play-sharp-fill
നിരോധിച്ചിട്ടും ഒഴിയാത്ത നോക്കുകൂലി; പന്തലിടാൻ എത്തിയവരോട് ആവശ്യപ്പെട്ടത് 25,000 രൂപ; കൊടുത്തില്ലെങ്കിൽ സംരംഭം തന്നെ പൂട്ടിക്കുമെന്നുള്ള ഭീഷണിയും; നിരോധനം കാറ്റിപ്പറത്തിയാണ് ഇത്തരക്കാര്‍ ഗൂഡ സംഘങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്നത്

നിരോധിച്ചിട്ടും ഒഴിയാത്ത നോക്കുകൂലി; പന്തലിടാൻ എത്തിയവരോട് ആവശ്യപ്പെട്ടത് 25,000 രൂപ; കൊടുത്തില്ലെങ്കിൽ സംരംഭം തന്നെ പൂട്ടിക്കുമെന്നുള്ള ഭീഷണിയും; നിരോധനം കാറ്റിപ്പറത്തിയാണ് ഇത്തരക്കാര്‍ ഗൂഡ സംഘങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്നത്

കോട്ടയം: നോക്കുകൂലി നിരോധിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ നിന്ന് ഒഴിഞ്ഞിട്ടില്ല. ഐ.എസ്.ആര്‍.ഒയോടു പോലും നോക്കുകൂലി ചോദിച്ച നാട്ടിലാണു നമ്മള്‍ ജീവിക്കുന്നത്.

നിരോധനം വന്നതിനു ശേഷം മുമ്ബുണ്ടായിരുന്നത്ര ഇല്ലെങ്കിലും ഇന്നും നോക്കുകൂലി ആവശ്യപ്പെട്ടു തൊഴിലാളികള്‍ സംഘടനകളുടെ പിന്‍ബലത്തില്‍ എത്താറുണ്ട്.

എതിര്‍ക്കുന്നവരെ പല മര്‍ഗങ്ങളിലൂടെയും ഉപദ്രവിക്കാന്‍ കെല്‍പ്പുള്ളവരാണ് ഇക്കൂട്ടര്‍. വേണ്ടി വന്നാല്‍ സംരംഭം തന്നെ പൂട്ടിക്കാന്‍ തക്കശേഷി ഇക്കൂട്ടര്‍ക്കുണ്ട്. സിനിമാ ഷൂട്ടിങ്ങിനുള്ള പന്തല്‍പണിക്കായി സാധനങ്ങള്‍ ഇറക്കാന്‍ വന്‍ തുക നോക്കുകൂലിയായി ചുമട്ടുതൊഴിലാളികള്‍ ചോദിച്ചതോടെയാണ് നോക്കുകൂലി വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

70,000 രൂപയുടെ പന്തല്‍ കെട്ടാന്‍ 25,000 രൂപയാണ് നോക്കുകൂലിയാണ് ഇക്കൂട്ടര്‍ ആവശ്യപ്പെട്ടത്. പരാതി ഉയര്‍ന്നതോടെ മന്ത്രി വി. ശിവന്‍കുട്ടി തൊഴിലാളികള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. പിന്നീട് നോക്കുകൂലി ചോദിച്ച ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം സസ്പെന്‍ഡ് ചെയ്തു ഉത്തരവും എത്തി.

70,000 രൂപയ്ക്കാണ് പന്തല്‍പണിക്കാരന്‍ കരാറെടുത്തിരുന്നത്. മൂവായിരം ചതുരശ്രയടി പന്തലിനുള്ള ഷീറ്റും ഇരുമ്ബുകമ്ബികളുമടങ്ങിയതായിരുന്നു സാമഗ്രികള്‍. നോക്കു കൂലി ചോദിച്ചതോടെ പതിനായിരം രൂപ വരെ കൊടുക്കാന്‍ കരാറുകാരന്‍ തയ്യാറായെങ്കിലും ചുമട്ടുതൊഴിലാളികള്‍ വഴങ്ങിയില്ല.

25000 തന്നെ നല്‍കണമെന്ന് ആവശ്യപ്പെട്ടു.സാധനങ്ങളിറക്കുന്നതു തടസപ്പെടുത്തിയതോടെയാണ് കരാറുകാരന്‍ പോലീസിലും മന്ത്രിക്കും പരാതി നല്‍കിയത്. പലപ്പോഴും ഒറ്റപ്പെട്ട സംഭവമായി ഇതിനെ ചിത്രീകരിക്കാനാണ് തൊഴിലാളി സംഘടനകളും രാഷ്ട്രീയ നേതാക്കളും ശ്രമിക്കാറുള്ളത്.

കൂട്ടമായെത്തി പണം ആവശ്യപ്പെടുമ്ബോള്‍ പലരും ഇവരെ പണം കൊടുത്ത് ഒഴിവാക്കാനാണ് ശ്രമിക്കുക. പണം നല്‍കില്ലെന്നു പറഞ്ഞാല്‍ അസഭ്യവര്‍ഷവും ഭീഷണിയും വരെയുണ്ടാകും. സ്ഥരിമായി സംരഭം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ ഇത്തരക്കാരെ പണം കൊടുത്ത് ഒഴിവാക്കുകയാണ് ചെയ്യാറ്. അല്ലെങ്കില്‍ സ്ഥാപനത്തിന് നിരന്തരം ഭീഷണി നേരിടേണ്ടിവരും. ഇതു പ്രവര്‍ത്തനത്തെ ബാധിക്കുമെന്നുള്ള ഭയത്തിലാണ് പലരും പണം നല്‍കുന്നത്.

കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ രക്ഷപ്പെടണമെങ്കില്‍ നോക്കുകൂലി ഇല്ലാതാക്കണമെന്നു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു ആഴ്ചകള്‍ കഴിയും മുമ്ബാണ് കേരളത്തിന് നാണക്കേടായി വീണ്ടും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്. നോക്കുകൂലിയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായപ്പോഴാണ് 2018 മെയ് 1ന് നോക്ക് കൂലി നിരോധിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമ വിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നായിരുന്നു ഉത്തരവില്‍. ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റിറക്ക് എന്നിവയ്ക്ക് തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ ജോലിക്ക് നിയോഗിക്കാമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

ഇതിന് വിരുദ്ധമായി സംഭവിക്കുകയാണെങ്കില്‍ പോലീസ് നടപടി സ്വീകരിക്കുമെന്നായിരുന്നു നിയമത്തില്‍ പറഞ്ഞിരുന്നത്. പക്ഷേ, നിരോധനം കാറ്റിപ്പറത്തിയാണ് ഇത്തരക്കാര്‍ ഗൂഡ സംഘങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്നത്.