എൻ.എസ്.എസ് സുകുമാരൻനായരുടെ കുടുംബസ്വത്തോ..! സുകുമാരൻ നായരുടെ സഹോദരൻ അടക്കം എല്ലാവർക്കും ജോലി എൻ.എസ്.എസ് സ്ഥാപനങ്ങളിൽ; അഭ്യസ്ഥവിദ്യരായ നൂറുകണക്കിന് യുവാക്കൾ തൊഴിലില്ലാതെ നിൽക്കുമ്പോൾ എൻ.എസ്.എസ് കുടുംബ സ്വത്താക്കി സുകുമാരൻ നായർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: നായർ സർവീസ് സൊസൈറ്റി എന്നത് സുകുമാരൻ നായരുടെ കുടുംബ സ്വത്താണോ..? കഴിഞ്ഞ ദിവസം അന്തരിച്ച സുകുമാരൻ നായരുടെ സഹോദരന്റെ ചരമ വാർത്ത വായിക്കുന്ന ആർക്കും ഇത് തോന്നിപ്പോകും. ഇദ്ദേഹത്തിനും, ഇദ്ദേഹത്തിന്റെ മക്കൾക്കും എല്ലാം ജോലി എൻ.എസ്.എസ് ആസ്ഥാനത്ത്. അഭ്യസ്ഥവിദ്യരായ നായർ യുവാക്കൾക്ക് കരയോഗത്തിന്റെ കത്തിനൊപ്പം ലക്ഷങ്ങൾ കൂടി നൽകിയെങ്കിൽ മാത്രമേ എൻ.എസ്.എസിന്റെ ഏതെങ്കിലും സ്ഥാപനങ്ങളിൽ ജോലി ലഭിക്കൂ എന്നിരിക്കെയാണ് സുകുമാരൻ നായരുടെ കുടുംബാംഗങ്ങൾ മുഴുവനും എൻ.എസ്.എസിൽ ജോലി സ്വന്തമാക്കിയിരിക്കുന്നത്.
സുകുമാരൻ നായരുടെ സഹോദരൻ ജി.പുരുഷോത്തമൻ നായർ (86) കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇദ്ദേഹം പന്തളം മന്നം ഷുഗർ മിൽസിലെ ജീവനക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ സരസമ്മയ്ക്കു മാത്രമാണ് പേരിനൊപ്പം എൻ.എസ്.എസിന്റെ ഏതെങ്കിലും സ്ഥാപനത്തിന്റെ വാലില്ലാത്തത്. ഇദ്ദേഹത്തിന്റെ മൂത്ത മകൻ പി.രാജഗോപാലൻ നായർ പന്തളം എൻ.എസ്.എസ് പോളിടെക്‌നിക് കോളേജിലെ സൂപ്രണ്ടാണ്, മറ്റൊരു മകൾ എസ്.ശ്രീകല പന്തളം എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം യു.പി സ്‌കൂളിലെ അദ്ധ്യാപികയാണ്, മറ്റൊരു മകളായ പി.ജയ പന്തളത്തെ തന്നെ എൻ.എസ്.എസ് പോളിടെക്‌നിക്കിൽ അദ്ധ്യാപികയുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ ബയോഡേറ്റ എടുത്തു പരിശോധിച്ചാൽ അറിയാം ഇവരുടെയെല്ലാം വിദ്യാഭ്യാസം എൻ.എസ്.എസിന്റെ സ്ഥാപനങ്ങളിൽ തന്നെയായിരിക്കും. മക്കളുടെ കാര്യം കഴിഞ്ഞാൽ മരുമക്കളുടെ കാര്യം ഒന്നു പരിശോധിച്ചാൽ അതും മുഴുവനായും എൻ.എസ്.എസ് എന്നു തന്നെയാണ്. മൂത്ത മരുമകൾ സജികുമാരി പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ ജീവനക്കാരിയാണ്. രണ്ടാമത്തെ മരുമകൻ ഗോപകുമറാകട്ടെ പന്തളം എൻ.എസ്.എസ് കോളേജിലെ റിട്ട.സീനിയർ സൂപ്രണ്ടാണ്. എൻ.എസ്.എസ് ബോയ്‌സ് ഹൈസ്‌കൂളിലെ അദ്ധ്യാപകനാണ് മൂന്നാമത്തെ മരുമകൻ അനിൽകുമാർ.
സാധാരണക്കാരിൽ സാധാരണക്കാരായ നായന്മാരായ യുവാക്കൾ ജോലിയില്ലാതെ പുറത്തു നിൽക്കുമ്പോഴാണ് മക്കളും മരുമക്കളുമായി ആറു പേർക്ക് എൻ.എസ്.എസിന്റെ സ്ഥാപനങ്ങളിൽ സുകുമാരൻ നായർ ജോലി വാങ്ങി നൽകിയിരിക്കുന്നത്. ഇവരുടെ മക്കളുടെ ജോലിയും വിവരങ്ങളും ഇനിയും പുറത്തു വരാത്തതിനാൽ ഇവരൊക്കെ ഏത് സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത് എന്നു വ്യക്തവുമല്ല. ഈ സാഹചര്യത്തിൽ എൻ.എസ്.എസ് എന്നത് സുകുമാരൻ നായർ കുടുംബ സർവീസ് സൊസൈറ്റി എന്നതാണോ എന്നു പോലും ആളുകൾ സംശയിച്ചു തുടങ്ങിയിട്ടുണ്ട്.