
കൊച്ചി: രണ്ടാഴ്ചയ്ക്കിടെ 3 സ്ത്രീകളുടെ ശ്വാസകോശത്തിൽ കുടുങ്ങിയ മൂക്കുത്തിയുടെ ആണികളാണ് അമൃത ആശുപത്രിയിലെ ഇന്റർവെൻഷനൽ പൾമനോളജി വിഭാഗം നീക്കം ചെയ്തത്.
അമൃതയിലെ ഇന്റർവെൻഷനൽ പൾമനോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ബ്രോങ്കോസ്കോപ്പി രീതിയിൽ ട്യൂബുകൾ ശ്വാസകോശത്തിലേക്കു കടത്തി ഒരു മണിക്കൂറോളം നീണ്ട പ്രക്രിയയിലൂടെയാണു മൂക്കുത്തിയുടെ ഭാഗങ്ങൾ പുറത്തെടുത്തത്.
31 വയസ്സുകാരിയുടെ ശ്വാസകോശത്തിന്റെ വലതു ഭാഗത്ത് അടിവശത്തായി തറഞ്ഞു കിടക്കുകയായിരുന്നു സ്വർണ മൂക്കുത്തിയുടെ ആണി; 2 വർഷം മുൻപു നഷ്ടപ്പെട്ടതായിരുന്നു ഇത്.44 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ കണ്ടെത്തിയത് വെള്ളി മൂക്കുത്തിയുടെ ആണിയായിരുന്നു. 6 മാസം മുൻപാണ് ഇതു കാണാതെ പോയത്. വിദേശ യാത്രയ്ക്കുള്ള വീസ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണു 2 പേരുടെ ശ്വാസകോശത്തിൽ മൂക്കുത്തിയുടെ ആണി കുടുങ്ങി കിടക്കുന്നതു കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യ പരിശോധനയുടെ ഭാഗമായി എക്സ്റേ എടുത്തപ്പോഴാണു 52 വയസ്സുകാരിയുടെ ശ്വാസകോശത്തിന്റെ വലതു ഭാഗത്തായി സ്വർണ മൂക്കുത്തിയുടെ ആണി കണ്ടെത്തിയത്; ഇതും കാണാതായിട്ട് 2 വർഷമായിരുന്നു. മൂവർക്കും ചെറിയ ചുമയല്ലാതെ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.
ബ്രോങ്കോസ്കോപ്പി രീതിയിൽ നീക്കാൻ കഴിഞ്ഞില്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ ശ്വാസകോശത്തിന്റെ ഈ ഭാഗം മുറിച്ചു മാറ്റേണ്ടി വന്നേക്കാമെന്നും ഡോ. ടിങ്കു ജോസഫ് പറഞ്ഞു.



