
‘നടപടി വേണം…! സുഹൃത്തുക്കള്‍ക്കൊപ്പം ചേർന്ന് തന്നെ ക്രൂരമായി മർദ്ദിച്ചു; അഫ്സാനയ്ക്കെതിരെ നൗഷാദിന്റെ പരാതി
സ്വന്തം ലേഖിക
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നല്‍കിയ അഫ്സാനക്കെതിരെ ഭര്‍ത്താവ് നൗഷാദ് പൊലീസില്‍ പരാതി നല്‍കി.
തന്നെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് അഫ്സാനയ്ക്കെതിരെ അടൂര്‍ പൊലീസില്‍ നൗഷാദ് പരാതി നല്‍കിയത്. അഫ്സാനയും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഇതാണ് നാടുവിടാൻ കാരണമെന്നുമാണ് നൗഷാദ് പരാതിയില്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിലില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവും ആരോപണങ്ങളുമാണ് നൗഷാദിനെതിരെ അഫ്സാന ഉയര്‍ത്തിയത്. എന്നാല്‍ താൻ കുട്ടികളെ അടക്കം ഉപദ്രവിച്ചെന്ന അഫ്‌സാനയുടെ ആരോപണം കളവാണെന്നും നൗഷാദ് പറഞ്ഞു.
നേരത്തെ, നൗഷാദിനെ കൊന്നെന്ന് പൊലീസ് മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്നും കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റെന്നും അഫ്സാന ആരോപിച്ചിരുന്നു. പൊലീസിനെതിരെ മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് അഫ്സാന ഇന്ന് പരാതി നല്‍കാനിരിക്കെ പൊലീസ് ഇന്നലെ മറ്റൊരു വീഡിയോ പുറത്ത് വിട്ടു.
പൊലീസിൻ്റെ തെളിവെടുപ്പ് വീഡിയോയാണ് പുറത്ത് വന്നത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം മുഖത്തടക്കം അഫ്സാന കാണിച്ച പാടുകള്‍ വ്യാജമാണെന്നാണ് വാദം. കൊലക്കേസില്‍ കുടുക്കാൻ മര്‍ദ്ദിച്ചുവെന്ന അഫ്സാനയുടെ ആരോപണം കളവാണെന്നും പൊലീസ് വിശദീകരിക്കുന്നു.