ക്ഷേത്രത്തിനു മുന്നിൽ സംഘർഷം; വെൺമണി പഞ്ചായത്തിൽ വ്യാഴാഴ്ച ഹർത്താൽ; ആശങ്കയിൽ സാധാരണക്കാർ
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള പ്രതിഷേധങ്ങൾ തെരുവിലേയ്ക്ക് ഇറങ്ങിയതോടെ കേരളത്തിൽ ഉടലെടുക്കുന്നത് കലാപത്തിന്റെ അന്തരീക്ഷം. ബിജെപിയും സംഘപരിവാർ സംഘടനകളും, സിപിഎമ്മും ഇരുവശത്ത് നിന്ന് പരസ്പരം പോർവിളിയും ആക്രോശവും നടത്തുമ്പോൾ തകരുന്നത് സാധാരണക്കാരായ ജനങ്ങളുടെ സമാധാനമാണ്. കേരളത്തിന്റെ മതസൗഹാർദപരമായ അന്തരീക്ഷമാണ് സുപ്രീം കോടതി വിധിയോടെ തകർന്നതെന്നാണ് വ്യക്തമാകുന്നത്. ഇതിന്റെ തുടർച്ചയായാണ് വിവിധ സ്ഥലങ്ങളിൽ എൻഎസ്എസ് കരയോഗങ്ങൾക്കു നേരെ നടന്ന ആക്രണങ്ങൾ. എൻഎസ്എസ് കരയോഗ മന്ദിരം ഓഫിസുകൾക്കു നേരെയുണ്ടായ ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തുമ്പോൾ വ്യക്തമാകുന്നത് ഒരു വിഭാഗം കരുതിക്കൂട്ടി ആക്രമണം നടത്തിയത് തന്നെയാണ്. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ പദ്ധതിയിട്ട് ആസൂത്രിതമായി കരയോഗങ്ങൾക്കെതിരെ നടത്തുന്ന ആക്രണങ്ങളിൽ നിന്നു തന്നെ ഇത് വ്യക്തമായിരിക്കുകയാണ്.
എൻഎസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം ആദ്യമുണ്ടായത് തിരൂവാർപ്പിലെ കരയോഗ മന്ദിരത്തിനു നേരെയായിരുന്നു. ഈ കരയോഗമന്ദിരം ഓഫിസ് ആക്രമി സംഘം അടിച്ച് തകർക്കുകയായിരുന്നു. പിന്നാലെ, ആലപ്പുഴയിൽ ബുധനാഴ്ച അക്രമി സംഘം ഓഫിസിനു മുന്നിലെ കൊടിമരത്തിൽ കരിങ്കൊടി ഉയർത്തി. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കരയോഗമന്ദിരങ്ങൾക്കു നേരെ വ്യാപകമായ ആക്രമണം ഉണ്ടാകുകയും ചെയ്തു.
ഏറ്റവും ഒടുവിൽ ആലപ്പുഴ ചേർത്തല വെൺമണിയിലാണ് ഡിവൈഎഫ്‌ഐ – ആർഎസ്എസ് പ്രവർത്തകർ നേർക്കുനേർ ഏറ്റുമുട്ടിയത്. ആക്രമണങ്ങൾക്കും സംഘർഷങ്ങൾക്കുമിടെ ഒരു വിഭാഗം ഡിവൈഎഫ്‌ഐ പ്രവർത്തകർ ചെങ്ങന്നൂർ വെണ്മണി കല്യാത്ര ഭുവനേശ്വരി ദേവീക്ഷേത്രത്തിനു നേരെ കല്ലേറ് നടത്തിയതായി ആർഎസ്എസും സംഘപരിവാർ സംഘടനകളും ആരോപിക്കുന്നു. ക്ഷേത്രത്തിലേയ്ക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ ബിയർ കുപ്പികളും കല്ലും വലിച്ചെറിഞ്ഞതായാണ് ആരോപണം ഉയർന്നിരിക്കുന്നത്.
എന്നാൽ, ഡിവൈഎഫ്‌ഐ വെൺമണി മേഖലാ പ്രസിഡന്റ് സിബി എബ്രഹാമിന്റെ വീടിനു നേരെ ചൊവ്വാഴ്ച ആക്രമണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരായ സുനിൽ, മനോജ് എന്നിവരെ പൊലീസ്് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകരുടെ വീടുകൾക്കു നേരെ നേരത്തെ ആക്രമണവുമുണ്ടായിരുന്നു. ഇതെല്ലാം നില നിൽക്കെ ബുധനാഴ്ച വൈകിട്ട് നഗരത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രകടനം നടത്തി. ഇതിനിടെ ഒരു സംഘം ആർഎസ്എസ് പ്രവർത്തകരുമായി ഇവർ ഏറ്റുമുട്ടുകയായിരുന്നു. ഇതാണ് സ്ഥിതി ഗതികൾ കൈവിട്ട് പോകാൻ ഇടയാക്കിയത്.