ക്ലാസില്‍ എത്താതിന് മഹാരാജാസ് കോളജിന്റെ നോട്ടീസ് ; പഠനം അവസാനിപ്പിക്കുന്നതായി ആര്‍ഷോയുടെ മറുപടി
സ്വന്തം ലേഖകൻ
കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ മഹാരാജാസ് കോളജിലെ പഠനം അവസാനിപ്പിക്കുന്നു. ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സില്‍ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ ആര്‍ഷോ ഈ സെമസ്റ്റര്‍ ആരംഭിച്ച ശേഷം ക്ലാസില്‍ എത്തിയിട്ടില്ലെന്ന് കാണിച്ച് കോളജ് അധികൃതര്‍ നോട്ടിസ് അയച്ചിരുന്നു. ആറാം സെമസ്റ്റര്‍ കൊണ്ട് എക്‌സിറ്റ് ഓപ്ഷന്‍ എടുക്കുകയാണെന്ന് ഇതിന് മറുപടി നല്‍കിയതായാണ് വിവരം. ഇമെയില്‍ മുഖേനയാണ് ക്ലാസ് ടീച്ചറെ വിവരം അറിയിച്ചത്.
15 ദിവസം തുടര്‍ച്ചയായി ഹാജരായില്ലെങ്കില്‍ ഇതിന്റെ വിശദീകരണം ചോദിക്കാറുണ്ട്. ഇത്തരത്തില്‍ സാങ്കേതികമായി അന്വേഷിച്ചതാണെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. ഏഴാം സെമസ്റ്ററില്‍ തുടര്‍ പഠനത്തിന് പേരുള്ള സാഹചര്യത്തില്‍ ആര്‍ഷോയ്ക്ക് എക്‌സിറ്റ് ഓപ്ഷന്‍ നല്‍കാനാകുമോ അതോ ‘റോള്‍ ഔട്ട്’ എന്ന പുറത്താക്കല്‍ നടപടിയാണോ സ്വീകരിക്കുക എന്ന കാര്യത്തില്‍ യൂണിവേഴ്‌സിറ്റിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് കോളജ് എന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
10 സെമസ്റ്ററുള്ള ഇന്റഗ്രേറ്റഡ് കോഴ്‌സില്‍ ആറു സെമസ്റ്റര്‍ കഴിഞ്ഞാല്‍ എക്‌സിറ്റ് ഓപ്ഷന്‍ എടുക്കാമെന്നാണ് ചട്ടം. ഡിഗ്രിയുടെ തുടര്‍ച്ചയായി പിജിയും കൂടി പഠിക്കാനുള്ളതാണ് ഇന്റഗ്രേറ്റഡ് കോഴ്‌സ്. ആറു സെമസ്റ്റര്‍ കഴിഞ്ഞാല്‍ ബിരുദം മാത്രമേ പൂര്‍ത്തിയാകുന്നുള്ളൂ. ഡിഗ്രി കൊണ്ട് മഹാരാജാസിലെ പഠനം അവസാനിപ്പിക്കുന്നു എന്നുമാണ് ആര്‍ഷോ വ്യക്തമാക്കിയിരിക്കുന്നത്. ഇത് അനുവദിക്കുമോ അതോ റോള്‍ ഔട്ട് ചെയ്യുക എന്ന സാങ്കേതികകാര്യം ചെയ്യുമോ കോളജ് അധികൃതര്‍ എന്നാണ് അറിയാനുള്ളത്. നേരത്തെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലടക്കം ആര്‍ഷോ ഇടംപിടിച്ചിരുന്നു.