
സ്വന്തം ലേഖകൻ
പനച്ചിക്കാട്: അക്രമാസക്തനായ ഇതരസംസ്ഥാന തൊഴിലാളി കുഴിമറ്റത്തെ നാട്ടുകാരെയും സ്കൂള്‍ കുട്ടികളെയും വിറപ്പിച്ചത് ഒരു മണിക്കൂറിലധികം. ഒടുവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ അക്രമിയെ കീഴ്പ്പെടുത്തി പോലീസില്‍ ഏല്പിച്ചു.
കഴിഞ്ഞ ദിവസമാണ് സദനം സ്കൂളിനു സമീപം തുണ്ടിപ്പറമ്പ് ഭാഗത്ത് ഇയാളെ കണ്ടത്. വലിയ കല്ലുകള്‍ എടുത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ ഇയാളുടെ ഏറില്നിന്നു പലരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. വലിയൊരുകമ്ബുമായി പത്തോളം വീടുകളില്‍ കയറി ഭീഷണി മുഴക്കിയ ഇയാള്‍ പിന്നീട് സദനം സ്കൂളിലേക്ക് ഓടിക്കയറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആളുകള്‍ പിന്നാലെയെത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എഴുപതോളം വിദ്യാര്‍ഥികള്‍ എൻസിസി പരിശീലനത്തിലേര്‍പ്പെട്ടിരുന്ന സ്കൂള്‍ ഗ്രൗണ്ടിലെ വലിയ മതില് ചാടിക്കടന്ന് ഓടി. പത്തിലധികം മതിലുകള്‍ ചാടിക്കടന്ന് ഇടവഴികളിലൂടെ ഓടിയ ഇയാളെ സമീപത്തെ ഒരു വീട്ടുമുറ്റത്തു വച്ച് റോയി മാത്യു പിന്നാലെയെത്തി കീഴ്പ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നു യുവാവിന്റെ കൈയിലുണ്ടായിരുന്ന കമ്ബ് പിടിച്ചുവാങ്ങി തടഞ്ഞു നിര്‍ത്തി. പിന്നീട് ചിങ്ങവനം പോലീസെത്തി ഈ ഇതരസംസ്ഥാന തൊഴിലാളിയെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. മൂന്നു മാസം മുന്‍പ് റബര്‍ കമ്ബനിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ഇതരസംസ്ഥാന തൊഴിലാളി തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് പനച്ചിക്കാട് പഞ്ചായത്തിലെ പൂവന്തുരുത്തിലാണ്.