വെള്ളാപ്പള്ളിയ്ക്ക് വെല്ലുവിളിയായി മൈക്രോ ഫിനാൻസ്: പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് ബിഡിജെഎസ് ഇടതു മുന്നണിയുമായി സഹകരിക്കും; ഒന്നും ഭയക്കാനില്ലാതെ സർക്കാരിനെ വെല്ലുവിളിച്ച് ഹീറോയായി സുകുമാരൻ നായർ: എൻഎസ്എസിനെ നേരിടാൻ ആയുധമില്ലാതെ പിണറായി
തേർഡ് ഐ ബ്യൂറോ
ചങ്ങനാശേരി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദു ഐക്യത്തിൽ വിള്ളൽ വീഴ്ത്തിയെങ്കിലും എൻഎസ്എസിനെ തൊടാനാവാതെ പിണറായി വിജയൻ. ശബരിമലയിലെ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ എടുത്ത നിലപാടിൽ നിന്നും അണുവിട വ്യത്യാസമില്ലാതെ നിൽക്കുന്ന സുകുമാരൻ നായരുടെ ജനുവരി ഒന്നിലെ മന്നം ജയന്തി ദിനത്തിലെ പ്രസംഗത്തിലേയ്ക്കാണ് ഇനി എല്ലാവരും ഒറ്റു നോക്കുന്നത്. ഇതു വരെ സമദൂരം മാത്രം പ്രസംഗിച്ചിരുന്ന സുകുമാരൻ നായർ ജനുവരി ഒന്നിന് എൻഎസ്എസിന്റെ രാഷ്ട്രീയ നയം പ്രഖ്യാപിക്കും. വനിതാ മതിൽ നടക്കുന്ന ദിവസം തന്നെ എൻഎസ്എസ് നയം പ്രഖ്യാപിക്കുന്നതിനെ ആകാംഷയോടെയാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നതും. എൻഎസ്എസിന്റെ രാഷ്ട്രീയ നയം സുകുമാരൻ നായർ പ്രഖ്യാപിക്കുന്നത് ഏതാണ്ട് സിപിഎമ്മിനും ഇടതു മുന്നണിയ്ക്കും എതിരാവുമെന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഈ നയം കോൺഗ്രസിനോ ബിജെപിയ്‌ക്കോ അനുകൂലമാകുമോ എന്നാണ് ഇനി കാത്തിരിക്കുന്നത്. കോൺഗ്രസ് ചായ് വ് നേരത്തെ മുതൽ തന്നെ പ്രകടിപ്പിച്ചിരുന്ന എൻഎസ്എസ് അയ്യപ്പജ്യോതിയിൽ ആർഎസ്എസുമായി കൈ കോർത്തിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ബിജെപിയ്‌ക്കോ കോൺഗ്രസിനോ ഒപ്പമാണോ എൻഎസ്എസ് എന്ന ചർച്ച ഉയർന്നിരിക്കുന്നത്.
വെള്ളാപ്പള്ളി നടേശനെ ഇടതു മുന്നണിയുടെ വനിതാ മതിലിൽ ചേർത്തു നിർത്തുന്നത് മൈക്രോ ഫിനാൻസ് കേസ് മാത്രമാണ്. മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളിയെ കുടുക്കാൻ വേണ്ടതെല്ലാം സിപിഎമ്മും സർക്കാരും ഒരുക്കി വച്ചിട്ടുണ്ട്. ഈ കെണിയിൽ പെട്ട് നിൽക്കുകയാണ് വെള്ളാപ്പള്ളി ഇപ്പോൾ. ഇതു കൂടാതെ ഇപ്പോൾ ശബരിമല വിഷയത്തിൽ നടക്കുന്ന സമരങ്ങൾ ബിജെപിയ്ക്ക് ഗുണം ചെയ്യില്ലെന്നും എസ്എൻഡിപി വിലയിരുത്തുന്നു. ശബരിമല വിഷയത്തിൽ ഇപ്പോൾ രംഗത്ത് ഇറങ്ങിയിരിക്കുന്ന സമരക്കാരിൽ ഏറെയും കോൺഗ്രസിന്റെയും എൻഎസ്എസിന്റെയും സജീവ പ്രവർത്തകരാണ്. എൻഎസ്എസിന്റെ പ്രവർത്തകരായ സ്ത്രീകളിൽ പലർക്കും രാഷ്ട്രീയ ചായ് വ് തീരെ ഇല്ല താനും. ഇവർ പരമ്പരാഗതമായി കോൺഗ്രസിന് വോട്ട് ചെയ്യുന്നവരാണ്. ആചാരം തകർക്കാൻ ശ്രമിക്കുന്ന സിപിഎമ്മിന് എതിരായാണ് ഇവരുടെ വികാരം. ആചാര സംരക്ഷണത്തിന്റെ പേരിൽ ബിജെപി നടത്തിയ പല സമരങ്ങളോടും ഇവർക്ക് കടുത്ത എതിർപ്പാണ് താനും. ഈ സാഹചര്യത്തിൽ ഈ സ്ത്രീകളുടെ വോട്ട് ബിജെപിയ്ക്ക് അനുകൂലമാകില്ലെന്ന നിഗമനത്തിലാണ് ഇപ്പോൾ എസ്എൻഡിപി എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ എസ്എൻഡിപി ബിജെപിയെ പിൻതുണക്കുന്നത് കൊണ്ട് കാര്യമായ നേട്ടമുണ്ടാകില്ലൈന്നാണ് വെള്ളാപ്പള്ളിയുടെ വിലയിരുത്തൽ.
ഇതു കൂടാതെ വെള്ളാപ്പള്ളിയ്‌ക്കെതിരായ മൈക്രോ ഫിനാൻസ് കേസിലെ ഇപ്പോഴത്തെ വിജിലൻസ് നടപടികളും ഇദ്ദേഹത്തിനു പാരയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇനിയും ബിജെപിയ്‌ക്കൊപ്പം നിന്നാൽ ഇത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന്് വെള്ളാപ്പള്ളി തിരിച്ചറിയുന്നു. ഇപ്പോൾ വെള്ളാപ്പള്ളി സ്വീകരിക്കുന്ന നിലപാട് തങ്ങൾക്ക് എതിരാകുമെന്ന് തിരിച്ചറിഞ്ഞ സിപിഎം ഇതിനിടെ എസ്എൻഡിപി ശാഖകൾ പിടിച്ചെടുക്കാനുള്ള തന്ത്രവും ഒരുക്കിയിട്ടുണ്ട്. ശാഖകൾ പിടിച്ചെടുക്കുന്നതിനായി ശാഖാ കമ്മിറ്റികളിൽ പലതിലും സിപിഎമ്മുകാർ പ്രാദേശികമായി നുഴഞ്ഞു കയറിയിട്ടുണ്ട്. ഇതുകൂടാതെയാണ് എസ്എൻഎഡിപി സമുദായത്തിൽ വെള്ളാപ്പള്ളിയുടെ നിലപാടുകൾക്കെതിരായി ഉയർന്നിരിക്കുന്ന അസംതൃപ്തി. ഇതെല്ലാം അടുത്ത എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. കാൽ നൂറ്റാണ്ട് കാലമായി എസ്എൻഡിപിയിലെ എതിരാളിയില്ലാത്ത നേതാവായിരുന്ന വെള്ളാപ്പള്ളിയ്ക്ക് അടുത്ത തിരഞ്ഞെടുപ്പിൽ ഭീഷണി ഉയരുന്നു എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.
ഇതിനിടെ സുകുമാരൻ നായർ സർക്കാരിനെതിരെ തിരിയാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് നാട്ടകം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതാണ്. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ അതിരൂക്ഷമായ വിമർശനമാണ് സുകുമാരൻ നായർക്ക് നേരിടേണ്ടി വന്നത്. ഇതിന് പ്രതികാരം ചെയ്യാൻ സുകുമാരൻ നായർ തക്കം പാർത്തിരിക്കുകയായിരുന്നു. ഇതാണ് ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ പ്രതികരിക്കാൻ സുകുമാരൻ നായരെ ഇരട്ട ശക്തനാക്കിയതും. ഇതു കൂടാതെ എൻഎസ്എസിന്റെ എല്ലാ കരയോഗ്ങ്ങളും ഇപ്പോൾ സുകുമാരൻ നായരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. അത്രത്തോളം ശക്തനാണ് സുകുമാരൻ നായർ. ശബരിമല വിഷയത്തിലെ കരുത്തുറ്റ നിലപാടിലൂടെ ബാക്കിയുണ്ടായിരുന്ന സമുദായ അംഗങ്ങൾക്കിടയിലും കരുത്തനായ ജനറൽ സെക്രട്ടറി എന്ന സ്ഥാനം സുകുമാരൻ നായർ ഉറപ്പിച്ചിട്ടുണ്ട്. ഇതിനെയാണ് ഇപ്പോൾ പിണറായി വിജയനും സിപിഎമ്മും ഭയക്കുന്നതും.