
മധ്യപ്രദേശിൽ പോലീസ് പിന്തുടർന്ന് എത്തിയതോടെ കുളത്തിൽ ചാടിയ പ്രതി വെള്ളത്തിനടിയിൽ ഒളിച്ചിരുന്നത് 5 മണിക്കൂറാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ എസി കോച്ചിൽ നിന്ന് അതിവേഗത്തിൽ ഇറങ്ങിപ്പോകുകയായിരുന്നു യുവാവ്. തുടർന്ന് സംശയം തോന്നി പോലീസ് പിന്തുടർന്നു. റെയിൽ പാളത്തിന് സമീപത്തെ താമരക്കുളം വരെ പോയ യുവാവിനെ കാണാനില്ല. സിനിമാ സ്റ്റൈൽ തിരച്ചിലിൽ താമരക്കുളത്തിൽ അഞ്ച് മണിക്കൂറോളം ഒളിച്ചിരുന്ന മോഷ്ടാവായ യുവാവിനെ പൊലീസ് പിടികൂടി. അറസ്റ്റിൽ നിന്ന് ഒഴിവാകാൻ 5 മണിക്കൂറാണ് മോഷ്ടാവ് കുളത്തിന് അടിയിൽ ഒളിച്ചിരുന്നത്. ഈ സമയത്ത് താമരയുടെ തണ്ട് ഉപയോഗിച്ചായിരുന്നു ഇയാൾ ശ്വസിച്ചിരുന്നത്. മധ്യപ്രദേശിലെ സിഹോറ റെയിൽവേ സ്റ്റേഷന് സമീപമാണ് സിനിമാ സ്റ്റൈൽ രംഗങ്ങളെ വെല്ലുന്ന ഈ സംഭവം നടന്നത്.
റെയില്‍വേയുടെ പിടികിട്ടാപ്പുള്ളികളില്‍ പ്രധാനിയായ ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശി ഹര്‍വീന്ദര്‍ സിംഗ് എന്ന കുറ്റവാളിയെയാണ് അതിസാഹസികമായി പിടികൂടിയത്. ട്രെയിനുകളിലെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ പ്രധാനമായും ലക്ഷ്യമിടുന്ന ഇയാൾ ആർപിഎഫിന്റെ കെണിയിൽ നിന്നും രക്ഷപ്പെടാനാണ് സമീപത്തെ കുളത്തിലേക്ക് ചാടിയത്. പുല്ല് കയറി, മാലിന്യം മൂടിയ കുളത്തിനടിയിൽ ഇയാൾ ഒളിച്ചതോടെ പൊലീസും വലഞ്ഞു. വെള്ളത്തിനടിയിൽ ഒളിച്ചിരുന്ന ഇയാളെ കണ്ടെത്താൻ ആർപിഎഫ് ഉദ്യോഗസ്ഥർ ഏറെ ബുദ്ധിമുട്ടി.
കാഴ്ചാ പരിധി കുറവായതിനാൽ ഒടുവിൽ റെയിൽവേ പൊലീസിന് മുങ്ങൽ വിദഗ്ധരുടെ സഹായവും തേടേണ്ടി വന്നു. അഞ്ചുമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇയാളെ കണ്ടെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ പോലും അത്ഭുതപ്പെട്ടത്. ഒരു താമരത്തണ്ട് ശ്വസനക്കുഴലായി ഉപയോഗിച്ചാണ് ഇയാൾ ഇത്രയും നേരം ശ്വാസം മുട്ടാതെ വെള്ളത്തിനടിയിൽ ഒളിച്ചിരുന്നത്. ഇയാളുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി രണ്ട് ഡസനോളം കേസുകൾ നിലവിലുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


